ഏറ്റവും പരിചിതമായ ആ ബസ്‌സ്റ്റോപ്പിൽ ഇറങ്ങി. സ്കൂൾ വിട്ടുപോകുന്ന കുട്ടികളുടെ വലിയ തിരക്കുണ്ട്. അവർക്കിടയിൽ ബസ്സ് കാത്തെന്നവിധം നിന്നു. ബസ്സുകൾ വരുകയും അവിടം ഒഴിഞ്ഞുകൊണ്ടിരിക്കുകയും അവസാനം സ്മൃതിമാത്രം ബാക്കിയാവുകയും ചെയ്തു. വെയിൽ മങ്ങി.
മനസ്സിൽ ഒന്നുമില്ല. ഒരു തേങ്ങൽപോലുമില്ല.
സ്മൃതി നടന്നുചെന്ന് ഗേറ്റ് തുറന്ന് ബെല്ലടിച്ചു.
വീട്ടിലെ സ്ത്രീ വന്നു വാതിൽ തുറന്നു. അവരുടെ കൈയിൽ ഒരു മുയൽ ഉണ്ടായിരുന്നു. അവർക്കു സ്മൃതിയെ മനസ്സിലായില്ല.
“കുറച്ചു വെള്ളം.” സ്മൃതി ചോദിച്ചു.
വെള്ളമെടുത്തു മടങ്ങിവന്നപ്പോൾ സിറ്റൗട്ടിലെ കസേരയിൽ സ്മൃതി ഇരിക്കുകയാണ്. വെള്ളം കിട്ടിയതും വേഗം കുടിച്ചു.
“എന്തുപറ്റി?” സ്മൃതിക്ക് ഉത്തരമില്ലായിരുന്നു.
“വാഷ്റൂം...” സ്മൃതി എഴുന്നേറ്റു. അകത്തേക്ക് കടന്നു. ഒരു മുറിയിൽ മാത്രമാണ് അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ളത്. മറ്റൊന്ന് സ്റ്റെപ്പുകൾക്കടിയിലാണ്. ഡൈനിങ് ടേബിളിനപ്പുറത്ത്. പെട്ടെന്നങ്ങ് കാണാൻ പറ്റാത്തിടത്ത്. സ്മൃതി ചിരപരിചിതത്തോടെ അവിടേക്ക് നടന്നു.
വാതിലിൽ വലിയ കൊട്ടുകേട്ടാണ് സ്മൃതി ഉണർന്നത്. തുറന്നുവെച്ച പൈപ്പ് ബക്കറ്റ് നിറഞ്ഞ് ഒഴുകുകയാണ്. കാലിലേക്കു താഴ്ത്തിയിട്ട പാന്റീസ് അതിൽ നനഞ്ഞിട്ടുണ്ട്. സ്മൃതി വേഗം പാന്റീസ് ഊരി പിഴിഞ്ഞു. എന്നിട്ട് ആ നനവോടെ അതെടുത്തിട്ടു.
വാതിൽതുറന്നപ്പോൾ വീട്ടിലെ സ്ത്രീ നീരസം മറച്ചു വെക്കാൻ പണിപ്പെട്ട് സൗമ്യത വരുത്തി: “അല്ല കുറേ നേരമായി... വയ്യേ...”
സ്മൃതി തളർച്ചയോടെ സോഫയ്ക്കരികിലേക്ക് നടന്നു. “ഞാനിവിടെ കുറച്ചുനേരം ഇരുന്നോട്ടെ...” മകൻ ടിവിവെച്ചിട്ടുണ്ട്. സ്മൃതിയെ അവൻ ശ്രദ്ധിച്ചതേയില്ല. സ്മൃതി ടിവിയിലേക്കുനോക്കി ഇരുന്നു. വീട്ടിലെ സ്ത്രീയെ കിച്ചണിലെ വിസിലൊച്ച വിളിച്ചു.
മകൻ ഓടിച്ചെന്ന് വിളിച്ചപ്പോൾ വീട്ടിലെ സ്ത്രീ കിച്ചണിൽ നിന്ന് ഹാളിലേക്ക് വന്നു. സ്മൃതിയുടെ കണ്ണ് നിറഞ്ഞൊഴുകുകയാണ്. പക്ഷേ, കരച്ചിലിന്റെ ശബ്ദമില്ല. വലിയ കരച്ചിലുകൾക്കു ശബ്ദമില്ല, എന്നറിയാവുന്ന വീട്ടിലെ സ്ത്രീ സ്മൃതിയുടെ അടുത്തിരുന്നു.
“എന്താണ് മാഡം... എന്തുപറ്റി നിങ്ങൾക്ക്?” ടി.വി ഓഫ് ചെയ്ത് സ്മൃതിയെ തട്ടിവിളിച്ചു.
“ഞാനൊന്ന് കിടന്നോട്ടെ.” കിടക്കാനായി സോഫയിലേക്ക് സ്മൃതി ചാഞ്ഞു.
“അകത്തേക്കു കിടന്നോളു.” വീട്ടിലെ സ്ത്രീ കട്ടിലിലെ തുണികൾ എടുത്തുമാറ്റി. സോഫയിൽനിന്ന് സ്മൃതിയെ എഴുന്നേല്ക്കാൻ സഹായിച്ചു.
“ആരാ എന്താ... എന്നറിയാതെ...” വിവരം വിളിച്ചുപറഞ്ഞപ്പോൾ ഭർത്താവ് വീട്ടിലെ സ്ത്രീയോടു പരിഭവിച്ചു.
“ചിലപ്പോൾ പീരിഡ്സിന്റെ വല്ല പ്രശ്നവുമാകും...” വീട്ടിലെ സ്ത്രീ ഭർത്താവിനോട് സംശയം പറഞ്ഞു.
