വേട്ട

Short Story

വേട്ട


"ഇയ്യിങ്ങനെ ഒരുങ്ങി നിന്നാ ണ്ടല്ലോ, മാനത്ത്ന്ന് ഇടിമിന്നലിന്റെ ഒരു കഷ്ണം ഭൂമീല് വന്ന് വീണതാന്ന് തോന്നും."

ജന്മങ്ങൾക്കു പിന്നിൽനിന്ന് രാരിച്ചൻ സ്വകാര്യം പറഞ്ഞപ്പൊ കണ്ണാടീല് ചെമ്മരത്ത്യമ്മായീടെ മൊഖം തുടുത്തു. അറുപത് വയസ് മുഖത്ത് കുറച്ച് ചുളിവ് വരുത്തിയതൊഴിച്ചാൽ അവരിപ്പളും ഒരു മിന്നൽത്തുണ്ട് തന്നെ. പളപളാ മിന്നുന്ന കസവുമുണ്ടും നെറ്റിയിലെ ചുവന്ന വട്ടപ്പൊട്ടും അലസമായി കെട്ടിയ മുടിയിലെ ചെമ്പരത്തിപ്പൂമാലയും കണ്ണാടിയിൽ നിന്നവരെ തിരികെ നോക്കിച്ചിരിച്ചു. കോർത്തുവെച്ച രണ്ടാമത്തെ ചെമ്പരത്തിമാലയെടുത്ത് അവർ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു. തൊടിയുടെ മൂലയ്ക്ക് അറ്റം ചെത്തിപ്പോയ ഒരു കല്ലിരിക്കുന്നുണ്ട്. ഓർമ്മവച്ച കാലംതൊട്ട് അമ്മയും അമ്മൂമ്മയും അതിൽ മാല ചാർത്തുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ അതാരാണെന്നോ എന്താണെന്നോ ആരും പറഞ്ഞു തന്നിട്ടില്ല. ആരോടും ചോദിച്ചിട്ടുമില്ല. എന്നാലും എന്നും മുടങ്ങാതെ അവർ രണ്ടു ചെമ്പരത്തിമാല കെട്ടും. ആദ്യത്തേത്, കനം കൊണ്ട് തൂങ്ങി നീണ്ടുകിടക്കുന്ന സ്വന്തം മുടിയിൽ ചൂടും. രണ്ടാമത്തേത്, തൊടിയിലെ പേരറിയാത്ത കല്ലിന്. ചെമ്മരത്ത്യമ്മായിക്ക് ലോകത്തെറ്റോം ഇഷ്ടം ചെമ്മരത്ത്യമ്മായീനെത്തന്ന്യാണ്. അവനോനുള്ളതെടുത്തിട്ടേ ദൈവത്തിനുള്ളതാണേലും അവര് കൊടുക്കൂ. അതോണ്ട് ചെമ്മരത്ത്യമ്മായിക്കല്ലാതെ വേറെയാർക്കും ചെമ്മരത്ത്യമ്മായീനെ ഇഷ്ടല്ലാന്നാണ് നാട്ടില് പൊതുവെയുള്ള സംസാരം. അത് മുഴുവനായി ശരിയല്ലെന്നെല്ലാവർക്കും അറിയാം. എന്നാലും ആരും പകൽവെളിച്ചത്തിലതങ്ങനെ സമ്മതിച്ചു തരാറില്ല. സംഗതിയിങ്ങനൊക്കെ ആണെങ്കിലും ചെമ്മരത്ത്യമ്മായിക്കതൊന്നും ഒരു പ്രശ്നേ അല്ല. അവരങ്ങനെ ചുവന്നുതുടുത്ത് എല്ലാര്ടേം കണ്ണുനീറ്റി തലയുയർത്തിപ്പിടിച്ചു നിന്നു.

അങ്ങനെ, ചെമ്മരത്ത്യമ്മായീടെ അന്നത്തെ പതിവുള്ള തൊടിയിലെ പുഷ്പാർച്ചനയ്ക്കിടെയാണ് കടപടെന്നൊരലർച്ച അതിരിനപ്പുറത്ത് നിന്നു വന്നത്. നാട്ടിൽ ആഢ്യത്തം തൂങ്ങിപ്പിടിച്ചു നിക്കണ തറവാട്ടിലെ പേരക്കുട്ടീടെ സ്ഥലാണ്. അമേരിക്കേലോ ബിലാത്തീലോ എവിടെയോ പോയ ചെക്കൻ കെട്ട്യോളും കുട്ട്യോളും ആയി തിരിച്ചെഴുന്നള്ളത്തുണ്ടെന്ന് കഴിഞ്ഞാഴ്ച കേളു മൂപ്പര് പറഞ്ഞേര്ന്നു. നാട്ടിലെ പ്രമാണിയാണെന്നുള്ള വെലയൊന്നും അക്കരെ സായിപ്പമ്മാര് കൊട്ക്ക്ണില്ലാന്ന്. ചെക്കനാണേൽ കല്യാണവീട്ടില് ചെന്നാ കല്യാണച്ചെക്കനാവണംന്ന്ള്ള ഒരുത്തൻ. അപ്പോപ്പിന്നെ ഇനി ള്ള കാലം നാട്ടിലൊരു കൊട്ടാരം കെട്ടി വാഴാം ന്നാണ് തീരുമാനം.


Related Articles