ശ്രീ ഗുരുജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ബോർഡിനു പിന്നിലെ, ചുമരുകൾ മുഴുവൻ ചിത്രങ്ങൾകൊണ്ടലങ്കരിച്ച കെട്ടിടം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. കാവിവിരിയിട്ട വലിയ മേശയ്ക്കു മുകളിൽ വിവിധതരം ബ്രഷുകളും പേനകളും പെൻസിലുകളും ഇട്ടുവച്ചിരിക്കുന്ന ബോക്സ്. പഴയ മലയാളസംഖ്യയിലുളള ടേബിൾ കലണ്ടർ. ഛത്രപതി ശിവജിയുടെ ചെറിയ ശില്പം. കൃഷ്ണന്റെ പ്രതിമയ്ക്കു മുന്നിൽ വിളക്കു കത്തിക്കുകയായിരുന്നു ജയകൃഷ്ണൻമാഷ്. സാമ്പ്രാണിയുഴിഞ്ഞ് സ്റ്റാൻഡിൽ ഉറപ്പിച്ചശേഷം ഏതൊക്കെയോ ധ്യാനശ്ലോകങ്ങൾ ഉറക്കെ ചൊല്ലി. വാതിൽക്കൽ മടിച്ചു നിൽക്കുന്ന സുകേശനെ കണ്ടതും അകത്തേക്കു ക്ഷണിച്ചു. ജിനദേവൻസാറ് പറഞ്ഞിട്ടു വന്നയാളാണെന്നറിഞ്ഞപ്പോൾ മനോഹരമായി പുഞ്ചിരിച്ചു.
“ഇരിക്കൂ...”