“ആരാണവർ... എന്താണവരുടെ പേര്?” ഭർത്താവ് ചോദിച്ചു.
“എനിക്കറിയില്ല... ഇനി നിങ്ങളെയെങ്ങാനും തിരക്കി വന്നതാണോ?” വീട്ടിലെ സ്ത്രീക്ക് അപ്പോൾ അങ്ങനെ ഒരു തമാശയാണുതോന്നിയത്.
പക്ഷേ, ഫോൺ വെച്ചുകഴിഞ്ഞപ്പോൾ താൻപറഞ്ഞ തമാശ, വീട്ടിലെ സ്ത്രീയുടെ ഉള്ളിൽതന്നെ പതിയെ വളരാൻതുടങ്ങി.
അവൾ ഭർത്താവിനെ വീണ്ടും വിളിച്ചു: “നിങ്ങൾതന്നെ വന്നു തിരക്കൂ, ആരാണ് എന്താണ് എന്നെല്ലാം.”
ഭർത്താവ് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞു: “ഞാനെന്തിന് ചോദിക്കണം... നീ ചോദിക്കൂ...”
“അവരീ വീട്ടിൽ മുൻപുവന്നിട്ടുണ്ട്... അതെനിക്ക് ഉറപ്പാ.” വീട്ടിലെ സ്ത്രീയും ശബ്ദമുയർത്തി.
“എന്നവരു പറഞ്ഞോ?” ഭർത്താവിന്റെ ശബ്ദത്തിലെ പരുങ്ങൽ വീട്ടിലെ സ്ത്രീയെ കൂടുതൽ സംശയാലുവാക്കി.
“നിച്ചു വേഗം വരണം...” വീട്ടിലെ സ്ത്രീയുടെ ശബ്ദത്തിന് കനം കൂടി.
“നീ എന്താണു പറയുന്നത്... നൈറ്റുംകൂടി നിന്നാലേ തീരൂ... പറഞ്ഞതല്ലേ.” ഭർത്താവ് ഒച്ചയില്ലാതെ പറഞ്ഞു.
വീട്ടിലെ സ്ത്രീക്ക് ഭർത്താവിന്റെ മുഖത്തെ മിന്നായങ്ങൾ എന്തെന്നു കാണാൻതോന്നി. രണ്ടാം വട്ടം വീഡിയോക്കോൾ ചെയ്തപ്പോഴാണ് ഭർത്താവ് എടുത്തത്.
“എന്താ... എന്തുപറ്റി?” ഭർത്താവിൽ ആശങ്ക.
വീട്ടിലെ സ്ത്രീ അയാളെ സസൂക്ഷ്മം നോക്കി, എന്നിട്ട് ചോദിച്ചു: “അവരെ കാണണോ?”
വീട്ടിലെ സ്ത്രീ അവർ കിടന്നുറങ്ങുന്ന മുറിയിലേക്ക് നടന്നു. ഫ്രണ്ട് ക്യാമറ ഓൺ ചെയ്താണ് നടക്കുന്നതെങ്കിലും ഭർത്താവിന്റെ മുഖത്തുതന്നെ നോക്കി.
സ്‌മൃതി കണ്ണടച്ചാണു കിടക്കുന്നത്. ഒച്ചയുണ്ടാക്കാതെ നടന്ന് സ്മൃതിയുടെ അടുത്തുചെന്ന് ക്യാമറ മുഖത്തേക്ക് അടുപ്പിച്ചു. കണ്ണടച്ചുകിടന്ന സ്മൃതി പെട്ടെന്ന് ഞെട്ടിയുണർന്നു.
“അല്ല... ഹസ്ബെൻഡിന് നിങ്ങളോടു സംസാരിക്കണമെന്ന്...” വീട്ടിലെ സ്ത്രീ ഫോൺ സ്മൃതിക്കുകൊടുത്തു.
ഫ്രണ്ട് ക്യാമറയിലായിരുന്നു ഫോൺ. സ്മൃതി ക്യാമറയുടെ സെറ്റിങ് സെൽഫിയാക്കി: “ഹലോ...”
ഭർത്താവ് ചോദിച്ചു: “അല്ല... ഞങ്ങൾക്ക് ആരാണെന്നു മനസ്സിലായില്ല.”
സ്മൃതി പറഞ്ഞു: “സോറി... നിങ്ങൾക്ക് എന്നെ അറിയില്ല.”
ഭർത്താവ്: “പിന്നെ...”
സ്മൃതി: “കുറേക്കാലം മുൻപ് ഞങ്ങളീ വീട്ടിൽ റെന്റിനു താമസിച്ചിട്ടുണ്ട്.”
“ഞങ്ങളിതു വാങ്ങിയിട്ടിപ്പോ...” ഭർത്താവ് ഓർക്കാൻ നോക്കി.
“നാലു വർഷം കഴിഞ്ഞു.” വീട്ടിലെ സ്ത്രീക്ക് ഓർമ്മയുണ്ട്.
“അല്ല... പെട്ടെന്ന് എന്താ... വയ്യേ...” ഭർത്താവ് ചോദിച്ചു. “അതെ... ഈ വഴി പോയപ്പോ...” സ്മൃതി നുണ പറഞ്ഞു.
“പേര്?” ഭർത്താവ് പരിചയപ്പെട്ടു.
“സ്മൃതി.” സ്മൃതി സത്യം പറഞ്ഞു.
“ഫോണൊന്ന് മാലുവിനു കൊടുക്കുമോ?” വീട്ടിലെ സ്ത്രീ ഫോൺ വാങ്ങി. പുറത്തേക്കുനടന്നു. മുറ്റത്തേക്കിറങ്ങി ലൈറ്റിട്ടു.
“മാലൂ... നോർമൽ കോൾ ചെയ്യൂ.” ഭർത്താവ് പറഞ്ഞു.
