വിത്ത്
കുന്നിൻമുകളിലെ ഇലവുമരത്തിൻ്റെ കിഴക്കോട്ട് ചാഞ്ഞ കൊമ്പിലായിരുന്നു ആ തേനീച്ചക്കൂട്. അർദ്ധവൃത്താകൃതിയിലുള്ള അടയ്ക്കുള്ളിലെ മെഴുക് അറയിൽ മഴമേഘങ്ങൾ ഒഴുകിപ്പരന്ന് കറുത്തിരുണ്ട ആകാശം നോക്കി ഇരിക്കുകയായിരുന്നു തേനീച്ചറാണി. എന്തോ ഒച്ച കേട്ടപ്പോൾ അവൾ പുറത്തേക്കിറങ്ങി. കുഞ്ഞുചിറകുകളിൽ നീളമേറിയ വിസ്താരം കുറഞ്ഞ ഉടൽ താങ്ങിനിർത്തി അത് അടയ്ക്ക് ചുറ്റുമൊന്നു പറന്നു.
താഴത്തെ അറകളിൽ അവളിട്ട മുട്ടകൾ അതിൻ്റെ പരിണാമചക്രം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അറയിലേക്ക് തിരിച്ചുകയറാൻ നേരത്താണ് മരത്തിനു തൊട്ടു മുകളിലെ ആകാശത്ത് താഴേക്ക് മൂർച്ചയേറിയ നോട്ടമയച്ച് ഉഴറി പറക്കുന്ന ഒരു പരുന്തിനെ അവൾ കണ്ടത്.
“കൂട്ടരെ,മഴക്കാലം തൊടങ്ങാറായി...അത് മാത്രല്ല ഏത് നിമിഷം വേണമെങ്കിലും നമ്മുടെ താവളം അപകടത്തിലും ആയേക്കാം. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈട്ന്ന് പോകുന്നതാണ് നല്ലത്. എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ ചെയ്യുക.”
