ഒന്ന്
നീലനിറത്തിലെ ടാർപായ വലിച്ചുകെട്ടിയ കുറ്റി പിന്നെയും അടിച്ചുതാഴ്ത്തി കഴിഞ്ഞ് കട്ടൻ ഊതികുടിക്കുമ്പോൾ ചന്ദനത്തിരി മണമെത്താത്ത ദൂരത്തേക്ക് ഉണ്ണി മാറിനിന്നു. ചാവുതട്ടാതെ മാറിനിന്ന കുളിക്കാൻ മടിയുള്ളവരുടെ കൂട്ടത്തിലേക്ക് വലിച്ച് നീട്ടാത്ത സങ്കടമുള്ള ചിരിയുമായി അയാൾ കയറിച്ചെന്നു.
"ശാരദേട്ടി കുടുംബശ്രീക്ക് പോയിറ്റാമ്പോല്ലേ സംഭവം. മറ്റേ ജാന്വേട്ടിയില്ലേ.. പൊഴേന്റെ അപ്രത്തെ. അവരെ വീട്ടിലാന്ന് മീറ്റിങ്ങിണ്ടായേ. ശാരദേട്ടി പോയിറ്റ് കൊറച്ച് കഴിഞ്ഞിറ്റാന്ന് ഗോപാലേട്ടൻ കോവണീന്ന് തട്ടീം തടവീം താഴെ വീണത്. ആരും കണ്ടിറ്റുല്ല, കേട്ടിറ്റുല്ല, ഗോപാലേട്ടൻ എണീറ്റിറ്റുല്ല. കമ്പിളി ചുരുട്ടിയിട്ട പോലെയാന്ന് ഗോപാലേട്ടൻ കിടക്കുന്ന്ണ്ടായെ. നിട്ടപ്രാണം ശാരദേട്ടി മോളെ കൊറേ വിളിച്ചു. എന്താക്കാൻ?, ഒച്ച പൊറത്ത് വരണ്ടേ. രണ്ട് കണ്ടം അപ്രത്താന്ന് സുമേഷേട്ടന്റെ വീട്. സുമത്യേച്ചീനെ ഓറാന്ന് കെട്ട്യത്. രജിസ്ട്രാപ്പിസ്ന്ന് ഇണ്ടായത് മങ്ങലം. അധികാരും ഇണ്ടായിറ്റ. ഇവരെ വീട്ടീന്ന് കുക്കറ് വിസിലടിച്ചാ ആട കേക്കും. അത്ര അടുത്ത്. അവര് ആദ്യേ പോവാൻ നിക്ക്ന്ന്ണ്ടായെ.. ഗൾഫിലേക്ക്. ഒച്ചയില്ലാണ്ട് വിളിച്ചിറ്റ് ലാസ്റ്റ് കഴിഞ്ഞാഴ്ച വാങ്ങിയ ബോണി ചുമരിന് ചറപറാന്ന് അടിച്ചിറ്റാണ് സുമേഷേട്ടൻ ശ്രദ്ധിച്ചതന്നെ. ഞാനാന്ന് അത് വാങ്ങാൻ ഒപ്പരം പോയത്. ആ ടാക്കീസിന്റെ ബാക്കിൽത്തെ പീടിയ. നല്ല പീടിയാന്ന്ട്ടാ, സെലക്ഷനിണ്ട്.. ഇപ്യെല്ലാരും ലാസ്റ്റ് കൃഷ്ണൻ നായരെ ഹോസ്പിറ്റലിൽ കൊണ്ടോവുമ്പേക്ക് ഗോപാലേട്ടൻ ഐസിലിട്ട ചെമ്മീനെപ്പോലായിന്.. പാവം മൻച്ചൻ"
