കുളികഴിഞ്ഞ് കട്ടിലിൽ അഴിച്ചിട്ട മന്ത്രകോടി മടക്കിയെടുത്ത് ടെക്സ്റ്റൈൽസിന്റെ പ്ലാസ്റ്റിക് കവറിലേക്ക് ഭദ്രമായി വെച്ച്, ബിൻസി ആ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു. നീല ജനൽ കർട്ടനിട്ട നല്ല വൃത്തിയുള്ള ചെറിയൊരു മുറിയായിരുന്നു അത്.
മണ്ണുകൊണ്ട് തേച്ച ചുമരിൽ കൃത്യമായ അകലത്തിൽ അടുക്കിവെച്ച പലനിറത്തിലുള്ള കുപ്പികൾകൊണ്ടുള്ള അലങ്കാരപ്പണികൾക്ക് താഴെ മുൾകിരീടവുമായി നിസ്സഹായനായി ആകാശത്തേക്ക് മിഴികൾ ഉയർത്തിനിൽക്കുന്ന യേശുക്രിസ്തുവിന്റെ ഒരു പടം ചില്ലിട്ടുവെച്ചിരുന്നു. അതിനുതാഴെയായി നല്ല കാതലുള്ള മരം കൊണ്ടുണ്ടാക്കിയ ചുമരലമാര. അവളത് തുറന്ന് കവർ ഉള്ളിൽ ഒഴിഞ്ഞൊരിടത്തേക്ക് വെച്ച് അലമാര അടച്ചു. അതിന്റെ കണ്ണാടിയിൽ, വീട്ടിൽനിന്ന് കൊണ്ടുവന്ന പിങ്കിൽ വെളുത്ത പൂക്കൾ പ്രിന്റ് ചെയ്ത ചുരിദാറിൽ അവൾ തെളിഞ്ഞു.
പേരട്ടയിലെ ഒലീവ് ബ്യൂട്ടിപാർലറിലെ സാലിചേച്ചി കാലത്ത് ഒരുമണിക്കൂർ കൊണ്ട് അവളുടെ മുഖത്ത് തേച്ചുപിടിപ്പിച്ച ചായക്കൂട്ടുകളുടെ കൃത്രിമത്വങ്ങൾ മാഞ്ഞുപോയിരുന്നു. ബിൻസി കണ്ണാടിയിൽ നോക്കി എന്നത്തെയുംപോലെ ചിരിച്ചു. അന്നത്തെ ദിവസത്തെ ഓർത്തപ്പോൾ അവളുടെ വലത്തേ മൂക്കിന് താഴെ തുടിച്ചു നിൽക്കുന്ന കറുത്ത മറുകിന് ഒന്നുകൂടി തിളക്കം വെച്ചു. നനഞ്ഞമുടി നടുക്ക് കെട്ടി വിടർത്തിയിട്ട് തോർത്ത് അയയിടാൻ അവൾ മുറിക്ക് പുറത്തേക്ക് നടന്നു.
