വിഷുവിനെപ്പറ്റി കാര്യമായ ഒരോർമ്മമാത്രമേ എനിക്കുള്ളൂ. അത് വളരെ കുട്ടിക്കാലത്തേതാണ്. നാലോ അഞ്ചോ വയസ്സു പ്രായമുള്ളപ്പോൾ ഒരു കൈനീട്ടത്തിന്റെയും കൈനഷ്ടത്തിന്റെയും ആഹ്ലാദവും വിഷാദവും അതെന്നും എനിക്കുണ്ടാക്കിയിരുന്നു. ഇപ്പോൾ അതാലോചിക്കുമ്പോൾ എനിക്കൊന്നുമില്ല. നിസ്സംഗമായ ഒരു അന്തർമന്ദഹാസത്തോടെ എനിക്കിപ്പോൾ പറയാം: ഓ, വിഷുവോ?
ഞങ്ങളന്നു താമസിച്ചിരുന്നത് കോട്ടവട്ടമെന്ന ഒരു കുഗ്രാമത്തിലായിരുന്നു. അവിടുത്തെ ധനാഢ്യനായ ജന്മിയായിരുന്നു മുത്തച്ഛൻ. മുത്തച്ഛന്റെ ഗൃഹത്തിൽനിന്ന് വളരെയകലെയല്ലാത്തൊരിടത്ത് ഒരു ചെറിയ വീട്ടിലായിരുന്നു അച്ഛനും അമ്മയും ഞങ്ങൾ കുട്ടികളും താമസിച്ചിരുന്നത്. മുത്തശ്ശിയുടെയും അമ്മാവൻമാരുടെയും ലാളനയും സ്‌നേഹവുമായി ഞങ്ങൾ പകൽസമയങ്ങളിൽ മിക്കവാറും അമ്മാത്തായിരിക്കും. മുത്തച്ഛൻ മരിച്ചുകഴിഞ്ഞ കാലങ്ങളിലാണ് എന്റെ ഓർമ്മ തുടങ്ങുന്നത്. ചെറുപ്പക്കാരനായ വല്യമ്മാവൻ ഭരണഭാരം ഏറ്റുതുടങ്ങിയ കാലം. ആയിടയ്ക്ക് ഒരു ദിവസം അമ്മ പറഞ്ഞു: ""നാളെ വിഷുവാണ്. നിങ്ങളെല്ലാവരും വിഷുക്കണി കാണാൻ അമ്മാത്തേക്കു ചെല്ലണം. വല്യമ്മാവനും മുത്തശ്ശീം പറഞ്ഞയച്ചിട്ടുണ്ട്.'' നിങ്ങളെല്ലാം എന്നു പറഞ്ഞാൽ ചേട്ടൻ, ഞാൻ, ലീല, ശാന്ത. എന്താണ് വിഷു എന്ന് എനിക്കു മനസ്സിലായിരുന്നില്ല. ഞാനതമ്മയോടു ചോദിക്കുകയും ചെയ്തു. പക്ഷേ, എന്നും എല്ലാക്കാര്യത്തിലും എന്നെ മണ്ടനാക്കിവച്ചിരുന്ന ചേട്ടൻ ഇടയ്ക്കുകയറി പുച്ഛത്തോടെ പറഞ്ഞു:
‘"എടാ മണ്ടാ! അതുപോലുമറിഞ്ഞുകൂടെ നിനക്ക്? കൈനീട്ടം കിട്ടുന്ന ദിവസം.’’
സത്യത്തിൽ കൈനീട്ടം എന്നുപറഞ്ഞാലെന്തെന്നും എനിക്കറിയില്ലായിരുന്നു. അമ്മയാണ് പറഞ്ഞുതന്നത്. മാത്രവുമല്ല രാവിലത്തെ വിഷുക്കണിയെപ്പറ്റിയും ഉച്ചനേരത്തെ സദ്യയെപ്പറ്റിയും വിശദീകരിച്ചുതന്നു. സംഗതി ആകപ്പാടെ തരക്കേടില്ല എന്നുതോന്നി. എന്നെയും ചേട്ടനെയും ലീലയെയും നടത്തിയും ശാന്തയെ ഒക്കത്തെടുത്തും അമ്മാത്തേക്കുകൊണ്ടുപോയത് വാളാങ്കുഴി വീട്ടിലെ ലക്ഷ്മിയമ്മ ആയിരുന്നു. വീട്ടുപേര് ചേർത്ത് ബഹുമാനത്തിൽ ലക്ഷ്മിയമ്മ എന്നു ഞാനിപ്പോൾ എഴുതുന്നത് എന്റെ കുറ്റബോധംകൊണ്ടു മാത്രമാണ്. ജന്മിത്വവ്യവസ്ഥയുടെ അന്നത്തെ കാലത്ത് കേവലം പിഞ്ചുകുട്ടികളാണെങ്കിലും ബ്രാഹ്മണരായ ഞങ്ങൾക്ക് പ്രായത്തിൽ എത്ര മുതിർന്നവരായ മറുജാതിക്കാരെയും