തീർപ്പ്

ഭർത്താവ്

‘നിർമ്മാല്യം' സിനിമ കണ്ടു കഴിഞ്ഞ് നീഷെ വീട്ടിലെത്തിയപ്പോൾ രാത്രി പത്തു മണിയായി. സ്‌കൂട്ടർ ഉമ്മറത്തുവച്ച് അകത്തേക്കു വന്നെ​ങ്കിലും അച്ഛനെയോ അമ്മയെയോ നോക്കാതെ നേരേ സ്വന്തം മുറിയിലേക്കുപോയി. പതിവു പോലെ അവന്റെ മുഖം അസംതൃപ്തമായിരുന്നു. സ്റ്റാലിൻ അത് ഗൗനിച്ചില്ല. ചാരുകസേരയിലിരുന്ന് അന്നത്തെ പത്രത്തിലെ വായിക്കാൻ മാറ്റി വെച്ചിരുന്ന വാർത്തകൾകൂടി ശ്രദ്ധയോടെ വായിക്കുകയായിരുന്നു അയാൾ. പത്രം മടക്കിവച്ച് കണ്ണട ഊരി അരി​കിലെ ജനാലയുടെ പടിയിലുംവച്ച് ശോഭയെ ഒന്നു നോക്കി.

അയാളുടെ നോട്ടം ശ്രദ്ധിക്കാതെ ശോഭ ഡൈനിങ് ടേബിളിൽ നിവർ​ത്തിവച്ച പുസ്തകത്തിൽ തിരക്കിട്ട് എന്തോ എഴുതിക്കൊണ്ടിരുന്നു. ആ അവഗണനയിൽ തോന്നിയ നീരസം സ്റ്റാലിൻ വിട്ടുകളഞ്ഞു. "നിർമ്മാല്യം' കണ്ടു വന്ന നീഷെയുടെ പ്രതികരണമറിയാനാണ് അയാൾക്കിപ്പോൾ താത്പര്യം.

അവൻ ആ സിനിമ കാണാനാണ് പോയിരിക്കുന്നതെന്ന് സന്ധ്യകഴിഞ്ഞ നേരത്താണ് ശോഭയിൽ നിന്ന​റി​ഞ്ഞത്. അപ്പോൾ ചെറുതല്ലാത്തൊരു സന്തോഷമുണ്ടായി. ഒരു പുസ്ത​കംപോലും വായിക്കാതെ, ചിന്തിപ്പിക്കുന്ന സിനിമകൾ കാണാതെ, അന്ധവിശ്വാസിയായി ചുമ്മാ ദൈവ​ങ്ങളുടെ പിന്നാലേ നടന്ന് അവൻ ചെറുപ്പം പാഴാക്കുന്നതിൽ അയാൾ അസ്വസ്ഥനായിരുന്നു. പണ്ടേതന്നെ ദൈവികമായ യാതൊന്നും തന്റെ പേരിൽപോലും പാടില്ലെന്ന് അയാൾക്കു ശാഠ്യമുണ്ടായിരുന്നു. അച്ഛൻ നൽകിയ ഗോപീകൃഷ്ണൻ എന്ന പേര് ഇരുപതാം വയസ്സിൽ ഗസറ്റുവഴി സ്റ്റാലിൻ എന്നു തിരുത്തിയത് വെറുതേയല്ല. പക്ഷേ, ഇപ്പോൾ നീഷേ എന്ന പേരുള്ള മകൻ ജീവിക്കുന്ന രീതി അയാൾക്ക് ഓർക്കാനേ വയ്യ. ഇതര മതങ്ങളോടുള്ള അവന്റെ ഒടുങ്ങാത്ത അസഹിഷ്ണുതയും അയാളെ അലട്ടുന്നുണ്ട്.


Related Articles