ഒരു ഘോഷയാത്രയ്ക്ക് വഴിയൊരുക്കാനെന്നപോലെ ഇടനാഴിയുടെ ഓരത്തേക്ക് ചേർന്നുനിന്ന് രാജീവൻ അയാളുടെ വരവ് കൗതുകപൂർവ്വം വീക്ഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഒരു സംഘം താഴെനിന്ന് അയാളെ രാജകീയമായി ആനയിച്ചു കൊണ്ടുവരികയായിരുന്നു. ലിഫ്റ്റിൽ നിന്നിറങ്ങി ഇടനാഴിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആ പരിവാരങ്ങൾക്ക് നടുവിലായിരുന്നിട്ടും അലക്ഷ്യമായ ഒരു നോട്ടത്തിനിടയിലൂടെ അയാൾ തന്നെ കണ്ടുവെന്ന് രാജീവന് മനസ്സിലായി. ഏതോ പൂർവ്വസ്മരണയിലേക്ക് കാൽ വഴുതിപ്പോയതുപോലെ അയാളുടെ കാൽവയ്പുകൾക്ക് പെട്ടെന്ന് സ്പീഡ് കുറഞ്ഞതും രാജീവൻ ശ്രദ്ധിച്ചു. ഒരു നിമിഷത്തിന്റെ ചെറിയൊരു അംശം മാത്രം നീണ്ട സ്ലോമോഷൻ. പിന്നെ സ്വാഭാവികമായ ശരീരഭാഷയിലേക്ക് അതിവേഗം തിരിച്ചെത്തി അയാൾ സെമിനാർ ഹാൾ ലക്ഷ്യം വച്ച് നടന്നു. എല്ലാവരും അദ്ദേഹം എന്ന് ആദരിക്കുന്ന ഒരാളെ അയാൾ എന്നു വിശേഷിപ്പിക്കാൻ പാടുണ്ടോ എന്നറിയില്ല. അയാൾ ഇപ്പോൾ പഴയ രമേശൻ അല്ല, പ്രൊഫസർ രമേഷ് ബാബു ആണ്. കേന്ദ്രസർവ്വകലാശാലയിലെ ഇംഗ്ലിഷ് അധ്യാപകൻ എന്ന നിലയിൽ രാജ്യം മുഴുവൻ ബഹുമാനിക്കപ്പെടുന്ന ആൾ.
പ്രൊഫസ്സർ രമേഷ്ബാബു നടന്നു മറഞ്ഞ ഇടനാഴിയുടെ വിജനതയിലേക്ക് നോക്കിനിൽക്കുമ്പോൾ രാജീവൻ കാണുന്നത് മുപ്പത്തെട്ടു വർഷം പഴക്കമുള്ള ഒരു വോളിബോൾ കോർട്ടിന്റെ ആളൊഴിഞ്ഞ ഗാലറിയാണ്. ആ ഗാലറിയിലിരുന്ന് സഖാവ് ലെനിനെയും മാവോയെയും പറ്റി വാചാലനാവുന്ന രമേശനെയാണ്. അയാൾ കൈവശം വച്ചിരുന്ന ചെ ഗുവേരയെപ്പറ്റിയുള്ള പുസ്തകമാണ്. ആ രമേശനിൽനിന്നാണ് ഈ രമേശൻ വരുന്നത് എന്ന് വിശ്വസിക്കാൻ വളരെ പ്രയാസം തോന്നുന്നു. മെലിഞ്ഞു നീണ്ട, വെയിലേറ്റ് കരിവാളിച്ച പഴയ രൂപവുമായി ഒരു വിധത്തിലും പൊരുത്തപ്പെടാത്ത തരത്തിൽ കാലം അയാളുടെ രൂപത്തെ മാറ്റിപ്പണിതിരിക്കുന്നു. തടിച്ച ശരീരം. കുടവയർ. പാതിയും നരച്ച അല്പം നീണ്ട മുടി ചീകാതെ പിന്നിലേക്ക് കോതിയിട്ടിരിക്കുന്നു. പാന്റ്സിലേക്ക് ഇൻസേർട്ട് ചെയ്ത വിലയേറിയ ബ്രാൻഡഡ് ഷർട്ട്. പോളീഷിന്റെ തിളക്കംകൊണ്ട് മിന്നൽവെളിച്ചം പരത്തുന്ന ഷൂസ്. ക്ലീൻ ഷേവ് മുഖം. സ്വർണഫ്രെയിമുള്ള ഒരു കണ്ണടയും. ഒറ്റ നോട്ടത്തിൽ ത്തന്നെ ഒരു പ്രൊഫസറുടെ പരിവേഷമുണ്ട്.
