അന്ന് കുറേയധികം ജഡ്ജ്മെന്റുകളുള്ള ദിവസമായിരുന്നു. അതുകൊണ്ട് പതിവിലും നേരത്തെ ഞാൻ കോടതിയിലെത്തി. രാവിലെ മുതൽ തുടർച്ചയായി ടൈപ്പ് ചെയ്യുമ്പോൾ ചില ദിവസങ്ങളിൽ തോൾ മുതൽ വിരലുകളുടെ തുമ്പുവരെ വേദനപടരും. എത്ര ക്ഷീണമുണ്ടെങ്കിലും എത്ര വേദനിച്ചാലും എത്ര വയ്യായ്മ തോന്നിയാലും നമ്മുടെ പണി നമ്മൾ ചെയ്തല്ലേ പറ്റൂ.
കോർട്ട് കോംപ്ലക്സിന്റെ പ്രധാനവാതിൽ കടന്ന് ഒന്നാം നിലയിലേക്ക് നടക്കുമ്പോൾ പതിവുപോലെ ഞാൻ കോടതിമുറികളിലേക്ക് ഒന്ന് കണ്ണോടിച്ചു. വലതുവശത്ത് JFCM-I. ഇടതുവശത്ത് JFCM-II, JFCM-III. താഴെ മുൻസിഫ് കോടതി. തൊണ്ടിറൂമുകൾ. ഓരോ കോടതിയുടെയും ഓഫീസുകൾ. ഞാൻ JFCM-I ലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്നു.
സമയം ഒമ്പത് മണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ബെഞ്ച് ക്ലർക്കിന്റെ മേശപ്പുറത്ത്, ഞാൻ ടൈപ്പ് ചെയ്ത് തീർക്കേണ്ട ഒരു ഫയൽ കിടപ്പുണ്ടായിരുന്നു. അതെടുക്കാനായി ഞാൻ കോടതിമുറിയിലേക്ക് കയറി. വാതിൽ തുറന്നതിന്റെ ശബ്ദം ശൂന്യമായ കോർട്ട് ഹാളിൽ അസാധാരണമായി മുഴങ്ങി.
