1. എലിയുടെ മരണവെപ്രാളം
1962 ഡിസംബർ 16-ന് വെളുപ്പാൻകാലത്ത്, ചാണകം മെഴുകിയ തറയിൽ ഒരു പുൽപ്പായയിലാണ് കിടക്കുന്നതെന്നു സങ്കല്പിച്ച്, യശോദ കണ്ണുതിരുമ്മി എഴുന്നേൽക്കാൻ ശ്രമിച്ചു. ചൈനീസ് അതിക്രമത്തോടു പൊരുതി ക്ഷീണിച്ച് പ്രധാനമന്ത്രി നെഹ്റു അടക്കം എല്ലാ ഇന്ത്യക്കാരും ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പറമ്പിന്റെ വേലിയോടു ചേർന്നുനിൽക്കുന്ന തേൻചാടി മാവിന്റെ ചില്ലയിൽ മരപ്പെയ്ത്തിന്റെ മർമരം മാത്രം അവശേഷിപ്പിച്ച് രാത്രി മടങ്ങുകയാണ്. യശോദയുടെ ചുണ്ടുകളിലും കണ്ണുകളിലും ഉറക്കച്ചടവിന്റെ മുള്ളുവേലികൾ വളർന്നിരുന്നു. ഭയാനകമായ ഒരു സ്വപ്നദർശനത്തിൽ ഉറുമ്പുകളും തേരട്ടകളും അച്ചിളുകളും വേട്ടാളിയൻമാരും അവളുടെ മുഖം രാത്രി മുഴുക്കെ കയ്യേറിയിരുന്നു. ഓർമകളുടെ ദുഃസ്വപ്നാടനം. അതിന്റെ പാടുകളിൽ മുഖമാകെ നീറുന്നുണ്ടായിരുന്നു. തലയ്ക്കുമുകളിലെ പച്ചിലപ്പന്തലിലെ ഇടുങ്ങിയ കിളിവാതിലിൽകൂടി മരണം തീണ്ടിയ കാറ്റും വെളിച്ചവും ഞെരുങ്ങി കടന്നുവന്നു.
ആദ്യനോവലിന്റെ ആദ്യവരികൾ എഴുതിത്തുടങ്ങിയത് ആ രാത്രിയുടെ ഏതു സന്ധിയിലാവാം. യശോദയ്ക്ക് ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. കഥാപാത്രങ്ങൾ മരണത്തെയും കാലത്തെയും വെല്ലുവിളിച്ച് ജീവിതം പ്രഖ്യാപിക്കുകയായിരുന്നു എന്നുമാത്രം യശോദ വിചാരിച്ചു. എഴുത്തിലെ കാലം തന്റെ കാലമായി മാറിയതിന്റെ ഉൾത്തരിപ്പിൽ അവൾ അടുത്ത വരി കുറിച്ചു.
