വൃദ്ധരുടെ നാട്ടിലെ അവസാനത്തെ ചെറുപ്പക്കാരനും നീലക്കരിമ്പിൻകാട്ടിൽ  വീണ പൂച്ചയും

Short Story

വൃദ്ധരുടെ നാട്ടിലെ അവസാനത്തെ ചെറുപ്പക്കാരനും നീലക്കരിമ്പിൻകാട്ടിൽ വീണ പൂച്ചയും


തോ കാലം ഏതോ നേരം... നരച്ചു തുടങ്ങിയ ആ നാട്ടിൽ നിരത്തുകളിൽ വേഗത്തിൽ വാഹനം ഓടിച്ചു പോകുന്ന യുവാക്കളെ നിങ്ങൾക്ക് കാണാനാവില്ല. ഉച്ചത്തിൽ പാട്ട് വയ്ക്കുന്ന അല്ലെങ്കിൽ ഉച്ചത്തിൽ പാട്ടുപാടുന്ന പൊട്ടിച്ചിരിക്കുന്ന യുവാക്കളുടെ സംഘങ്ങളെ നിങ്ങൾക്ക് കാണാനാവില്ല. അവരുടെ ചിരിയും പ്രസരിപ്പും ചുറുചുറുക്കും വേഗതയും ആവേശവും ആ നാട്ടിലിന്ന് അവശേഷിക്കുന്നില്ല. അവിടെ നിന്ന് അവസാനത്തെ ചെറുപ്പക്കാരനും പോയിട്ട് ഒരുപാട് കാലമായിരുന്നു. സ്വാതന്ത്ര്യവും ഉയർന്ന ജീവിതനിലവാരവും തേടിക്കൊണ്ടിരുന്ന യുവാക്കൾക്ക് ഒട്ടും ആകർഷണീയമല്ലായിരുന്നു ആ നാടിന്റെ അവസ്ഥ. അവർ നാട്ടിൽ ലഭിക്കാത്ത സാധ്യതകളും അവസരങ്ങളും തേടി മറ്റു നാടുകളിലേക്ക് യാത്രയായി. ഏതോ ശിശിരത്തിൽ പഴുത്ത ഇലകളെ നിർത്തിക്കൊണ്ട് പച്ച ഇലകളെ മുഴുവൻ പൊഴിച്ചു കളഞ്ഞ ഒരു മരത്തെപ്പോലെ ആ നാട്ടിൽ വൃദ്ധന്മാർ മാത്രമായി. അവിടെ നിന്നും പോയ അവരുടെ മക്കളെ കാണാൻ അവരെല്ലാം ആഗ്രഹിച്ചുവെങ്കിലും കുട്ടികൾ ആരും ആ നരച്ച നാട്ടിലേക്ക് പിന്നെ തിരിച്ചു വന്നില്ല.  അവരുടെ പൊട്ടിച്ചിരികളും പ്രസരിപ്പും വേഗതയും ചുറുചുറുക്കും വീണ്ടും കാണാൻ അവർ കൊതിച്ചു.  

ആ നാളുകളിൽ ടിവിയിലും പത്രത്തിലും ചുമരുകളിലുമെല്ലാം ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. "ഇതാ നിങ്ങളുടെ അടുത്തേക്ക് വരുന്നു ഈ നാട്ടിലെ അവസാനത്തെ ചെറുപ്പക്കാരൻ, മാതാപിതാക്കളെ സ്നേഹിക്കുന്ന നിങ്ങളുടെ മകനെ പോലെയോ മകളെപ്പോലെ ഒരാൾ" കാണുവാനായി താഴെ സമയവും സ്ഥലവും ടിക്കറ്റിന്റെ വിലയും അതിൽ ചേർത്തിരുന്നു. ആഹ്ലാദത്താൽ വിടർന്ന കണ്ണുകളോടെയാണ് വൃദ്ധന്മാരുടെ ആ സമൂഹം ആ പരസ്യത്തെ വരവേറ്റത്. അച്ഛന്മാർക്കും അമ്മമാർക്കും തങ്ങളുടെ നാടുവിട്ട് പോയ മക്കൾ തിരിച്ചുവന്നതുപോലൊരു തോന്നലുളവാക്കാൻ ആ പരസ്യത്തിനായി. ആ പ്രദർശനം വലിയൊരു വിജയമായി. നാട്ടിലെ നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് അവസാനത്തെ ചെറുപ്പക്കാരന്റെ പ്രദർശനം തുടർന്നു.

അങ്ങനെയാണ് ബബിളിന്റെ വീടിനടുത്തുള്ള നഗരത്തിലേക്ക് വിജയകരമായ ആ പ്രദർശനം വന്നെത്തിയത്. ബബിളും ഭാര്യ ഇമയും ചെറിയ കുന്നിൻ മുകളിലെയാ വീട്ടിൽ ജീവിതം തുടർന്ന് വരികയായിരുന്നു. ഒരുനാൾ രാവിലെ ബബിൾ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ പരസ്യം പിന്നെയും അയാളുടെ കണ്ണിലുടക്കിയത്. സങ്കീർണമായി കെട്ടുപിണഞ്ഞു കിടക്കുന്ന പ്രശ്നങ്ങളുടെ കുരുക്കുകൾ അഴിക്കുന്നതും സമസ്യകൾക്ക് ഉത്തരം കണ്ടെത്തുന്നതും പദപ്രശ്നങ്ങൾ ക്രമത്തിൽ ശരിയാക്കുന്നതുമെല്ലാം അയാളുടെ സ്വഭാവം ആയിരുന്നു. എതു കാര്യത്തെയും സംശയത്തോടെയാണ് അയാൾ സമീപിച്ചിരുന്നത്. ഇമ മനോഹരമായ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. അവളുടെ ചിത്രങ്ങളെ പോലും അയാൾ സംശയത്തോടെയാണ് സമീപിച്ചിരുന്നത്. ആ ചിത്രങ്ങൾ പലതും അയാൾക്ക് മനസ്സിലായിരുന്നില്ല. ബബിൾ മറ്റൊരു പേരിൽ ചില പത്രങ്ങളിലെല്ലാം എഴുതിയിരുന്നു. അത് പക്ഷേ, അയാൾ ഇമയോട് പോലും പറഞ്ഞിരുന്നില്ല. സങ്കീർണമായ കാര്യങ്ങളോടാണ് ബബിളിന് താല്പര്യം. വളരെ അപകടം പിടിച്ച പല അഭിമുഖങ്ങളും അയാൾ ധൈര്യപൂർവ്വം വിജയത്തിൽ എത്തിച്ചിട്ടുണ്ട്.


Related Articles