“പരിചയമുള്ള വീടായതുകൊണ്ട് കയറിയതാകും.” വീട്ടിലെ സ്ത്രീ പറഞ്ഞു.
“അവരോട് സംസാരിക്കൂ... എന്നെ കിട്ടുന്നില്ലേൽ ഡൊമിനിക്കിനെ വിളിച്ചാൽ മതി. സ്റ്റുഡിയോയിൽ കയറും ഞാൻ.”ഭർത്താവ് വേഗം ജോലിയിലേക്കു തിരികെ പോയി.
ഒരു ദിവസം വീട്ടിൽ തിരികെ ചെന്നപ്പോൾ മുയലും വീട്ടിലുണ്ട്, ചിക്കു എന്നതിനു പേരുമുണ്ട്. “വിചാരിക്കുന്നപോലല്ല, മാലൂ... നമ്മളങ്ങ് ഇമോഷണലി കണക്ടാകും. നമ്മുടത്ര ആയുസ്സ് ഇവർക്കൊന്നുമില്ല... വെറുതേ വെഷമിക്കും.” ഭർത്താവന്നു തടയാൻ നോക്കിയതാണ്.
“ആയുസ്സൊക്കെ ആർക്കാണുള്ളത് നിച്ചു.” വീട്ടിലെ സ്ത്രീയെ തടയാനായില്ല.
അകത്തേക്കുകയറിച്ചെന്നപ്പോൾ സ്മൃതി സോഫയിൽ വന്നിരിക്കുകയാണ്. മൂന്നു കാലുകളുള്ള മുയൽ മുറിയിൽ ഓടിക്കളിക്കുന്നുണ്ട്.
“സോറി... ഞാൻ...” വന്നുകയറി ഇത്രനേരമായി ഉണ്ടാക്കിയ ബുദ്ധിമുട്ടിന് സ്മൃതി ക്ഷമചോദിക്കാൻ ഒരുങ്ങിയപ്പോൾ തടഞ്ഞു: “ഞങ്ങൾക്കറിയില്ലായിരുന്നല്ലോ. പറഞ്ഞുമില്ല...”
“ശരിക്കും ഞാനിങ്ങോട്ടുതന്നെ വന്നതാണ്.” സ്മൃതി പറയാൻ ശ്രമിച്ചു.
“ഞങ്ങൾ ഇവിടെയായിരുന്നു താമസം തുടങ്ങിയത്...അന്നിത് കോളിങ്ബെല്ലില്ലാത്ത വീടായിരുന്നു. അയലത്തന്ന് കുറേ പിള്ളേരുണ്ട്. കോളിങ് ബെല്ലടിച്ച് അവരുടെ കളി കൂടിയപ്പോൾ ബെല്ല് പറിച്ചുകളഞ്ഞതാണ്. കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, കിട്ടുന്ന സമയത്തെല്ലാം ഉമ്മവെപ്പും സെക്സുമെല്ലാമല്ലേ... അപ്പോഴേക്കും പിള്ളേരുവന്നു ബെല്ലടിക്കും. സാലുവിന് ദേഷ്യം വന്നു. ബെല്ല് കേടായെന്ന് എല്ലാവരോടും നുണപറയും...”
“ഇപ്പോ... ബെല്ലുണ്ടോ?” സ്മൃതി ചോദിച്ചു.
വീട്ടിലെ സ്ത്രീ സ്മൃതിക്കായി ബെല്ലടിച്ചു.
കിളിയുടെ ശബ്ദമുള്ള ബെല്ലുകേട്ടപ്പോൾ മുയൽ വാതിൽക്കലേക്ക് ഓടിച്ചെന്നു.
സാലുവിന്റെ ദേഷ്യത്തിന് പോകപ്പോകെ സ്മൃതിയോടും മറഞ്ഞിരിക്കാനുള്ള കെല്പില്ലാതായി. ദേഷ്യം എന്നൊക്കെ പറഞ്ഞാൽ എന്തിനെന്നില്ല. ചിലപ്പോൾ അയാളോടുതന്നെയായിരിക്കും ദേഷ്യം. നമുക്കു പേടിതോന്നും. സ്വപ്നത്തിൽ നിന്നൊക്കെ ദേഷ്യപ്പെട്ട് ഉണരും.
“എനിക്ക് പേടിയായിത്തുടങ്ങി.” സ്മൃതിക്കിപ്പോൾ, അതുപറയുമ്പോൾ പേടിയില്ല.
സ്മൃതിയുടെ ഒരു ബ്രദറുണ്ട്. സ്മിതോഷ്, കുറച്ചുകാലം കൂടെയുണ്ടായിരുന്നു. സ്മൃതി ഗർഭിണിയായപ്പോൾ കൂട്ടു നിൽക്കാൻ വന്നതാണ്. അവനക്കാലത്ത് വയലിൻ വായിക്കാൻ പഠിക്കുന്നുണ്ട്. വീട്ടിൽ വന്നിരുന്നു പ്രാക്ടീസ് ചെയ്യും. പഠിക്കുകയല്ലേ... കൂടുതലും അപശബ്ദങ്ങളായിരിക്കുമല്ലോ. സാലുവിന് അവന്റെ വയലിൻ കേൾക്കുമ്പോൾ ദേഷ്യം വരാൻ തുടങ്ങി. ഗർഭത്തിലിരുന്ന് കുഞ്ഞിതല്ലേ കേൾക്കുന്നത്... കുഞ്ഞിനിത് ശരിയാവില്ലെന്നായി സാലു.
“കുഞ്ഞുങ്ങൾക്ക് അതൊക്കെ സെൻസ് ചെയ്യാൻ പറ്റും. രാഘവൻ ഉള്ളിലുള്ള സമയത്ത് ഞാൻ മ്യൂസിക് കേൾക്കും. നിച്ചു എന്നും പുതിയ മ്യൂസിക് കൊണ്ടുവരുമായിരുന്നു.” വീട്ടിലെ സ്ത്രീ ഓർത്തു.
