ആ അർദ്ധരാത്രി, എന്റെ മുറിയിൽ കൂനിപ്പിടിച്ചിരുന്നുകൊണ്ട് സിൽവിയ പറഞ്ഞു: ''ഫ്രാൻസിസ്സച്ചനാണ്…''
വിശ്വസിക്കാൻ സാധിക്കാതെ ഞാൻ ഇരുന്നുപോയി. സിൽവിയയ്ക്ക് ഉണ്ടായിരുന്ന ആ കുഞ്ഞിന്റെ അച്ഛൻ ഫ്രാൻസിസ് പാതിരിയാണെന്ന്. ആ നല്ല മനുഷ്യൻ ഈ പാപത്തിന് മുൻകൈയ്യെടുക്കുകയെന്നോ? വെളുത്ത അങ്കികൾക്കകത്തുള്ള പരിശുദ്ധിയിലെ ഞാനർപ്പിച്ച വിശ്വാസത്തിനു നേരെ എത്തിപ്പിടിക്കാൻ കൈ നീട്ടുകയാണ് ആ വാക്കുകൾ. പക്ഷേ അവളുടെ കണ്ണുകൾ പാഷാണക്കല്ലുകളെപ്പോലെ പ്രകാശിക്കുന്നു. സത്യത്തിന്റെ ജ്വാലകളാണവയിൽ.
മിനിഞ്ഞാന്ന് കോൺവെന്റിൽ വന്നപ്പോൾ, ചിരിച്ചുംകൊണ്ടു എന്റെ മുതുകത്തു തട്ടി കുശലമന്വേഷിച്ച ഫ്രാൻസിസ് പാതിരി! ഞങ്ങൾ മുന്നൂറിലേറെ വിദ്യാർത്ഥിനികളുണ്ടിവിടെ. കണ്ടുമുട്ടിയാൽ ആരേയും കുശലം പറയാതെ ആ പാതിരികൾ വിട്ടയയ്ക്കില്ല. എല്ലാവർക്കും അവരെ ഇഷ്ടമാണു താനും.
ഞാൻ മനസ്സുകൊണ്ടു എന്തൊക്കെയോ രംഗങ്ങൾ വരച്ചുകൂട്ടിപ്പോവുകയായിരുന്നു. അവൾ പിന്നേയും പറയുന്നു, കഥകൾ! സ്വന്തം കണ്ണുകൊണ്ടവൾ കണ്ടിട്ടുണ്ടുപോലും. വില്യംസുപാതിരിയും സിസ്റ്റർ കരോളിനയും കൂടി… ഒരാശ്ലേഷത്തിൽ... പാതിരാത്രിക്കു കാറുകൾ കോൺവന്റുവളപ്പിൽ ഞരങ്ങുന്നതു കേട്ടിട്ടില്ലേ എന്ന് സിൽവിയ ചോദിച്ചു. പിന്നെയും അവൾ ചോദിക്കുന്നു, ഭയാനകമായി എന്റെ മുഖത്തേക്കു ഉറ്റുനോക്കിയിട്ട്: ''കൊന്തകൾ കിലുങ്ങിപ്പോവുന്നതു കേട്ടിട്ടുണ്ടോ?''
