"മലയാളി ഒരു തീറ്റ ജനതയാണ്' എന്ന് എഴുതിവെച്ചാണ് അവളുടെ അമ്മാവൻ ആത്മഹത്യ ചെയ്തത്. കുറേക്കാലമായി അദ്ദേഹം വളരെ വിചിത്രമായ രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. ചരിത്രബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു അവ. വീട്ടുകാരാരും അത് കാര്യമാക്കിയിരുന്നില്ല, അവളും. മനസ്ഥിരതയില്ലാത്തയാളുടെ വെറും ജൽപനങ്ങളായി മാത്രമെ അവർ അതിനെ കണ്ടിരുന്നുള്ളു.
മരണം നടന്ന് കുറച്ചുനാളുകൾ കഴിഞ്ഞ് അമ്മാവന്റെ മുറി വൃത്തിയാക്കുന്നതിനിടെ മേശയിൽനിന്ന് മുഷിഞ്ഞു പഴകിയ ഒരു കടലാസ് കിട്ടി. അതിൽ "നിതംബരേഖ' എന്ന തലക്കെട്ടിനു താഴെയായി കുറേ വാചകശകലങ്ങളുണ്ടായിരുന്നു. കാമനയല്ല ശോധന മുഖ്യം, അദൃശ്യമജ്ഞാത മാർഗേന അധോവായു ആയുധം, "നിതംബാകാരം പ്രഥമഘടകം, കരസ്പർശം ദ്വിതീയം', സർവാസനം പൂർവാശ്രമം!
അക്കാലത്ത് ഞാൻ പിഎച്ച്.ഡി. ചെയ്യുകയായിരുന്നു. വിഷയം, നിതംബത്തിന്റെ രാഷ്ട്രീയം. അതുകൊണ്ടു മാത്രമല്ല അമ്മാവന്റെ അന്ത്യപ്രസ്താവം അവൾ എന്നോടു പറഞ്ഞത്. മലയാളിയുടെ സൗന്ദര്യബോധത്തിൽ നിതംബത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ഗവേഷണത്തിലായിരുന്നു അവൾ. അതുകൊണ്ടാണ് കൗതുകത്തോടെ അതു ശ്രദ്ധിച്ചതും എന്നോടു പറഞ്ഞതും. മനുഷ്യൻ: തീറ്റ മുതൽ തീട്ടം വരെ എന്ന പ്രസ്താവത്തോടെയാണത് "നിതംബരേഖ' അവസാനിച്ചത്. ഞങ്ങൾ അതിനെക്കുറിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്. ആ വരികൾകൊണ്ട് ഗവേഷണത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതിയിട്ടല്ലെങ്കിലും അവൾ അതെനിക്ക് നൽകി. എന്റെ മേശപ്പുറത്ത് പൊടിപിടിച്ചു കിടന്നെങ്കിലും ഞാനത് കളഞ്ഞിരുന്നില്ല.