സ്മിതോഷ് രാവിലെയും രാത്രിയും വയലിൻവായനതന്നെ. സ്വന്തം സഹോദരനല്ലേ, സ്മൃതിക്ക് അതത്ര അലോസരമായില്ല. ആ വയലിൻശബ്ദങ്ങൾക്കിടയിൽ നിന്ന് അവൻ വായിക്കുന്ന പാട്ടുകൾ ഏതെന്നു കണ്ടെത്താൻ ശ്രമിച്ചു. പലപ്പോഴും അതുപോലും മനസ്സിലാകില്ല. പിന്നെ സ്മൃതി അതു കേൾക്കാതെയായി. സ്മിതോഷിനോടായി സാലുവിന്റെ ദേഷ്യം.
“വിശക്കുന്നുണ്ടോ?” വീട്ടിലെ സ്ത്രീ സ്മൃതിയോടു ചോദിച്ചു.
“ഉണ്ട്.” സ്മൃതി പറഞ്ഞു.
സ്മൃതിയും പിന്നാലെ ചെന്ന് അടുക്കളവാതിൽ തുറന്നു: “ഈ കറിവേപ്പ് ഞാൻ നട്ടതാണ്.”
“വീട് നോക്കാൻവന്നപ്പോ, ഞാനാദ്യം ശ്രദ്ധിച്ചത് ഈ വേപ്പാ... അതിനുമുൻപ് ഞങ്ങളും റെന്റിനായിരുന്നു പലയിടത്തും. എല്ലായിടത്തു ചെല്ലുമ്പോഴും ചട്ടിയിൽ നട്ടുനോക്കും. ഒന്നും വളരില്ല. ഒരിടത്തുവെച്ച് രണ്ടു വർഷത്തോളം ഒന്നു കിട്ടി. ഞങ്ങളൊന്ന് അവധിക്കു നാട്ടിൽ പോയിവന്നപ്പോൾ അതും കരിഞ്ഞുപോയി.” വീട്ടിലെ സ്ത്രീയും ഓർത്തു.
“അമ്മാ... എനിക്കുതോന്നുന്നു ഈ ആന്റി ഒരു ഗോസ്റ്റാണെന്ന്...” ഇത്രനേരം മറ്റെന്തൊക്കെയോ ചെയ്യുകയാണെന്നവിധം സ്മൃതിയെ നിരീക്ഷിച്ച മകൻ വീട്ടിലെ സ്ത്രീയോടു പറഞ്ഞു. അതിന് അവന്റേതായ കാരണങ്ങൾ ഉണ്ടാകും. “ആ ആന്റി കയറിവന്ന സമയത്ത് ചിക്കു വേറൊരു ശബ്ദമുണ്ടാക്കി ഫ്ലോറിൽ കറന്റടിച്ചതുപോലെ വീണു... അപ്പോഴാണ് അമ്മ അവളെ എടുത്തത്... പിന്നെ അമ്മ കിച്ചണിലേക്കു പോയപ്പോൾ ആന്റിയും ഞാനുംമാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ, അപ്പോളാന്റി ചിരിക്കാൻ തുടങ്ങി... റിയലി ഫസ്റ്റ് ആന്റി ചിരിക്കുകയായിരുന്നു...” അവൻ കഥയുണ്ടാക്കുകയാണ്.
“ഏയ്... കരയുകയായിരുന്നല്ലോ.” വീട്ടിലെ സ്ത്രീ മകനെ തിരുത്തി.
“എത്രകാലം ഇവിടെ ഉണ്ടായിരുന്നു?” വീട്ടിലെ സ്ത്രീ ചോദിച്ചു.
“മൂന്നാലു വർഷമൊക്കെ... അതിനിടയ്ക്ക് അനിയൻ ആക്സിഡന്റായി.” സ്മൃതി പറഞ്ഞു, എന്നിട്ട് ചിരിച്ചു. ആ ചിരി, ചിരിയല്ലെന്ന് സ്മൃതിക്കു മനസ്സിലായി.
സാലുവിന്റെ ബൈക്കിനു പിന്നിലിരുന്നാണ് സ്മിതോഷ് രാവിലെ കോച്ചിങ്ങിനുപോയിരുന്നത്. എങ്ങോട്ടെങ്കിലും പോകാൻ റെഡിയായാൽ പോകും മുൻപ് സ്മിതോഷിന് ഒരു താമസമുണ്ട്. ഫോൺ എടുക്കാൻ മറന്നിട്ടുണ്ടാകും... അല്ലെങ്കിൽ പെട്ടെന്നൊരു ബാത്ത്റൂമിൽപോക്ക്. അങ്ങനെ ആകപ്പാടെ ഓടിച്ചെന്ന് സാലുവിന്റെ ബൈക്കിൽ കയറിയതാണ്. മുന്നോട്ടെടുത്ത ബൈക്കിൽനിന്ന് സ്മിതോഷ് പിന്നിലേക്ക് തെറിച്ചുവീണു. കുറേ ദിവസം ബോധമില്ലാതെ കിടന്നു. രക്ഷിക്കാനായില്ല.
“അയ്യോ.” വീട്ടിലെ സ്ത്രീ സ്മിതോഷിന്റെ മരണം ഓർത്താണ് ഞെട്ടിയതെങ്കിലും അതേ നിമിഷം ഈ വീട്ടിൽ ഒരു ദുർമരണം നടന്നിട്ടുണ്ട് എന്നതും തിരിച്ചറിഞ്ഞു. അയലത്തുള്ളവരും അതേപ്പറ്റി ഇതുവരെ പറഞ്ഞിട്ടില്ല. പേടിപ്പിക്കണ്ടെന്നു കരുതിക്കാണും.
