ഗ്രിഗറി പെക്ക് എന്ന പൂച്ച

Short Story

ഗ്രിഗറി പെക്ക് എന്ന പൂച്ച


റെവിൻ എന്ന നായ

ഞാൻ ഒരു നായയാണ്! നായേ എന്നു വിളിച്ചാൽ വിളികേൾക്കാനും വാലാട്ടാനും വിധിക്കപ്പെട്ടവൻ. അത്രപോലും വിളിക്കാൻ കാരുണ്യമില്ലാത്തവർ പട്ടീ എന്നു വിളിച്ചാലും മുനങ്ങിക്കൊണ്ടുചെല്ലണം. ഇതെല്ലാം പണ്ടാണ്. ഗ്രിഗറിമൂപ്പന്റെയടുത്ത് എത്തുന്നതിനു മുൻപത്തെക്കാലം. ഇവിടെവന്നതിനുശേഷമാണ് നായ എന്നാണ് ഞങ്ങൾ ആണുങ്ങളെ വിളിക്കേണ്ടതെന്നും പട്ടീ എന്ന വിളി പെണ്ണുങ്ങളെയാണു വിളിക്കുന്നതെന്നും തിരിഞ്ഞതുതന്നെ. അപ്പോൾ ഇക്കണ്ട കാലമത്രയും കേട്ട പട്ടീവിളികൾ തലച്ചോറിൽക്കിടന്നു പുളിച്ചു. അതെല്ലാം രാത്രിയിൽ നേർത്ത ഓരികളായി പുറത്തുവിട്ടുതീർത്തു. രാത്രിയിൽ ഓരിയിടുന്നതിന് ഗ്രിഗറിമൂപ്പൻ എതിരല്ല. അതു കേട്ടിട്ട് മൂപ്പന് ഉറക്കം പോയിട്ടുമില്ല. അല്ലെങ്കിൽത്തന്നെ ഒരുതരം പാതിയുറക്കമാണു മൂപ്പന്റേത്. അതിനിടയിൽ എന്റെ ഓരികൾ ഒരു താരാട്ടുതരംഗമായിട്ടാണുപോലും മൂപ്പനു തോന്നാറുള്ളത്. ഇതെല്ലാം മദ്യം മയക്കി തല മെല്ലെയാടുമ്പോൾ വരുന്ന ഗീർവാണങ്ങളാണേ.

ഈ പുരയിടത്തിലേക്ക് ആരും വിളിച്ചുകയറ്റിയതല്ല. പേടിയും മരണവും കൂടി ഓടിച്ചുകേറ്റിയതാണ്. തന്തയെയും തള്ളയെയും കണ്ട ഓർമയില്ല. തന്ത കേമനായിരുന്നിരിക്കാൻ വഴിയുണ്ട്. കാരണം, കുരയുടെ കനം കേൾക്കുമ്പോൾ ഗ്രിഗറിമൂപ്പൻ തന്തക്കൊണമൊണ്ടെന്നു തോന്നുന്നു എന്നു മൊഴിയാടാറുണ്ട്. അതു ഭാഗ്യം! തന്തയായെന്തിനു നിൽക്കണം, തന്തയായിരുന്നാൽമതിയെന്നു മനസ്സുപറയും അപ്പോൾ. പുറത്തെ ഇടവഴിയിലൂടെ ഇരുട്ടുപറ്റി നടക്കുമ്പോൾ ഓടിച്ചത് മനുഷ്യരാരുമല്ല; സ്വന്തം വർഗ്ഗത്തിൽപ്പെട്ടവർ തന്നെ. അവർ ഒരു പടയുണ്ടായിരുന്നു. ആണും പെണ്ണും ചെറുതും വലുതും എല്ലാം. തെരുവിൽ വളർന്ന് തെരുവിന്റെ സകല ക്രൂരതയും മുഖത്തും നഖങ്ങളിലും പല്ലുകളിലും ആവാഹിച്ചവർ. കുറുക്കന്റെയും ചെന്നായയുടെയും വംശവൈകൃതങ്ങൾ ഇന്നും ചോരയിലോടുന്നവർ. എന്തൊരാക്രമണമായിരുന്നുവെന്നോർക്കാൻ വയ്യ! വാലിന്റെ തുഞ്ചിലും കഴുത്തിലും കടിപെട്ടതാണ്. കരുത്തുമുഴുവൻ തിരിച്ചടിക്കുപകരം വേഗത്തിലുള്ള തിരിച്ചോട്ടത്തിനുപയോഗിച്ചു. ഈ വമ്പൻമതിൽ കടക്കാനാകുമെന്നു കരുതിയതല്ല. മൂന്നുചാട്ടമെങ്കിലും ഉയരമുള്ള മതിൽ, ഒന്നാമത്തെ ചാട്ടത്തിൽ അള്ളിപ്പിടിച്ച്, അവിടന്ന് കുതിച്ചപ്പോൾ, മേലട്ടിയിൽ അല്പം പിടിത്തം കിട്ടി. താഴെ സ്വവർഗ്ഗം കുരച്ചുനിൽക്കുന്ന മരണത്തിന്റെ കിടങ്ങായിത്തോന്നിയതുകൊണ്ട് പിടിച്ചങ്ങുകയറി. സത്യം പറയാമല്ലോ, അതിനുശേഷം, ഇത്രയും നാളായല്ലോ. അതേ മതിൽ തിരിച്ചുചാടുന്നത് സ്വപ്നത്തിൽപ്പോലും ഓർക്കാനാകുന്നില്ല.


Related Articles