എടാ, നീ എന്നൊക്കെയുള്ള പ്രത്യയങ്ങൾ ചേർത്ത് പേരുവിളിക്കാമായിരുന്നു. എന്റെ അമ്മയെക്കാൾ പ്രായമുള്ള ഈ സ്ത്രീയെയും ഞങ്ങൾ അങ്ങനെതന്നെയാണ് വിളിച്ചിരുന്നത്. രാത്രി ഉറങ്ങാൻ കിടന്നപ്പോൾത്തന്നെ മുത്തശ്ശി പറഞ്ഞിരുന്നു, രാവിലെ ഉണർന്നാൽ ആരും കണ്ണുതുറക്കരുതെന്ന്. നേരത്തേ കണി കണ്ടുകഴിഞ്ഞ് ആരെങ്കിലും വന്ന് പിടിച്ചെഴുന്നേല്പിച്ച് കണ്ണും പൊത്തിപ്പിടിച്ച് കണികാണാൻ കൊണ്ടുപോകുമെന്ന്. ഞാനും മുരളി അമ്മാവനും ഒരു പായയിലാണ് കിടന്നുറങ്ങിയിരുന്നത്. രാവിലെ ഞങ്ങളെ വന്നു വിളിച്ചുണർത്തിയതും കണ്ണുപൊത്തിപ്പിടിച്ചുകൊണ്ടുപോയതും സുകുമാരനമ്മാവനായിരുന്നു. സുകുമാരനമ്മാവന് ഞങ്ങളെ രണ്ടുപേരെയും അത്ര ഇഷ്ടമല്ലെന്നുള്ള കാര്യം തെല്ലുമോർക്കാതെ ഞങ്ങൾ പിള്ളേർ പിന്നാലേ വേച്ചുവേച്ചു നടന്നു. മുറികളും ഇടനാഴികളും ഒക്കെ കടത്തിക്കൊണ്ടുപോകുന്ന ആ അവസരത്തിലെങ്കിലും ഞങ്ങൾ ആലോചിക്കേണ്ടതായിരുന്നു കണിവച്ചിരിക്കുന്ന ഭജനമുറി ഞങ്ങൾ കിടന്ന മുറിയുടെ തൊട്ടപ്പുറത്തുള്ള തളത്തിന്റെ പടിഞ്ഞാറേ അറ്റത്താണല്ലോ എന്ന്. കാണാൻ പോകുന്ന കണിയുടെ ഉദ്വേഗതയിലും ലഹരിയിലും അതൊക്കെ മറന്നുപോയി. ഒടുവിൽ കല്പടവുകളിറക്കി മുറ്റത്തെത്തിയെന്ന് കാലുകൾ പറഞ്ഞപ്പോൾ സുകുമാരനമ്മാവൻ ഞങ്ങളുടെ കണ്ണുകൾക്ക് സ്വാതന്ത്ര്യം തന്നു. എന്നിട്ടു പറഞ്ഞു:
‘"ഇനി ഭക്തിയോടെ തൊഴുത് പതുക്കെ കണ്ണുതുറന്ന് നോക്കിക്കോളൂ.’’
ഞങ്ങൾ പാവങ്ങൾ തൊഴുതുപിടിച്ച് കണ്ണുതുറന്നു നോക്കുമ്പോൾ കാണുന്നത് ഒരു ആന. ശരിക്കു പറഞ്ഞാൽ ഒരു ആനയുടെ ആസനം. വല്യമ്മാവൻ ആയിടെ കോന്നിയിൽ ലേലത്തിനുപോയി വാങ്ങിക്കൊണ്ടുവന്ന സീത എന്ന ആനയുടെ പിൻഭാഗം. ആനയെ മുറ്റത്തോടു ചേർന്നുള്ള പറമ്പിലെ തെങ്ങിൽ തളച്ചിട്ടിരിക്കുകയായിരുന്നു. ദേഹമാസകലം മണ്ണും പുരണ്ട് വാലുമാട്ടി നിൽക്കുന്ന ആന. ആർത്തുചിരിച്ചുകൊണ്ട് സുകുമാരനമ്മാവൻ നിന്നു. എന്താണ് സംഭവമെന്ന് എനിക്ക് വെളിവായിവരുന്നതിനുമുമ്പ് മുരളിഅമ്മാവൻ കരഞ്ഞുതുടങ്ങി. കരച്ചിൽ കേട്ടുവന്ന വല്യമ്മാവൻ കാര്യം മനസ്സിലാക്കി സുകുമാരനമ്മാവനെ പിടികൂടാൻ ശ്രമിക്കുമ്പോഴേക്കും അദ്ദേഹം ഓടിക്കളഞ്ഞു. ഞങ്ങളെ രണ്ടുപേരെയും സാന്ത്വനിപ്പിച്ച് വല്യമ്മാവൻ ഭജനമുറിയിലേക്കു കൊണ്ടുപോയി.
എന്റെ ഓർമ്മയിലുള്ള ആദ്യത്തെ ആ വിഷുക്കണി അങ്ങനെ എന്നെ കാണിച്ചത് വല്യമ്മാവനാണ്.