“ഞാനാകെ ഡിപ്രഷനിലായി. എനിക്ക് പ്രെഗ്നനൻസി കണ്ടിന്യു ചെയ്യാൻ തോന്നിയില്ല. അനിയനെ ഞാൻ കൊന്നതല്ല, പക്ഷേ, നീ എന്റെ കുഞ്ഞിനെ കൊന്നുവെന്നായി സാലു. മെന്റലി ഞാനാ സമയത്ത് ഫിറ്റല്ലായിരുന്നു. എത്ര പറഞ്ഞിട്ടും സാലുവിനത് മനസ്സിലാകുന്നേ ഇല്ലായിരുന്നു. ഞാനീ വീട്ടിൽ ഒറ്റയ്ക്കായി. അപ്പോൾ വീണ്ടും ഞാൻ സ്മിതോഷിന്റെ വയലിനൊക്കെ ഇങ്ങനെ കേൾക്കാൻ തുടങ്ങി.” സ്മൃതി പെട്ടെന്ന് നിശ്ശബ്ദമായി.
വീട്ടിലെ സ്ത്രീ, വീട്ടിലെ ശബ്ദങ്ങൾ ശ്രദ്ധിച്ചു. പെട്ടെന്ന് ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്കു ചാടിയതുകേട്ട് ഞെട്ടി. സ്മൃതി മോട്ടർ ഓഫ് ചെയ്തു. വെള്ളം പിന്നെയും വീഴുന്നുണ്ട്, സ്മൃതി വേഗം പോയി ബാത്ത്റൂമിലെ പൈപ്പ് തുറന്ന് ബക്കറ്റ് നിറച്ചു. പുറത്തേക്കുവീഴുന്ന വെള്ളത്തിന്റെ ശക്തി കുറഞ്ഞു.
സ്മൃതി വീട്ടിൽ നുണപറഞ്ഞാണ് ഇറങ്ങിയത്. ഓഫീസിലെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന്.
“ഞങ്ങൾ ഇവിടെ ഇല്ലായിരുന്നു എങ്കിലോ...” വീട്ടിലെ സ്ത്രീ ചോദിച്ചു.
“ഈ വീടുതന്നെ ഇവിടുണ്ടാകും എന്നു ഞാൻ കരുതിയില്ല...” സ്മൃതി പറഞ്ഞു. പിന്നെ ഓർത്ത് സാങ്കല്പികമായി ഉത്തരം പറഞ്ഞു: “മൂൺലൈറ്റില്ലേ... അവിടെ റൂമെടുത്തേനേ...”
“മൂൺലൈറ്റോ!” വീട്ടിലെ സ്ത്രീക്ക് അതെന്താണ് എന്നറിയില്ല.
സാലുവിന്റെ ദേഷ്യം കൂടിക്കൊണ്ടിരുന്നു. സ്മൃതിയുടെ അകൽച്ചയും കൂടി. സെക്സ് ചെയ്യാൻ ശ്രമിച്ചുനോക്കി. സാലുവിന്റെ മദ്യപിച്ച മണം സഹിക്കാനാകാതെ സ്മൃതി ഛർദ്ദിച്ചു. പിറ്റേന്നുമുതൽ തലയ്ക്കാകെ ഒരു മത്ത് പിടിച്ചതുപോലെ. ഒരു വലിഞ്ഞുമുറുകൽ. വീണ്ടും പ്രെഗ്നനന്റായോ എന്നു പോയി നോക്കി. അതൊന്നുമല്ല. ഒരു മനംപുരട്ടൽ... പെട്ടെന്നൊരു തോന്നലിൽ സ്മൃതിയും വയലിൻക്ലാസിൽ ചേർന്നു. സ്മിതോഷിന്റെ വയലിനൊക്കെ അവന്റെ സാധനങ്ങളുടെ കൂടെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. സ്മൃതി ഒരു പുതിയ വയലിൻ വാങ്ങി. അതെല്ലാം സാലുവിന് കുറ്റപ്പെടുത്തലായാണു തോന്നിയത്. ഓരോ വഴക്കിന്റെയും അവസാനം പലവട്ടം സാലു വയലിൻ നിലത്തെറിഞ്ഞു പൊട്ടിച്ചു. അപ്പോഴെല്ലാം സ്മൃതി വേറേ വാങ്ങി. പൊട്ടിയ വയലിനെല്ലാം പെറുക്കി ക്കൂട്ടി ബാഗിൽ തിരിച്ചുവെച്ചു. സാലുവിനു കാണാൻ പറ്റുന്ന നിലയിൽ അതെപ്പോഴും ഹാളിൽ ഉണ്ടായിരുന്നു.
സ്മൃതിയും വീട്ടിലെ സ്ത്രീയും കുഞ്ഞും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
“പേരെന്താ?” സ്മൃതി ചോദിച്ചു. അവനല്ല സ്ത്രീയാണ് പറഞ്ഞത്: “രാഘവ്.” അവൻ സ്മൃതിയെ അവളറിയാതെ നോക്കുന്നുണ്ട്. “അവന്റെ തിയറിയിൽ സ്മൃതി ഒരു ഗോസ്റ്റാണ്.” വീട്ടിലെ സ്ത്രീ അടക്കം പറഞ്ഞു ചിരിച്ചു. “അയ്യോ കുഞ്ഞ് പേടിച്ചിരിക്കുകയാണോ?” സ്മൃതിക്ക് തമാശതോന്നിയില്ല.
“ഏയ് എന്തു പേടി. ഗോസ്റ്റിനെ തുരത്താൻ അവനിപ്പോൾ മെത്തേഡ് ഡെവലപ്പ് ചെയ്തുകാണും.” വീട്ടിലെ സ്ത്രീക്ക് മകന്റെ നീക്കങ്ങൾ നന്നായറിയാം.
