വയനാട്ടുകുലവൻ 

Short Story

വയനാട്ടുകുലവൻ 


തീയ്യരുടെ ദൈവമാണ് വയനാട്ടുകുലവൻ. യദുവിന്റെയും അരുണിന്റെയും കുലദൈവവും. പടിഞ്ഞാറെ പറമ്പിലാണ് കുടുംബക്ഷേത്രം. വയനാട്ടുകുലവനാണ് പ്രതിഷ്ഠ. യദുവിന്റെ പേരും പറഞ്ഞാണ്, പ്രതിഷ്ഠക്ക് മുൻപിൽ നിൽക്കുന്ന അച്ഛമ്മ നെഞ്ചുപൊട്ടി കരഞ്ഞത്. കണ്ടുനിന്ന അമ്മ ഒന്നും മിണ്ടിയില്ല. പേരിനുപോലും ഒന്ന് കരഞ്ഞില്ല. 

‘ന്റെ കുഞ്ഞിന്റെ ദുരിതം മാറ്റണെ കുലവാ’ എന്ന് പ്രതിഷ്ഠക്ക് മുൻപിൽ ആത്മാർത്ഥമായിതന്നെ പ്രാർത്ഥിച്ചു. മുണ്ടിന്റെ കോന്തലപ്പുകൊണ്ട് മോറ് വഴി കിനിഞ്ഞിറങ്ങുന്ന കണ്ണീരൊപ്പി അച്ഛമ്മ അമ്മയെ നോക്കി പറഞ്ഞു; 

‘കൊച്ചിന്റെ തന്തേനെ ഉറപ്പിച്ചൊന്നു ചൂണ്ടിക്കാട്ടാൻ പെറ്റിട്ട വയറിന് മാത്രേ പറ്റൂ. അനക്ക് അയ്ന് പറ്റണണ്ടല്ലോ. ബാക്കി ഒക്കെ കുലവൻ കാത്തോളും.’

അമ്മ ഒന്നും മിണ്ടിയില്ല. പകരം ദീർഘമായൊന്നു നെടുവീർപ്പിട്ടു. പടിഞ്ഞാറേ അതിരിന്റെ ചെമ്പകച്ചോട്ടിൽ നിൽക്കുന്ന അരുണിന്റെ കണ്ണപ്പോൾ സ്വഭാവികമായങ്ങ് നിറഞ്ഞു. അരികിൽ നിൽക്കുന്ന യദുവിനെ കണ്ട അവന് നെഞ്ചിനകത്തൊരു നീറ്റൽ വന്നു. വലിയ അറിവൊന്നുമുണ്ടായിട്ടല്ല. കാര്യത്തെക്കുറിച്ച് വലിയ ധാരണ വന്നിട്ടും അല്ല. എന്നാലും അരുണിന് ലേശം കാര്യങ്ങളൊക്കെ അറിയാം. കാര്യത്തിന്റെ ഗൗരവവും അറിയാം. അവനു മാത്രമല്ല, യദുവിനും അറിയാം പലതും. യദു അരുണിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു. ഒരു ഏട്ടന് തന്റെ അനിയനെ എങ്ങനെയൊക്കെ ആശ്വസിപ്പിക്കാനാവുമോ അങ്ങനെയൊക്കെ യദുവിനെ ആശ്വസിപ്പിക്കണം എന്നുണ്ട് അരുണിന്. പക്ഷേ കഴിയുന്നില്ല. ഒരു പതിനൊന്നു വയസ്സുകാരന് തന്റെ അനിയനെ സമാധാനിപ്പിക്കാൻ പറ്റാത്ത അത്രയെന്നോണം അരുൺ തകർന്നുപോയിട്ടുണ്ട്. രമേശൻ ഓട്ടോയുടെ ഹോൺ നീട്ടിയടിച്ചപ്പോൾ ഞെട്ടിയത് അച്ഛമ്മയാണ്. 


Related Articles