ഭജനമുറി നിറയെ ദൈവങ്ങളുടെ വിഗ്രഹങ്ങളായിരുന്നു. ക്ലീൻ ഷേവുചെയ്ത്, കൊമ്പൻമീശയും തലയിൽ ജടാഭാരവും കഴുത്തിൽ സർപ്പഹാരങ്ങളുമായി നിന്ന ശിവന്റെ പടമുള്ള ഒരു കലണ്ടറും കണ്ടതായി നേരിയ ഓർമ്മയുണ്ട്. അകത്ത് അനേകം നിലവിളക്കുകൾ പ്രകാശിച്ചിരുന്നു. ഇരുവശങ്ങളിലുമായി നിരനിരയായി പുഷ്പഹാരങ്ങൾ. ഈശ്വരന്മാരുടെ അനന്തരമായ നിരയ്ക്കും വിളക്കുകളുടെ സ്വർണ്ണനാളങ്ങളുടെ ഇടയിലുമായി ഒരു വെള്ളിത്തളികയിൽ ചുവന്ന വെള്ളരിക്ക, തേങ്ങ തുടങ്ങി പലജാതി ഫലങ്ങൾ, ഒരു പൂവട്ടക നിറയെ ചെത്തിപ്പൂക്കൾ, ഒരു വലിയ പൂപ്പലിക നിറയെ കൊന്നപ്പൂക്കൾ. മഞ്ഞനിറം ഇറ്റിറ്റു വീഴ്ത്തിയിരുന്ന കൊന്നപ്പൂങ്കുലകൾ, ഭജനമുറിയുടെ കമാനം മുഴുവൻ നിറഞ്ഞു തൂങ്ങി
ക്കിടക്കുന്നു.
ഭജനമുറിയുടെ മുന്നിൽ ചമ്രം പടിഞ്ഞിരുന്ന് ഞങ്ങൾ കണികണ്ടു. മുത്തശ്ശി തന്ന കൊന്നപ്പൂക്കളും സ്വർണ്ണമോതിരവും നാണയവും ഇരുകണ്ണിലും ചേർത്തുപിടിച്ച് ഞങ്ങൾ തൊഴുതു. പൂക്കളും മോതിരവും നാണയവും തിരിച്ച് ചെറിയ ഓട്ടുരുളിയിൽത്തന്നെവച്ച് ഞങ്ങൾ
എഴുന്നേല്ക്കാൻ തുടങ്ങവേ വല്യമ്മാവൻ ഞങ്ങൾക്കു രണ്ടാൾക്കും ഓരോ വെള്ളിനാണയം തന്നു പറഞ്ഞു:
‘"കൈനീട്ടം കൊണ്ടുപോയി സൂക്ഷിച്ചുവച്ചോ...’’ ഏതോ ഒരു മൊട്ടത്തലയൻ സായ്പിന്റെ രൂപം കൊത്തിയിരുന്ന ആ വെള്ളിനാണയം മുരളി അമ്മാവൻ വളരെക്കാലം സൂക്ഷിച്ചുവച്ചിരുന്നതായി എനിക്കറിയാം. പിൽക്കാലത്ത് അദ്ദേഹം അതെന്നെ കാണിച്ചുതന്നിട്ടുമുണ്ട്. ഒരുപക്ഷേ, മരിച്ചുപോയ വല്യമ്മാവന്റെ ഓർമ്മയ്ക്കായി അദ്ദേഹമത് ഇന്നും സൂക്ഷിക്കുന്നുമുണ്ടാവാം.
പാവം എന്റെ കൈനീട്ടമാണ് നഷ്ടമായത്. വൈകുന്നേരത്തെ മടക്കയാത്രയിൽ ഞാനും ലക്ഷ്മിയമ്മയും മാത്രമായിരുന്നു. എന്നെ അക്ഷരം പഠിപ്പിക്കാൻ ഒരു അദ്ധ്യാപകൻ വീട്ടിലെത്തുമെന്നതിനാൽ നിർബന്ധിച്ച് പിടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു. കൈനീട്ടം കിട്ടിയ വെള്ളിനാണയം അപ്പോഴും എന്റെ കൈയിൽത്തന്നെ ഒതുക്കിപ്പിടിച്ചുവച്ചിരിക്കുകയാണ്. കാരണം അതൊളിച്ചുവയ്ക്കുവാൻ എനിക്കു കുപ്പായമൊന്നുമുണ്ടായിരുന്നില്ല. പട്ടുകോണകവും പൊന്നരഞ്ഞാണും അറ്റത്ത് മോതിരം തൂക്കിയിടുന്ന മണിമാലയും മാത്രം ധരിച്ചാണ് ഞാനന്ന് ദിഗ്വിജയത്തിനിറങ്ങിയിരുന്നത്. ലക്ഷ്മിയമ്മ എന്റെ കൈയിലെ വെള്ളിനാണയം കണ്ടിരിക്കണം, തീർച്ച. പതിവില്ലാതെ വാത്സല്യത്തിൽ പറഞ്ഞു:
‘"അമ്പാട്ടിക്കുഞ്ഞിന് നടക്കാൻ വയ്യെങ്കിൽ ലക്ഷ്മി എടുക്കാം.’’
ഒരു വലിയ പുരുഷനായി സ്വയം കരുതിയിരുന്ന എന്നെ ഒരു സ്ത്രീ ഒക്കത്തെടുത്തുകൊണ്ട് കവലയിലൂടെ പോകുന്നതും അതുകണ്ട് കളീലയ്യത്ത് നീലകണ്ഠപ്പിള്ളേടെ ചായക്കടയിലും വേലുവിന്റെ ബാർബർഷോപ്പിലുമൊക്കെ ഇരുന്ന് ആളുകൾ ചിരിക്കുന്നതും ഞാൻ ഭീതിയോടെ ഓർത്തു. ഒരുനിമിഷംപോലും സമയം കൊടുക്കാതെ പറഞ്ഞു:
‘"ഞാനോ? നടക്ക്വമാത്രല്ലാ വേണെങ്കി ഓട്വേംകൂടി ചെയ്യാം.’’