പാത്രങ്ങൾ കഴുകി ബെഡ്റൂമിലെത്തി വീട്ടിലെ സ്ത്രീ മുയലിനെ വിളിച്ചു. കട്ടിലിന് അടിയിലോ, സോഫയുടെ മുകളിലോ ചിക്കുവിനെ കാണാനില്ല. മകന്റെ മുറിയിലും തപ്പി. മുറ്റത്തിറങ്ങിനോക്കി. സ്മൃതിയും കൂടെയിറങ്ങി. മതിലിനു പുറത്തുനോക്കി. ദൂരെ ചിക്കുവിന്റെ നിഴൽ കണ്ടു. അവർ മുയലിനടുത്തേക്ക് വേഗം നടന്നു. ഒരു മുടന്തുള്ളതിനാൽ അത്ര വേഗത്തിലല്ല ഓടുന്നത്. വീടിനുമുന്നിലെ റോഡ് ചെന്നു കയറുന്നത് ഹൈവേയിലേക്കാണ്. അതു മുറിച്ചുകടന്നാൽ ടൗണിലേക്കെത്താം. ചിക്കു മൂന്നു കാലുകൾ നീട്ടി ഹൈവേ കടന്നു. സ്മൃതിയാണ് വേഗം നടന്നത്. പെട്ടെന്ന് കോഴികളേയും കയറ്റിവന്ന ഒരു ലോറി കടന്നുപോകാൻ സ്മൃതി കാത്തു നിന്നു. കോഴികളുടെ ശബ്ദവും മണവും കടന്നുപോയി. വീട്ടിലെ സ്ത്രീയും ഒപ്പമെത്തി സ്മൃതിയുടെ കൈപിടിച്ച് വേഗം റോഡ് കടന്നു. ഒറ്റയ്ക്കായിരുന്നുവെങ്കിൽ വീട്ടിലെ സ്ത്രീക്കു റോഡ് മുറിച്ചുകടക്കാൻ പറ്റില്ല, അത്രയ്ക്കു പേടിയാണ്.
അപ്പുറം കടന്നപ്പോൾ മുയലിനെ കാണാനില്ല.
എതിരേ നടന്നുവന്ന ഒരു കുടുംബത്തോട് സ്മൃതിയാണു ചോദിച്ചത്: “ഒരു മുയൽ അങ്ങോട്ടുവരുന്നതു കണ്ടോ?”
“മുടന്തുള്ളതല്ലേ.” അവർ ചിക്കുവിനെ കണ്ടു.
റോഡരികിലാദ്യം പച്ചക്കറിമാർക്കറ്റാണ്. നാളത്തേക്കുള്ള പച്ചക്കറികൾ ലോറിയിൽ വന്നിട്ടുണ്ട്. ഉതിർത്തിയിട്ട കാബേജിന്റെ ഇലകൾ തിന്നുന്ന ചിക്കുവിനെ കണ്ട് അടുത്തേക്കുചെന്നതും പിടിതരാതെ ചിക്കു പിന്നെയും മുന്നോട്ടോടി.
തടിയുള്ള പടികൾ ഓടിക്കയറുന്ന ചിക്കുവിന്റെ പിന്നാലെ സ്മൃതിയും വീട്ടിലെ സ്ത്രീയും കയറി. മൂൺലൈറ്റിലേക്കാണ് ചിക്കു കയറിപ്പോകുന്നതെന്ന് സ്മൃതിക്ക് അറിയാമായിരുന്നു. ഇടനാഴിയുടെ അറ്റത്ത് പതുങ്ങിയിരുന്ന ചിക്കുവിനെ വീട്ടിലെ സ്ത്രീ എടുത്തു.
റൂം നമ്പർ 204-ന്റെ മുന്നിലൂടെ കടന്നുപോയപ്പോൾ, അതിഥികൾ ഒഴിഞ്ഞ റൂമിലെ ബെഡ്ഷീറ്റും മാറ്റിവിരിക്കുകയായിരുന്നു ഹോട്ടൽജീവനക്കാർ.
ലോക്ക് ചെയ്തിട്ടില്ലാത്ത 204-ലേക്ക് സാലു കയറി വരുമ്പോൾ സ്മൃതി കട്ടിലിൽ ചാരിയിരുന്ന് ഒരാപ്പിൾ മുറിക്കുകയായിരുന്നു. സംഗീതാവട്ടെ സ്മൃതിയുടെ കാല്പാദത്തിൽ മസാജ് ചെയ്തുകൊണ്ട് കട്ടിലിനടുത്തേക്കു വലിച്ചിട്ടിരുന്ന് ചായ കുടിക്കുകയും. സാലുവിനെ കണ്ട് സ്മൃതി പെട്ടെന്ന് കാല് വലിച്ചു.
“ആരു കണ്ടാലും ഒരു സെക്സ് കഴിഞ്ഞപോലുണ്ടാകുംഅതു കാണുന്നത് ഭർത്താവാകുമ്പോഴോ.” സ്മൃതി ചിരിച്ചു. വീട്ടിലെ സ്ത്രീയും സ്മൃതിയും വീട്ടിലെ കട്ടിലിൽ ഇരിക്കുകയാണ്.
ഡൊമിനിക്കിനെ വിളിച്ചിട്ടാണ് വീട്ടിലെ സ്ത്രീക്ക് ഭർത്താവിനെ ലൈനിൽ കിട്ടിയത്. “അവരും ആദ്യത്തെ ഹസ്ബെൻഡും ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് അവർ ഡിവോഴ്സായി. ഇന്ന് അയാൾ മരിച്ചു. സ്മൃതി അതറിഞ്ഞപ്പോൾ അപ്സെറ്റായി ഇങ്ങോട്ടുവന്നതാ.” വീട്ടിലെ സ്ത്രീ കാര്യങ്ങൾ പറഞ്ഞു.
