2019 മെയ് 30 ന് വൈകിട്ട് പ്രഫ. റൊമിളാ ഥാപ്പറുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. അവർ ഒരു പുസ്തകവായനയിലായിരുന്നു. പീറ്റർ ഫ്രാൻകോപന്റെ The New Silk Roads, The Present And Future of The World. അയാളുടെ തന്നെ The Silk Roads, A New History of The World ന്റെ തുടർച്ച. ചെറുപ്പക്കാരുടെ ചരിത്രസമീപനരീതികളിൽ അവർ കൗതുകപ്പെട്ടു.
“റൊമിളേച്ചീ, ഞാനീട്ന്ന് പൊറപ്പെട്ന്ന് ട്വോ. ഞാൻ വെര്മ്പളേക്കും നിങ്ങൊ ഫൈസാബാദിലെത്തൂലേ?”
“എത്തും ആതിരാ. നീ വേഗം ഇങ്ങ് പോര്.”
ഫോൺ താഴെവച്ച്, കണ്ണട മൂക്കിൽ തിരികെവച്ച് പുസ്തകത്തിലേക്ക് തിരിഞ്ഞെങ്കിലും പ്രഫസറുടെ ഏകാഗ്രതയ്ക്ക് ഭംഗം വന്നു. അവർക്ക് ആതിരയെക്കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. കാഞ്ഞങ്ങാടുനിന്ന് ട്രെയിനിൽ പുറപ്പെട്ട് ഡൽഹിയിലെത്തി ലഖ്‌നൗവിലേക്കും അവിടെനിന്ന് ബസ്സിൽ ഫൈസാബാദിലേക്കും അവൾ എത്താൻ രണ്ടുദിവസത്തിൽ കൂടുതൽ എടുക്കും. കടുത്ത യാത്രയായിരിക്കും അത്. പ്രത്യേകിച്ച് ഈ അസഹ്യമായ ചൂടത്ത്. പക്ഷേ, എന്തുചെയ്യാനൊക്കും, അവൾ ആ യാത്ര തരണം ചെയ്യാൻ ഒരുക്കമാണ്. ആരൊക്കെ തടഞ്ഞാലും അവൾ വരും. ദീർഘമായ ആലോചനകൾക്കുശേഷം എടുത്ത തീരുമാനമെന്ന നിലയ്ക്ക് അത് വിലക്കാൻ റൊമിളാ ഥാപ്പർക്കും കഴിഞ്ഞില്ല.