ഓടാൻ തുടങ്ങിയപ്പോൾ ലക്ഷ്മിയമ്മ തടുത്തു;
‘"വേണ്ട, മൂക്കു കുത്തി വീഴും.’’
അവർ എന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്നു. എന്നിട്ട് അസാധാരണമായിട്ടൊന്നുമില്ലാത്തതുപോലെ ചോദിച്ചു:
‘"കുഞ്ഞിനെന്തിനാ വെള്ളിരൂപാ?’’
രൂപയുടെ ആവശ്യം എന്തെന്ന് എനിക്കന്നറിയുമായിരുന്നില്ല. വല്യമ്മാവന്റെ വാക്കുകൾ ഓർമ്മിച്ചുകൊണ്ടു പറഞ്ഞു:
‘"സൂക്ഷിച്ചുവയ്ക്കാൻ.’’
ലക്ഷ്മിയമ്മ പറഞ്ഞു:
‘"വെറുതെ വെച്ചിട്ടെന്താ? പൂത്തു ചീത്തയായിപ്പോകും. ലക്ഷ്മിക്കുതന്നാൽ ഒരു മാസത്തേക്ക് പുകയില വാങ്ങിക്കാൻ കാശായി.’’
ലക്ഷ്മിയമ്മ ഭയങ്കര മുറുക്കുകാരിയായിരുന്നു. നാക്കിനും ചുണ്ടുകൾക്കും പല്ലുകൾക്കുമെല്ലാം മുറുക്കാന്റെ കറുത്ത ചുവപ്പായിരുന്നു. വെറ്റിലയും പാക്കും വീട്ടുവളപ്പിൽ കൃഷിയുണ്ട്. ഒരുതരത്തിൽ എന്തോ ഇട്ടിട്ട് വെള്ളമൊഴിച്ച് ചുണ്ണാമ്പുണ്ടാക്കുന്നതും കണ്ടിട്ടുണ്ട്. പുകയില പുനലൂർ ചന്തയിൽ പോയിവേണം വാങ്ങിക്കുവാൻ. അതിനു കാശുവേണം. ഞങ്ങളുടെ വീട്ടിൽ വരാത്ത ദിവസങ്ങളിൽ തലയിൽ വാഴക്കുലയോ കുമ്പളങ്ങയോ അങ്ങനെ എന്തെങ്കിലും ചുമന്നുകൊണ്ടു വീടിന്റെ മുൻവശത്തെ തോടിന്റെ കരയിലൂടെ മരങ്ങാട്ടുകാരുടെ വീടും കടന്ന് കുന്നുകയറി അന്ന് വളരെ അകലെ എന്നു തോന്നിച്ചിരുന്ന പുനലൂർ പട്ടണത്തിലേക്ക് അവർ നടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. മടങ്ങിവരുന്നത് ചിലപ്പോൾ ഞാനും ഞങ്ങളുടെ വീട്ടിലെ കന്നാലിച്ചെറുക്കനായ ഇക്കിരാനുംകൂടി തോട്ടിലേക്കുന്തിനിൽക്കുന്ന പാറയിലിരുന്ന് കളിക്കുകയോ വർത്തമാനം പറയുകയോ ചെയ്യുമ്പോളായിരിക്കും. ഇക്കിരാൻ നല്ലതുപോലെ പാടും, മുളങ്കുഴൽ ഊതും, ധാരാളം കഥകളും പറയും. ഭൂതങ്ങളെയും പ്രേതങ്ങളെയും ഒക്കെ നേരിൽ കണ്ടിട്ടുള്ള ആളാണ് ഇക്കിരാൻ. ലക്ഷ്മിയമ്മയ്‌ക്കെന്തോ ഇക്കിരാനെ ഇഷ്ടമായിരുന്നില്ല. കണ്ടാലുടനെ പറയും:
‘"ഈ കുറവക്കിടാത്തൻ, ഈ നല്ലോരമ്പാട്ടിക്കുഞ്ഞിനെ ചീത്തയാക്കും. പോടാ... പോ! ഇക്കിരാൻ ഒന്നും മിണ്ടാതെ ഓടിപ്പോകും. കന്നാലിയെ മേയ്ക്കാൻപോയപ്പോൾ മാക്കന്നൂർപ്പാറയുടെ ഇടുക്കിലെ മടയിൽ കണ്ട പുലിയെ ഓടിക്കുകയും മുളങ്കുന്നുമ്പുറത്തെ മുള്ളൻപന്നിയെ എറിഞ്ഞു കൊല്ലുകയും ഇടക്കുന്നിലെ കാട്ടുപാലച്ചുവട്ടിലെ യക്ഷിയെ ഇരുമ്പുകത്തി കാണിച്ച് ഭയപ്പെടുത്തുകയും ഒക്കെ ചെയ്തിട്ടുള്ള ഇക്കിരാന് ലക്ഷ്മിയമ്മയെമാത്രം എന്താണിത്ര പേടി എന്നാലോചിച്ചിരിക്കുമ്പോൾ അവർ മടിയിലെ കടലാസുപൊതിയിൽനിന്ന് ശർക്കര കുഴച്ചുണ്ടാക്കിയ നാടൻ പറങ്കിയണ്ടിമുട്ടായിയുടെ ഒരു കഷണം പൊട്ടിച്ചുതരും. മകൻ കുട്ടനുവേണ്ടി വാങ്ങിയതാണ്. വയറിന്റെ ഒരു വശത്ത് ഒരു വണ്ടിന്റെ ആകൃതിയിൽ ഒരു ചെറിയ കറുത്ത മാംസക്കഷണം തൂങ്ങിക്കിടന്നിരുന്ന കുട്ടൻ എന്റെ ചങ്ങാതിയായിരുന്നു. അതിനാലാവാം എന്നോടും ലക്ഷ്മിയമ്മയ്ക്കു താത്പര്യം.
