പ്രജാക്ഷേമതത്പരനായ ഒരു രാജാവ്. അദ്ദേഹത്തിൻ്റെ രാജ്യത്ത് എല്ലാ ജനങ്ങളും സന്തുഷ്ടർ, സംതൃപ്തർ. ഒരിക്കൽ രാജാവ് വിചിത്രമായ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൻ്റെ സൂചനയെന്തെന്നറിയാൻ രാജഗുരുവിനോട് വിശദമായി അതിനെക്കുറിച്ച് പറഞ്ഞു. രാജഗുരു ഗൗരവപൂർവ്വം ഏറെനേരം കണ്ണടച്ചിരുന്നു. കണ്ണുതുറന്ന ശേഷമുള്ള ഗുരുവിൻ്റെ നോട്ടം കണ്ട ഉടനെ തന്നെ, ഗുരുവിൽ നിന്ന് വരാനിരിക്കുന്ന വചനം തൻ്റെ ജീവിതത്തെ രണ്ടായി തിരിക്കാൻ പോവുകയാണെന്ന് രാജാവ് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. തലമുറതലമുറയായി അനുഷ്ഠിച്ചു വരുന്ന ഒരു കർമ്മം ഈ രാജാവും നിർവ്വഹിക്കാൻ സമയമായി എന്ന് ഗുരു അറിയിച്ചു. വനത്തിൽ പോയി ഒരു വരാഹത്തെ കൊന്ന് കൊട്ടാരത്തിലെത്തിക്കണം. അതിൻ്റെ ചോര കുടുംബ കല്ലറയിലെ കൽവിളക്കിൻ ചുവട്ടിൽ ഇറ്റിക്കണം.
രാജാവ് യാത്രയായി. രാജ്യത്തിൻ്റെ അതിർത്തിക്കപ്പുറം കാടാണ്. വരാഹത്തെ കണ്ടെത്താൻ ബുദ്ധിമുട്ടില്ല. വന്യമൃഗങ്ങൾ ധാരാളമുണ്ട് കാട്ടിൽ. മുൻപ് ഏറെത്തവണ കാട്ടിൽ നായാട്ടിന് വന്നിട്ടുണ്ട്. ഏറെ കൊന്നിട്ടുമുണ്ട്. ഇത് പക്ഷേ, അങ്ങനെയല്ല. വ്യത്യാസങ്ങളുണ്ട്. കാടിളക്കി മൃഗങ്ങളെ പുറത്ത് ചാടിക്കാൻ അകമ്പടിക്കാരില്ല. ഒറ്റയ്ക്കാണ്. ആഹാരസാധനങ്ങളോ മധുചഷകങ്ങളോ ഒപ്പമില്ല. ആചാരം പൂർത്തിയാകും വരെ കാട്ടിൽ സ്വയം ആഹാരം കണ്ടെത്തണം. കൊല്ലേണ്ട വരാഹം മുന്നിൽ വന്ന് നിൽക്കുമെന്നാണ് പരമ്പരകളായുള്ള അനുഭവസാക്ഷ്യം. അതുതന്നെയാണ് ആചാരക്രമവും. അതുകൊണ്ട് പതിവ് നായാട്ടുവേളകളിൽ വരാഹങ്ങളെ പരമാവധി ഒഴിവാക്കാറാണ് പതിവ്. അനുഷ്ഠാനത്തിന് പുറപ്പെടുമ്പോൾ മുന്നിൽ വന്ന് നിൽക്കാനും, കർമ്മം നടത്തി ചോരയിറ്റിക്കാനും വരാഹങ്ങൾ ബാക്കി വേണമല്ലോ.
കാട്ടിലെത്തിയ രാജാവ് തിടുക്കപ്പെടാതെ നടന്നു. ഇവിടെ ശക്തിഘോഷണം അനാവശ്യമാണെന്ന് രാജാവിനറിയാം. കൈയ്യടിക്കാൻ കാണികളില്ല. ഒരു ദീർഘശ്വാസം പോലും ശരീരത്തെ ക്ഷീണിപ്പിക്കുകയേയുള്ളൂ. ലക്ഷണമൊത്ത വരാഹം മുന്നിൽ വന്ന് നിൽക്കുമ്പോൾ ശരീരം പൂർണ്ണ സജ്ജമായിരിക്കണം. അതിന് ശക്തി സംഭരിക്കണം. കാട്ടരുവിയിൽ നിന്ന് രാജാവ് വെള്ളം കുടിച്ചു. കാട്ടുപഴങ്ങളുടെ സാന്നിധ്യമുള്ള മേഖലകൾ മുൻയാത്രകളിൽ ഹൃദിസ്ഥമാണ്. ആയുധം കൂടെയുണ്ടെന്ന് ഓരോ ചവിട്ടടിയിലും തൊട്ടുറപ്പു വരുത്തി.
