തീവണ്ടിയുടെ മുഖം

Short Story

തീവണ്ടിയുടെ മുഖം


ധിക്കാരിയും അലസനുമാണ് അയാളെന്ന് അയാളെ അറിയുന്ന ആർക്കുമറിയാം. അങ്ങനെയുള്ള ആളെയാണ് അന്നുരാവിലെ റെയിൽവേക്രോസിൽവച്ച് അപരിചിതനായ വ്യക്തി വന്ന് പുറത്തുപിടിച്ച് വളരെ മാന്യമായും മയത്തിലും ഒന്നുപദേശിക്കാൻ തുനിഞ്ഞത്. അതിനു വ്യക്തമായ കാരണമുണ്ടായിരുന്നുതാനും.

''ഡാ, കുരിപ്പേ..'' എന്നാണ് പൊതുവേ കുട്ടിക്കാലത്ത് അയൽക്കാർ അയാളെ വിളിച്ചിട്ടുള്ളതുതന്നെ. പക്ഷേ, അയാളുടെ പേർ സാം എന്നായിരുന്നു. ചേരിയിലെ പന്നികൾ ഓടിച്ചു കുഴിയിൽ വീണുണ്ടായ മുടന്ത് ഇടത്തേക്കാലിന് ബാധിച്ച റൂമത്ത് ആയിരുന്നു സാമിന്റെ കുട്ടിക്കാലത്തെ കുതിരക്കാരൻ. കുട്ടികളെ സ്‌കൂളിൽ കൊണ്ടുപോകുകയും, അതിനുശേഷം വേശ്യകളെ സന്ധിക്കാൻ പോകുന്നവരെ അവരുടെ സമീപത്ത് എത്തിക്കുകയും ചെയ്യുന്ന ജോലിയായിരുന്നു റൂമത്തിന്. അയാളുടെ പക്ഷംചേർന്നു പറഞ്ഞാൽ അയാൾ ചെയ്യുന്ന ഈ രണ്ടു ജോലികൾക്ക് രണ്ടുതരം വിദ്യാർത്ഥികളാണെന്ന വ്യത്യാസമല്ലാതെ മറ്റൊന്നും തോന്നാറില്ലെന്നാണ് അവരെക്കുറിച്ച് പറയാനുള്ളത്. ആദ്യത്തെ വിദ്യാർത്ഥികൾ സദാ ഒച്ചയുണ്ടാക്കിയും വല്ലതും തിന്നും കണ്ണീന്നും മൂക്കീന്നും വെള്ളമൊലിപ്പിച്ചും ഇരിക്കും. രണ്ടാമത്തെ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയും ക്ഷമയോടെയും മുന്നേകൂട്ടി യാതൊന്നും ഒലിപ്പിക്കുകയില്ലെന്ന നിശ്ചയത്തോടെ കാലുകൾ കൂട്ടിവച്ചും ഇരിക്കും. രണ്ടുകൂട്ടർക്കും ഭാവിയെക്കുറിച്ച് വലിയ പ്രത്യാശകളുണ്ടുതാനും.

ആ ഗ്രാമത്തിന് അങ്ങനൊരു സൗഭാഗ്യമുണ്ടായിരുന്നു. ഒരുഭാഗം താഴ്‌വരകൾ. മറുഭാഗം കാട്ടാടുകൾ മേയുന്ന മലകൾ. ആവശ്യത്തിന് വൈദ്യന്മാരും ദുർമന്ത്രവാദികളും. ഒപ്പം പട്ടാളക്കാർ തള്ളിക്കളഞ്ഞ വേശ്യകളും. അവറ്റകൾ കൂട്ടമായി പാർത്തിരുന്നതു കുന്നിൻമുകളിലാണ്. വിദ്യാലയം ദേവതാരുക്കൾ വളരുന്ന താഴ്‌വാരത്തും. അതിനാൽ കുതിരകൾ കുന്നു കയറിയും ഇറങ്ങിയും അവരുടെ ശരീരത്തെ ക്ഷീണിപ്പിച്ചു. അത്തരം കുതിരവണ്ടിയിൽ പള്ളിക്കൂടത്തിൽ പോയിക്കൊണ്ടിരുന്ന സന്ദർഭത്തിലാണ് സാമിനോട് റൂമത്ത് ഒരുകാര്യം നിർദ്ദേശിച്ചത്. അത് വണ്ടിക്കുള്ളിൽ ഇരുന്ന് പ്ലാസ്റ്റിക് വിസിൽ ഊതരുതെന്നായിരുന്നു. തന്റെ ചെവിക്കു പണ്ടേ തകരാറുണ്ടെന്നും വണ്ടുമൂളുന്നപോലെ പലപ്പോഴും തോന്നാറുണ്ടെന്നും ചെന്നിക്കുത്തിനുപോലും ഇത്രയും അസഹ്യമായ അസ്വസ്ഥത സൃഷ്ടിക്കാൻ സാധിക്കുകയില്ലെന്നും റൂമത്ത് വഴിപോക്കരോടുപോലും പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് കുഞ്ഞുചെറുക്കനായ സാമിനോട് നീ വിസിൽ കീശയിൽ താഴ്ത്ത് എന്നു പറഞ്ഞത്.


Related Articles