ഞാൻ ഒന്നും മിണ്ടാതെ നടക്കുന്നതുകണ്ടിട്ട് ലക്ഷ്മിയമ്മ വീണ്ടും പറഞ്ഞു:
‘"വെള്ളിരൂപാ സൂക്ഷിച്ചുവച്ചാ പൂത്തു കറുത്തു ചീത്തയായിപ്പോകും. പാവങ്ങൾക്കു തരുകയാണെങ്കിൽ അടുത്ത വർഷത്തെ കണിക്ക് ഇരട്ടിയായി കിട്ടുകേം ചെയ്യും.’’
എനിക്കതൊരു പുതിയ അറിവായിരുന്നു. അടുത്ത വർഷത്തേക്ക് ഇരട്ടിക്കുക. ചേട്ടൻ കാണാതെ ഒളിച്ചുവെക്കേണ്ട ഭാരവുമില്ല. സന്തോഷത്തോടുകൂടിത്തന്നെ ഞാൻ രൂപ കൊടുക്കുകയും ചെയ്തു. അതുവാങ്ങി ഇരുകണ്ണിലും തൊടീച്ചശേഷം ഉടുമുണ്ടിന്റെ കോന്തലയിൽ കെട്ടിക്കൊണ്ട് ലക്ഷ്മിയമ്മ പറഞ്ഞു:
‘"എന്റെ ഓമനക്കുട്ടൻ ഇതാരോടും പറയല്ലേ... പുൻറ്റൂർ പോയിട്ടുവരുമ്പോ പറങ്കിയണ്ടിമുട്ടായി കൊണ്ടത്തരാം, കേട്ടോ...’’
വളരെക്കാലത്തേക്ക് ഞാനതാരോടും പറഞ്ഞിട്ടില്ല. അതിനുള്ള അവസരവും ഉണ്ടായിട്ടില്ല. അടുത്ത വിഷുവിന് മുമ്പ് ഞങ്ങൾ കോട്ടവട്ടം വിട്ട് രാമപുരത്ത് അച്ഛന്റെ നാട്ടിൽ താമസമായി. റബറിന്റെയും കുരുമുളകിന്റെയും ചുക്കിന്റെയും കത്തോലിക്കരുടെയും ആവാസഭൂമിയായ രാമപുരത്ത് കോട്ടവട്ടത്തെമാതിരി വിഷു ആഘോഷമൊന്നുമുണ്ടായിരുന്നില്ല. രാവിലെ കണ്ണടച്ചുചെന്ന് മുല്ലയ്ക്കൽ തേവരെ തൊഴുതു കണികണ്ടിട്ട് ശ്രീരാമക്ഷേത്രത്തിൽ ചെന്ന് കണിതൊഴാം, അത്രയ്‌ക്കൊക്കെ മാത്രം. അന്നുച്ചയ്ക്ക് മുത്തശ്ശി എന്തോ ഒരു പുഴുക്ക് ഉണ്ടാക്കിത്തരാറുള്ളതും ഓർമ്മിക്കുന്നു. കൈനീട്ടം തരുവാനോ വേണമോ എന്നു ചോദിക്കുവാൻപോലുമോ ആരും ഉണ്ടായിരുന്നില്ല. ഒരു വലിയ കൂട്ടുകുടുംബത്തിന്റെ ജനാരണ്യത്തിലെ നിസ്സഹായമായ ബാല്യത്തിൽ ഒരു പഴയ വെള്ളിനാണയത്തിന്റെ പുറത്തെ കറുത്ത പൂപ്പൽപോലെ എന്റെ കോട്ടവട്ടം വാസവും ആദ്യത്തെ വിഷുവും മങ്ങിക്കിടന്നു.
എന്നാൽ വളരെ വർഷങ്ങൾക്കുശേഷം ഒരു വിഷുക്കാലത്ത്, രാമപുരത്ത്, അന്നേക്ക് കൂട്ടുകുടുംബമല്ലാതായിക്കഴിഞ്ഞിരുന്ന എന്റെ വീട്ടിൽവെച്ച് അമ്മ എന്റെ മകൾക്കു നൽകിയ വിഷുക്കൈനീട്ടം അതിന്റെ അർത്ഥവ്യാപ്തിയും പരിശുദ്ധിയും മനസ്സിലാക്കാതെ അവൾ വീട്ടിലെ പരിചാരിക മിനിക്കുട്ടിക്കു കൊടുത്തുകളഞ്ഞു എന്ന പരാതി കേട്ടപ്പോൾ ഞാനീ പഴയ കഥ വീണ്ടും ഓർമ്മിക്കുകയുണ്ടായി. ഒരു പാരമ്പര്യത്തിന്റെ തനി ആവർത്തനം മാത്രം എന്ന സാധൂകരണഭാവത്തിൽ ഒട്ടൊരു നിസ്സംഗതയും ലേശം ഇളിഭ്യതയും കലർന്ന സ്വരത്തിൽ ആദ്യമായി ഞാനത് അമ്മയോടു പറയുകയും ചെയ്തു. പക്ഷേ, അമ്മ കുറ്റപ്പെടുത്തിയത് എന്നെയാണ്:
‘"നിന്റെ കൈനീട്ടം പോയത് നീ ആനയുടെ ആസനം കണികാണാൻ പോയതുകൊണ്ടാ...’’
