സമയം അര്‍ദ്ധരാത്രിയോടടുക്കാറായി. ഞാന്‍ എഴുത്തുമുറിയില്‍ തനിയെ ഇരിക്കയായിരുന്നു. അതുവരെയുണ്ടായിരുന്ന അതിയായ ജോലിത്തിരക്കുമൂലം അവശമായ മനഃകായങ്ങളെ ആശ്ലേഷിക്കുവാന്‍ അലിവുറ്റ നിദ്രാദേവി അരികില്‍ത്തന്നെ നില്പുണ്ടായിരുന്നു. എന്നാലും കഥയെഴുതുവാനെടുത്ത കടലാസും പേനയും താഴെയിട്ടാല്‍ നാളെ ഈ സമയത്തുമാത്രമേ ഇനിയത് തൊടാന്‍ സാധിക്കയുള്ളു. അപ്പോഴും ഇതേ അവശതകള്‍തന്നെയല്ലേ ഉണ്ടായിരിക്കുക. ഞാന്‍ ആലോചനാമഗ്നയായി ഇരിപ്പായി. നാലുപാടും നിശ്ശബ്ദത. മുകളില്‍ മൂഷികദമ്പതികളുടെ സൈ്വരസല്ലാപമോ അടുത്ത മുറിയില്‍ കുട്ടികളുടെ കൂര്‍ക്കംവലിയോ മാത്രം ഇടയ്ക്കിടെ ആ ഏകാന്തതയെ ഞ്ജിച്ചുകൊണ്ടിരുന്നു. മേശപ്പുറത്തിരുന്ന വിളക്കിന്റെ വെളിച്ചം ജനാലയില്‍ക്കൂടി വെളിയില്‍ കടന്ന് അവിടത്തെ കനത്ത കൂരിരുട്ടിന് ഭീകരമായ നിറഭേദം കൊടുത്തു. അയല്‍വാസികളായ കൂമകുടുംബാംഗങ്ങളുടെ മൂളലുകള്‍ ഒരു താക്കീതു പോലെ മുഴങ്ങി. ഞാന്‍ സ്വതേ ഒരു ഭീരുവായിരുന്നു എന്നു തുറന്നുപറയാം. പരിസരങ്ങള്‍ മാറ്റുകൂട്ടിയ ഇപ്പോള്‍ പ്രത്യേകിച്ചും.
ജനാല അടച്ചു കുറ്റിയിട്ടു. വിളക്ക് തിരിനീട്ടി. കുട്ടികള്‍ ഉണര്‍ന്നു കരയുന്നുണ്ടോ എന്നു ശ്രദ്ധിച്ചിട്ട് വീണ്ടും യഥാസ്ഥാനത്തുവന്നിരിപ്പായി. ഏതായാലും ഇന്നെനിക്ക് എഴുതിയേ തീരൂ... എന്തിനെപ്പറ്റിയാണ് വേണ്ടത്? എങ്ങനെ തുടങ്ങണം? എഴുതുവാനിരുന്നപ്പോഴാണ് അതിന്റെ വൈഷമ്യങ്ങള്‍ എന്നെ അഭിമുഖീകരിച്ചത്. കഥയെഴുത്ത് ഒരു സുഖകരമായ പണിയല്ല. പ്രത്യേകിച്ചും എന്നെപ്പോലെ അന്തസ്സും ആിജാത്യവും വിടാതെ ആദര്‍ശാത്മകത്വം പുലര്‍ത്തിപ്പോരുന്ന ഒരു സ്ത്രീക്ക്. സമകാലീനപ്രശ്‌നങ്ങളുടെ ചൂടുപിടിച്ച് സജീവകഥാബന്ധങ്ങളാവിഷ്‌കരിക്കുമ്പോള്‍ ആരുടെയൊക്കെ-എങ്ങനെയൊക്കെയുള്ള എതിര്‍പ്പുകള്‍ സഹിക്കണം. എതിരാളിയുടെ ആയുധം തെറിയായിരിക്കുമ്പോള്‍ അതേ അമ്പുകള്‍കൊണ്ടെതിര്‍ക്കാനെനിക്കു കഴിയുമോ? ജാതികളുടെ ആചാരങ്ങള്‍ തൊട്ടുകൂടാ...മതനിബന്ധനകളെ സമീപിക്കപോലുമരുത്. സാഹിത്യത്തിലെ നൂറു നൂറു പ്രസ്ഥാനക്കാരിലാരുടെ ശകാരമാണ് കേള്‍ക്കേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിക്കേണ്ടിയുമിരിക്കുന്നു...ഓ...ദുരിതം...ഒന്നും വേണ്ടാ...
ആരോടെന്നില്ലാത്ത അമര്‍ഷാവത്തില്‍ പേന മേശപ്പുറത്തു വലിച്ചെറിഞ്ഞ് കസാലയിലേക്ക് തലചായിച്ചു കണ്ണുമടച്ചു ഞാന്‍ കിടപ്പായി. ആ കിടപ്പില്‍ അനേകമനേകം കഥാപാത്രങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. കണ്ടിട്ടുള്ളവരും ഇല്ലാത്തവരും ജീവിച്ചിരിക്കുന്നവരും മരിച്ചവരും. സ്ത്രീകളും പുരുഷന്മാരും. വേദനകൊണ്ട് പിടയ്ക്കുന്ന ജീവികള്‍. അവര്‍ക്ക് ശബ്ദമില്ല. പക്ഷേ, ആ ഹൃദയത്തുടിപ്പുകളില്‍ മേഘഗര്‍ജ്ജനങ്ങളും മിന്നല്‍പിണരുകളുമിളകുന്നു. അവ പകര്‍ത്താനാജ്ഞാപിക്കയാവുമോ?...എനിക്കും ഭയം തോന്നി. ലേശമൊരാവേശവും...പെട്ടെന്ന് അടുത്ത മുറിയില്‍ നിന്ന് ആരുടെയോ കാല്പാടുകള്‍ അടുത്തടുത്തു വരുംപോലെ ഒരു ശബ്ദം.
