"എൻ മണ്ണ് എംബ്രാ, കോലിപിലാകം എങ്ക സോര മണക്കും. കടവുളേം തിരുടി തടവിലിട്ടന്. കാപ്പോമ്മാ, കാപ്പോ..."
ആരോ എന്റെ കാലിൽ പിടിച്ചുകുലുക്കി ആവലാതി പറയുന്നത് കേട്ട് ഉറക്കത്തിനടിയിൽ കിടന്ന് ശ്വാസം മുട്ടിയപോൽ കുതറി ഉണർന്നു. ഇരുട്ടിൽ അയാളുടെ പല്ലുകൾ വെളുവെളുങ്ങനെ. ഒരുപാട് വെള്ളമൊഴുകി മിനുത്ത കല്ലുപോലെ കൃഷ്ണമണികൾ അയാളുടെ കൺതിട്ടയിൽ ഇളകാതെ എന്നെ നോക്കി. മരിച്ചു മരവിച്ചപോൽ അയാളുടെ നോട്ടത്തിൽ കൈകാലുകൾ കോച്ചി ഞാൻ കിടന്നു.
"സ്വപ്നമാണ്, എണീക്ക്, എണീക്ക്."
ഞാൻ എന്നെത്തന്നെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.