വ്‌ളാങ്കുഴി വീട്ടിലെ ലക്ഷ്മിയമ്മയ്ക്ക് അമ്മയെക്കാൾ പ്രായക്കൂടുതൽ ഉണ്ടെങ്കിലും അവർ എന്നും തരപ്പടിക്കാരായ സുഹൃത്തുക്കളായിരുന്നു. അമ്മയുടെ ആടിനെ കറന്നുകൊടുത്തിരുന്നതും വീട്ടുജോലികളിൽ സഹായിച്ചിരുന്നതും അവരായിരുന്നു. അപ്പോൾ അമ്മയ്ക്ക് അവരെ കുറ്റപ്പെടുത്തുക വയ്യ. എന്നാൽ ആനയുടെ ആസനം കണികാണാൻ ഇടയാക്കിയത് അമ്മയുടെ സ്വന്തം അനിയനല്ലേ എന്നെനിക്കു ചോദിക്കാമായിരുന്നു. പക്ഷേ, പാടില്ല. കാരണം സുകുമാരനമ്മാവൻ എന്നും അമ്മയുടെ പ്രിയപ്പെട്ട പുന്നാര അനിയനായിരുന്നു. ഗൃഹാതുരത്വത്തിന്റെ പരാഗംപുരണ്ട ഈ പഴയകാലകഥയും പറഞ്ഞ് എന്നോ പൂത്തുകറുത്ത ഒരു വെള്ളിനാണയത്തിന് പലിശസഹിതം അവകാശവാദവും മുഴക്കി ഞാൻ സുകുമാരനമ്മാവന്റെ അടുക്കൽ ചെല്ലുന്നതും അമ്മ ഇഷ്ടപ്പെടുമായിരുന്നില്ല. ഞാൻ അതു മറന്നു എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ വളരെ വർഷങ്ങൾക്കുശേഷം കഴിഞ്ഞകൊല്ലം ഞാൻ വീണ്ടും കോട്ടവട്ടത്തു പോവുകയുണ്ടായി. അമ്മയുടെ ചെറിയമ്മയുടെ മരണവാർത്ത അറിഞ്ഞു പോവുകയായിരുന്നു. കോട്ടവട്ടത്തിന് വളരെ മാറ്റങ്ങൾ വന്നിരുന്നു. പഴയ കാടുകളെല്ലാം റബ്ബർതോട്ടങ്ങളായി. പുതിയ മട്ടുപ്പാവു കെട്ടിടങ്ങൾ, ടാറിട്ട നിരത്ത്, വൈദ്യുതക്കമ്പികളും ടെലഫോൺ കമ്പികളും ഇഴപാകിയ ആകാശം. പുലികൾ താമസിച്ചിരുന്നു എന്ന് ഇക്കിരാൻ പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന മാത്തന്നൂർ പാറയുടെ താഴ്വാരത്തിൽ ഒരു പുതിയ കരിങ്കൽക്ഷേത്രവും കണ്ടു. പഴയ ചുമടുതാങ്ങിക്കല്ലാണ് കവലയിലെത്തി എന്ന് ഓർമ്മിപ്പിച്ചു തന്നത്. പണ്ട് കളീലയ്യത്ത് നീലകണ്ഠപ്പിള്ള ചായക്കട നടത്തിയിരുന്നതെന്ന് സങ്കല്പിച്ച സ്ഥലത്തെ പുതിയ ഹോട്ടലിനു മുന്നിൽ ഞാൻ കാർ നിറുത്തി. ഒരു ചെറിയ ജനസമൂഹം എന്നെയും ഭാര്യയെയും തുറിച്ചുനോക്കി. അപരിചിതത്വത്തിന്റെ ഭാവത്തോടെതന്നയാണവർ ബന്ധുഗൃഹത്തിലേക്കുള്ള വഴി പറഞ്ഞുതന്നതും:
‘"ഇനിയുള്ള വഴി വണ്ടി പോവുകയില്ല. നടന്നുതന്നെ പോകണം.’’
കാർ ഒതുക്കി ലോക്കുചെയ്തിട്ട് ഞങ്ങൾ ഒരു കുണ്ടനിടവഴിയിലൂടെ ഇറങ്ങി നടന്നു. കുട്ടിക്കാലത്ത് അമ്മാത്തേക്കും വീട്ടിലേക്കുമായി അങ്ങോട്ടുമിങ്ങോട്ടും എത്രപ്രാവശ്യം നടന്ന വഴിയാണിതെന്ന് ഞാനോർമ്മിച്ചു. ഇരുവശത്തേയും വീടുകൾ തിരിച്ചറിയുവാൻ ഞാൻ വെറുതെ പരിശ്രമിച്ചു:
കട്ടേൽ രാഘവന്റെ...
പയറ്റുവിള കുഞ്ഞുപിള്ളയുടെ...
മുള്ളുവിള പരമേശ്വരൻനായരുടെ...
ഉണ്ണിത്താൻമാരുടെ...