“അപ്പോ അവരുടെ വീട്ടിലോ.” ഭർത്താവിന് സംശയം.
“എനിക്ക് ഫോൺ തന്നു, ഞാൻ സ്മൃതിയുടെ ഹസ്ബെൻഡിനോടു സംസാരിച്ചു.” വീട്ടിലെ സ്ത്രീ ഭർത്താവിനെ സമാധാനിപ്പിച്ചു.
“നമ്മളെന്തിനാ ഇതൊക്കെ...” ഭർത്താവിനു ദേഷ്യമാണ് വന്നത്.
“നിച്ചു... അവരൊരു സ്ത്രീയാണ്. സമാധാനത്തിനുവേണ്ടിവന്നതാകും.’' വീട്ടിലെ സ്ത്രീക്കു സ്മൃതിയെ മനസ്സിലാകുന്നുണ്ട്.
“അവര് വല്ല സൂയിസൈഡ് ചെയ്യാനെങ്ങാനും വന്നതാണെങ്കിലോ?” ഭർത്താവിന് അങ്ങനെയൊക്കെയാണ് തോന്നിയത്.
“ഏയ് അതൊന്നുമില്ല... ഈ രാത്രിയിലെ കാര്യമല്ലേ... ഞാൻ മാനേജ് ചെയ്തോളാം.” പറഞ്ഞത് അങ്ങനെയാണെങ്കിലും വീട്ടിലെ സ്ത്രീക്കും ഒരു ഭയം തോന്നാതിരുന്നില്ല.
മൂൺലൈറ്റിലെ 204-ൽ ഉണ്ടായിരുന്നത് ആരാണെന്നൊന്നും ചോദിക്കാൻ വീട്ടിലെ സ്ത്രീക്കു തോന്നിയില്ല. സംഗീത്, നല്ലപേര് എന്നുതോന്നി. സംഗീത് എന്ന പേരുള്ള ആരെയെങ്കിലും തനിക്കറിയാമോ എന്നാലോചിച്ചു.
കഴുകിയ ബെഡ്ഷീറ്റ് എടുത്ത് മാറ്റിവിരിച്ചു. സ്മൃതിക്ക് ഉടുക്കാൻ നൈറ്റികൊടുത്തു. പുതിയ ബ്രഷും സോപ്പും കൊടുത്തു. സ്മൃതി കുളിക്കാൻ കയറിയപ്പോൾ മകന്റെ റൂമിൽ ചെന്നുനോക്കി. കുളിച്ചിറങ്ങിയ സ്മൃതി നനഞ്ഞ പാന്റീസ് മുറിയിലെ കസേരയിൽ ഉണങ്ങാനിട്ടു.
അവൻ ഇനിയും ഉറങ്ങിയിട്ടില്ല.
“അമ്മ... ഭയങ്കര റിസ്കാണ് അമ്മ എടുത്തിരിക്കുന്നത്. അവർക്ക് എന്തോ റിവഞ്ചുണ്ട്. ഞാൻ എന്തായാലും ഡോർ ലോക്ക് ചെയ്യും.” മകന്റെ പ്രേതകഥയൊക്കെ കേട്ട് വീണ്ടും ചിരിക്കാൻ തോന്നിയെങ്കിലും വാതിൽ അടയ്ക്കുമെന്ന അവന്റെ ‘തൻകാര്യനോട്ടം’ വീട്ടിലെ സ്ത്രീക്കു ക്ഷമിക്കാൻ കഴിഞ്ഞില്ല.
“അവർ ഒരു ഗോസ്റ്റാണേലും ഇല്ലേലും രാഘവ് ഡോർ അടയ്ക്കുന്നില്ല...” വീട്ടിലെ സ്ത്രീ അത്രയും ശക്തമായി ഇതേവരെ അവനോട് ഒന്നും പറഞ്ഞിട്ടില്ല.
“ഞാൻ പപ്പയെ വിളിക്കും.” രാഘവ് പറഞ്ഞു.
“പപ്പയെ ഒന്നും രാഘവ് വിളിക്കുന്നില്ല... പേടിയുണ്ടേല്... അമ്മയുടെയും ആന്റിയുടെയും കൂടെവന്നു കിടന്നോ.” വീട്ടിലെ സ്ത്രീ രാഘവിന്റെ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു.
ഡോർ അടയ്ക്കും എന്ന് രാഘവ് പറഞ്ഞത് വീട്ടിലെ സ്ത്രീയുടെ മനസ്സിൽ തികട്ടിവന്നു.
“സ്മൃതിക്ക് മക്കളെത്രയാ?” കുളിച്ചുവന്നതും ചോദിച്ചു.
“രണ്ടാളുണ്ട്, ഞങ്ങളുടെ കല്യാണം നടക്കുമ്പോഴേ അവരുണ്ട്... വലിയ പിള്ളേരാ. മൂത്തയാളും ഞാനുമായിട്ട് നാലഞ്ചു വയസ്സ് ഡിഫറൻസേ ഉള്ളൂ.” സ്മൃതി ഫോണിൽ നിന്നും അവരുടെ ഫോട്ടോ എടുത്തു.
“സുന്ദരികൾ.” വീട്ടിലെ സ്ത്രീ സ്മൃതിയുടെ കുഞ്ഞുങ്ങളെ കണ്ടു.
“അവരുടെ അമ്മയുടെ ലുക്കാ.” സ്മൃതിക്ക് മക്കളെ പുകഴ്ത്തിയത് ഇഷ്ടമായി.
