സാവധാനത്തിൽ എഴുന്നേറ്റാൽ മതിയെന്നു ചേച്ചി പറഞ്ഞിരുന്നു.ചേച്ചി അഞ്ചരയ്ക്കുണരും. ഏഴിനു പുറപ്പെടും. ഒരു മണിക്കൂർ പതിനഞ്ചു മിനിട്ട് കാറോടിക്കണം ജോലിസ്ഥലത്തേക്ക്. ചാരിയ വാതിൽ ആരോ തുറന്നപ്പോൾ ബാലു ഉണർന്നു. പൂച്ചയുടെ പണിയാ. ഏഴുമണി.
താഴെയിറങ്ങിവന്നപ്പോൾ ചേച്ചി പുറത്തിറങ്ങുന്നു.
"ആ എണീറ്റോ? ഫ്രിഡ്ജിന്റെ പുറത്ത് നിനക്കൊരു നോട്ടെഴുതിവെച്ചിട്ടുണ്ട്.'' ചേച്ചി രണ്ടു കാര്യങ്ങൾ രാത്രി പറയാൻ വിട്ടുപോയി. നടരാജവിഗ്രഹത്തിന്റെ ചുവട്ടിലാണ് മുൻവാതിലിന്റെ താക്കോൽ. വാതിൽ താനേ അടയുന്നതാണ്. പുറത്തിറങ്ങുമ്പോൾ താക്കോൽ കരുതണം.
"ഇല്ല ഞാൻ പുറത്ത് പോകുന്നില്ല.''