ഇട്ട്യാകുഴി പ്രഭാകരന്റെ വീടിന്റെ താഴെ, വഴിക്കു കുറുകെ ഒഴുകുന്ന നീർച്ചാലിലെ ചെളിവെള്ളം വസ്ത്രത്തിൽ തെറിക്കാതിരിക്കാൻ ശ്രദ്ധിച്ച് നടക്കുമ്പോഴാണ് ഞാനാ ചോദ്യം കേട്ടത്:
‘"മഠത്തിലെ വല്യമ്പോറ്റിയുടെ മരണം അറിഞ്ഞു വന്നതാ, ഇല്ലിയോ...?’’
ഞാൻ തല ഉയർത്തിനോക്കുമ്പോൾ ആജാനുബാഹുവായ ഒരു വൃദ്ധ ഈറൻവസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു. ഈറൻ തോർത്തുതന്നെ മാറിൽ. കൈത്തണ്ടയിലും നനച്ചു പിഴിഞ്ഞ വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നു. ആളെ പിടികിട്ടിയില്ലെങ്കിലും ആ പരിചിതഭാവത്തെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു:
‘"അതെ.’’
അവർ അല്പംകൂടി അടുത്തുവന്ന് എന്നെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി ആഹ്ലാദത്തോടെ ചോദിച്ചു:
‘"ഇത് നമ്മുടെ ലളിതാംബികക്കുഞ്ഞിന്റെ രണ്ടാമത്തെ മോനല്ലിയോ...?’’
പൊടുന്നനവെ എനിക്കു മനസ്സിലായി പറഞ്ഞു:
‘"അതെ. ഇതാരാ...? വ്‌ളാങ്കുഴിവീട്ടിലെ ലക്ഷ്മിയമ്മയല്ലേ?’’
അവർ തിരുത്തി:
‘"അമ്മേം കിമ്മേമൊന്നുമല്ലേ കുഞ്ഞേ? പഴയ ലക്ഷ്മി, വ്‌ളാങ്കുഴി ലക്ഷ്മി. എന്നിട്ട് എന്റെ ഭാര്യയോടു പറഞ്ഞു:
‘"എന്റെ കൈയീക്കെടന്നു വളർന്ന കുഞ്ഞാ. എനിക്കെപ്പ കണ്ടാലുമറിയാം. എത്രകാലം കഴിഞ്ഞാലുമറിയാം.’’
ഞങ്ങൾ അല്പനേരം സംസാരിച്ചു നിന്നു. എന്റെ അമ്മയുടെ മരണത്തെപ്പറ്റി, അച്ഛന്റെ അസുഖത്തെപ്പറ്റി, എന്റെ കുട്ടികളെപ്പറ്റി. ലക്ഷ്മിയമ്മയുടെ കാര്യം ഞാനും തിരക്കി. വയസ്സ് തൊണ്ണൂറ്റിനാലായി. മക്കളെല്ലാം സുഖമായി കഴിയുന്നു. കുട്ടനും സുഖംതന്നെ. പക്ഷേ, ലക്ഷ്മിയമ്മ തനിച്ച് ഒരു കൂരയുണ്ടാക്കി തന്നെത്താൻ കഴിയുന്നു. വയ്യാതാവുമ്പോൾ മതിയല്ലോ മക്കളെ ബുദ്ധിമുട്ടിക്കാൻ. ഞാൻ അത്ഭുതപ്പെട്ടുപോയി. തൊണ്ണൂറ്റിനാലു കഴിഞ്ഞിട്ടും...
പിരിയാൻനേരത്ത് ഞാൻ അൻപതു രൂപയുടെ ഒരു നോട്ടെടുത്ത് നീട്ടി. അതു വാങ്ങി ഇരുകണ്ണുകളിലും ഭക്തിപൂർവ്വം തൊടീച്ചുകൊണ്ട് എന്റെ ഭാര്യയോടു പറഞ്ഞു:
‘"എവിടെ ആയാലെന്താ? എത്ര വലിയ ആളായാലെന്താ? ലക്ഷ്മിയെ മറക്കത്തില്ല. പൊടിക്കുഞ്ഞായിരുന്നപ്പോൾ വിഷുക്കൈനീട്ടം കിട്ടിയ വെള്ളിരൂപാപോലും ലക്ഷ്മിക്കു തന്ന കുഞ്ഞാ...’’
പൊടുന്നനവെ, പൂപ്പലില്ലാത്ത ആ പഴയ വെള്ളിനാണയം എന്റെ ഉള്ളിൽ കിടന്നു തിളങ്ങി. ബാല്യത്തിന്റെ സങ്കടത്തോടും പരിഭവത്തോടുംകൂടി ഞാൻ പറയുവാനായുകയായിരുന്നു:
ലക്ഷ്മിയമ്മേ! അന്നത്തെ ആ വെള്ളിനാണയം ഇരട്ടിച്ചില്ല. പിന്നെ ഒന്ന് അതുപോലെ തരാനും ആളുണ്ടായില്ല. വല്ലാത്തൊരു ചതിയായിപ്പോയി. ലക്ഷ്മിയമ്മയുടെ വാക്കുകൾ വെറുതെയായിപ്പോയി. ഞാനതു പറയുന്നതിനുമുമ്പ് അവർ തുടർന്നു:
‘"ആ മനഃസ്ഥിതി ഉള്ളതുകൊണ്ടാ എല്ലാ ദൈവകാരുണ്യോം അനുഗ്രഹോം. ഞാനന്നേ പറഞ്ഞതാ ആ വെള്ളിനാണയം ഇരട്ടിക്കുമെന്ന്. ഇന്നിപ്പോ അമ്പതുരൂപയായി ലക്ഷ്മിയുടെ കൈയിൽത്തന്നെ അതീന്നൊരംശം വന്നുവീണില്ലേ...? അതും വിഷുക്കൈനീട്ടമായിത്തന്നെ.’’