“അവർക്കിതൊന്നും അറിയില്ലേ?” വീട്ടിലെ സ്ത്രീക്ക് ചോദിക്കാൻ മടിതോന്നിയില്ല.
“അതെല്ലാം ഇവരോടു പറയാൻ തോന്നിയില്ല... പുള്ളിക്കാരനും പിള്ളേരും വേറൊരു വൈബിൽ പോകുവല്ലേ... അതിനിടയിൽ എന്റെ സ്റ്റോറി, ഡിസ്റ്റർബൻസുണ്ടാക്കും എന്നല്ലേ ഉള്ളൂ.” പറയാൻ സ്മൃതിക്കും മടിതോന്നിയില്ല.
ഒരുറക്കം വിട്ട് എഴുന്നേറ്റപ്പോൾ, വീട്ടിലെ സ്ത്രീക്കൊപ്പം കട്ടിലിൽ മകൻ കിടപ്പുണ്ട്. ലൈറ്റിട്ടുനോക്കി. സ്മൃതിയെ കാണുന്നില്ല. ഒരു വയലിന്റെ ശബ്ദം കേൾക്കാം. വീട്ടിലെ സ്ത്രീക്ക് പെട്ടെന്നൊരു തരിപ്പ് കയറി. മകൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അവനും എഴുന്നേറ്റു: “ആ ആന്റിയാ...”
മകൻ പറയുന്നത് മനസ്സിലായില്ല. “ആന്റി കരയുകയായിരുന്നു... പിന്നെ പുറത്തേക്കുപോയി...”
പുറത്ത് പടികളിൽ സ്മൃതി ഇരിപ്പുണ്ടായിരുന്നു. മുയലിനെ മടിയിൽവെച്ച് പതിയെ തഴുകിക്കൊണ്ട്. സ്മൃതിയുടെ ഫോണിൽനിന്നാണ് വയലിൻ കേൾക്കുന്നത്.
“ഉറങ്ങുന്നില്ലേ?” വീട്ടിലെ സ്ത്രീ അവർക്കൊപ്പം പടിയിലിരുന്നു.
“ഉറങ്ങാൻ പറ്റുന്നില്ല മാലു.” സ്മൃതി ചിരി വരുത്തി.
“മോനുറങ്ങിക്കോ... ഞാൻ ആന്റിയുടെകൂടെ ഇരിക്കാം.” വീട്ടിലെ സ്ത്രീ മകനോടു പറഞ്ഞു.
“വേണ്ട... കിടന്നോ... ഞാനിങ്ങനെ കുറച്ചുനേരം...” സ്മൃതി അഭ്യർത്ഥിച്ചു.
വീട്ടിലെ സ്ത്രീ, സ്മൃതിയെ വിട്ട് എഴുന്നേറ്റു. വേഗം പോയി ഉറങ്ങി. നേരിയശബ്ദത്തിൽ വയലിൻ കേട്ടുറങ്ങി.
പിറ്റേന്നു രാവിലെ മകനെ സ്കൂളിൽ വിടാനുള്ള ധൃതിയിൽ സ്മൃതിയും കൂടെക്കൂടി. ബ്രേക്ക്ഫാസ്റ്റ് ഒന്നിച്ചുകഴിച്ച് പാത്രമെല്ലാം കഴുകിവെച്ച് സ്മൃതി ഒരുങ്ങിത്തുടങ്ങി. അവളുടെ ബ്ലൗസിനിണങ്ങുന്ന ഒരു സാരി വീട്ടിലെ സ്ത്രീകൊടുത്തു. വീട്ടിലെ സ്ത്രീ ഉണങ്ങാനിട്ട പാന്റീസിൽ തൊട്ടുനോക്കി. ഉണങ്ങിയിട്ടുണ്ട്.
പതിവുപോലെ വീട്ടിലെ സ്ത്രീ ഒറ്റയ്ക്കായി. അവർ പത്രം എടുത്ത് ചരമപേജിൽനോക്കി, സ്മൃതിപറഞ്ഞ മരണവാർത്ത അതിൽ തിരഞ്ഞു. സാലു എന്ന പേരുമാത്രമാണ്, സ്മൃതിയുടെ ഭർത്താവിനെക്കുറിച്ചറിയാവുന്നത്.
സാലുവിനെ തിരഞ്ഞ് വിരലോടിച്ചു വീട്ടിലെ സ്ത്രീ ഒരു മരണവാർത്തയിലെത്തി. വീട്ടിലെ സ്ത്രീയുടെ കണ്ണു നിറയുകയും ഒരു കരച്ചിൽവന്ന് തൊണ്ടയിൽ തടയുകയും പുറത്തേക്കുപോരാതിരിക്കുകയും ചെയ്തു.
പുറത്തേക്കുപോരാത്ത ആ കരച്ചിലുമായി വീട്ടിലെ സ്ത്രീ വേഗം ഒരുങ്ങി. ഒരു പാന്റീസ് പ്രത്യേകം ബാഗിലേക്ക് എടുത്തു വെച്ചു. പുറത്തു ചെടികൾക്കിടയിൽ ഒരു ചിത്രശലഭത്തിനു പിന്നാലെ ഓടുകയായിരുന്ന ചിക്കുവിനെ വീടിനകത്തേക്കുവെച്ച് വാതിൽപൂട്ടി, താക്കോൽ ചെടിച്ചട്ടിയുടെ അടിയിൽ വെച്ച് വേഗം റോഡിലേക്കിറങ്ങി.
ബസ്സിറങ്ങി പരിചിതമായ വഴിയിലൂടെ നടന്നു. വീടിന്റെ ഗേറ്റ് കടന്നു. ഡോർബെല്ലടിച്ചു കാത്തു നിന്നു.
അകത്തുനിന്നും ഡോറിന്റെ കുറ്റിയെടുക്കുന്ന ശബ്ദം കേൾക്കാം.
