രതിധമ്മനാഥന്റെ മൂന്ന് കഥകൾ

Short Story

രതിധമ്മനാഥന്റെ മൂന്ന് കഥകൾ


 

വിശാലമാനവികതയുടെ ഉന്നത മൂല്യങ്ങളിലായിരുന്നതുകൊണ്ട് രതിധമ്മനാഥനെപ്പോലൊരാളെ ശിഷ്യനായി സ്വീകരിക്കാൻ ആനന്ദന് വിഷമമുണ്ടായില്ല. മനുഷ്യർ പല തരക്കാരാണെന്ന് ബുദ്ധനോടൊപ്പവും ബുദ്ധനിൽനിന്നും ഉൾക്കൊണ്ടിരുന്നു ആനന്ദൻ. പല തരക്കാരായ മനുഷ്യരെ ഉൾക്കൊള്ളുന്ന കാര്യത്തിലാകട്ടെ സാക്ഷാൽ ബുദ്ധൻ പലപ്പോളും ആനന്ദനു ശിഷ്യപ്പെട്ടിട്ടുമുണ്ട്. ബുദ്ധന്റെ പ്രിയശിഷ്യരിൽ പ്രധാനിയായിരുന്നല്ലോ ആനന്ദൻ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, ആനന്ദൻ ജീവിതാനന്ദങ്ങൾക്കു നേരേ ബുദ്ധോപമമായ ഒരു മൗനമധുഹാസം പുലർത്തുന്ന ആചാര്യനുമായിരുന്നു. എന്നാൽ, മനുഷ്യമഹിമയുടെ ദാർശനിക പദ്ധതികൾ പോലും പിൽക്കാലത്ത് മനുഷ്യസഹജമായ ഇടുക്കത്തിലേക്കു ചുരുങ്ങി പരസ്പരം ഏറ്റുമുട്ടുന്ന നിലയാണുണ്ടായതെന്ന് നമുക്കറിയാമല്ലോ.

രതിധമ്മനാഥനെ ആനന്ദന്റെ ശിഷ്യൻ എന്നതിനെക്കാൾ, ഉറ്റമിത്രം എന്നു പറയുന്നതാണ് ശരി. അവന്തിയിലെ നാടുവാഴിയുടെ ഉറ്റ ബന്ധുവും കൊട്ടാരത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്നവനുമായ ഒരു യുവാവായിരുന്നു രതിധമ്മനാഥൻ. ആദ്യം ധമ്മനാഥൻ എന്നു മാത്രമായിരുന്നു നാമധേയം. രതിധമ്മ ആവിഷ്‌കരിച്ചതോടെയാണ് ആചാര്യൻ രതിധമ്മനാഥനായത്. പ്രായത്തിൽ ആനന്ദനെക്കാൾ ആറോ ഏഴോ വയസ്സിനിളപ്പം. ഒന്നാന്തരമൊരു നർത്തകനും ആയുധാഭ്യാസിയുമായിരുന്നു രതിധമ്മനാഥൻ. എല്ലായ്‌പോഴും നർമം പറയുന്നവനും ഏതു പ്രതിസന്ധികളെയും ലാഘവത്തിലേക്കു പരാവർത്തനം ചെയ്യാൻ സിദ്ധിയുള്ളവനും.


Related Articles