തിരിഞ്ഞ് അമ്പലത്തിന്റെ ഭാഗത്തേക്കുനോക്കി തൊഴുതുകൊണ്ടു വീണ്ടും പറഞ്ഞു:
"‘എന്റെ ഭഗവതീ, ഇന്നു വിഷുവായിട്ട് നീ എനിക്ക് കണി പൊലിച്ചുതന്നല്ലോ...''
ഞാനൊന്നും പിന്നിടു പറഞ്ഞില്ല. എന്താണ് ദൈവകാരുണ്യവും അനുഗ്രഹവുമെന്നു ചോദിച്ചതുമില്ല. അവരുടെ സങ്കല്പലോകത്തിൽ ഞാനിപ്പോൾ ഒരു കൊച്ചുപുണ്യാളനായിരിക്കാം. എന്തിനാ വിഗ്രഹമുടയ്ക്കുന്നു? അല്ലെങ്കിൽ ഇത്രയും വർഷങ്ങൾക്കുശേഷം ഞാനെന്തിനായി ഈ വിഷുദിവസംതന്നെ ഇവിടെ വന്നുചേരണം? കാലത്തിന്റെ ഈ കുണ്ടനിടവഴിയിൽ ഇവരെ വീണ്ടും കണ്ടുമുട്ടണം?
തൊണ്ണൂറ്റിനാലു കഴിഞ്ഞ ആ വൃദ്ധയോട് ഉടനെ വീണ്ടും വരാമെന്നും അപ്പോൾ മകനെയും മകളെയും കാണിക്കാമെന്നും വൃഥാ വാഗ്ദാനവും നല്കി ഞങ്ങൾ പിരിഞ്ഞു. ബന്ധുഗൃഹത്തിലേക്കു നയിക്കുന്ന കയറ്റത്തിലൂടെ ഞങ്ങൾ നടക്കാനാരംഭിക്കവേ പിന്നിൽ റോഡിലെ നീർച്ചാലു മുറിച്ച് ഇടതുവശത്തെ പാടവരമ്പിലൂടെ ലക്ഷ്മിയമ്മ കടന്നുപോയി. കാലം ഒരു കൂനുപോലും ആ ശരീരത്തിനു നൽകിയിരുന്നില്ല.
നിരത്ത് കളിമണ്ണുനിറഞ്ഞതും ഇന്നലത്തെ മഴയത്ത് കുഴഞ്ഞു വഴുക്കുന്നതുമായിരുന്നു. വീഴാതിരിക്കാനുള്ള ബദ്ധപ്പാടോടെ പ്രയാസപ്പെട്ടങ്ങനെ കയറ്റം കയറുമ്പോൾ ഭാര്യ എന്നോടു ചോദിച്ചു:
‘"എന്താ ആ സ്ത്രീ ഒരു പഴയ വെള്ളിരൂപയുടെ കാര്യം പറഞ്ഞുകേട്ടത്?’’
ഭാര്യ നഗരത്തിൽ ജനിച്ചുവളർന്നതും കോൺവെന്റിൽ പഠിച്ച് ബിരുദങ്ങൾ നേടിയവളും ആയിരുന്നു. അവൾക്ക് പഴയകാല കേരളത്തിലെ ഗ്രാമീണജീവിതത്തിന്റെ ദൈന്യതയും ദാരുണതയും സ്‌നേഹബന്ധങ്ങളുടെ ലാളിത്യവും മനസ്സിലായി എന്നുവരില്ല. കാട്ടെരിക്കിന്റെ പൂക്കൾ അവൾ കണ്ടിട്ടുതന്നെ ഉണ്ടാവില്ല. ഇലയൊന്നുപോലുമില്ലെങ്കിലും മുള്ളുകളുടെ നടുക്കാണെങ്കിലും പൂക്കളാൽ മന്ദഹസിക്കുന്ന കാട്ടെരിക്കുകൾ, കൊച്ചുകൊച്ചു മോഹങ്ങളെപ്പോലെ... നനുത്ത പ്രതീക്ഷകൾപോലെ. പണ്ടത്തെ ഒരു വിഷുക്കാലത്തെ ഒരു കൈനീട്ടത്തിന്റെയും കൈനഷ്ടത്തിന്റെയും ആഹ്ലാദവിഷാദങ്ങൾ എന്റെ മനസ്സിൽ നിലാവും നിഴലും വിരിച്ചെങ്കിലും അവയെ മറയ്ക്കുന്ന നിസ്സംഗമായ ഒരു മന്ദഹാസത്തോടെ പണ്ടേ നിന്റെ ഭർത്താവ് ഉദാരനായ ഒരു മഹാനായിരുന്നു എന്ന സൂചനയോടെ ഞാൻ പറഞ്ഞു:
‘"ഓ! പണ്ട് കുട്ടിക്കാലത്ത് ഞാനാ സ്ത്രീക്കൊരു വെള്ളിരൂപാ കൊടുത്തു. പാവം! ഇപ്പോഴുമത് ഓർമ്മിച്ചിരിക്കുന്നു.’’
മരണവീട്ടിലേക്കുള്ള വഴിയിലൂടെ മറിഞ്ഞുവീഴാതിരിക്കാൻ പാടുപെട്ടുകൊണ്ട് ഞങ്ങൾ നടന്നു.
