പൂതപ്പാനി

Short Story

പൂതപ്പാനി


''കൈക്കോട്ടിനു തള്ളയിടാൻ കാഞ്ഞിരക്കൊമ്പ് വെട്ടിക്കോട്ടേ'' എന്നു ചോദിച്ച് റെസിഡെൻഷ്യൽ അസോസ്സിയേഷൻ രക്ഷാധികാരി ഹരിദാസ് ഡോക്ടറുടെ ജോലിക്കാരൻ ദിവാകരൻ,രാഘവൻമാഷിനെ കാണാൻവന്ന തിങ്കളാഴ്ചവരെ എല്ലാം സാധാരണനിലയിലായിരുന്നു.

''അതിനെന്താ ദിവാകരാ നല്ല കൊമ്പുനോക്കി കൊത്തിക്കോടോ...''

മാഷിന്റെ വാക്കുകൾ കേട്ടപാടെ ആവേശത്തോടെ കാഞ്ഞിരത്തിലേക്ക് ഓടിക്കയറി അയാൾ ഇലപ്പടർപ്പിലേക്ക് നൂണ്ടു. കാണാൻ പറ്റുന്നില്ലെങ്കിലും കൈമഴു ചുഴറ്റി വെട്ടുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ മാഷ് വീടിനകത്തേക്കുപോയി. പെട്ടെന്ന് വീടും ചുറ്റുമുള്ള എല്ലാ മരങ്ങളും ഉലച്ചുകൊണ്ട് ഒരലർച്ച പൊട്ടിവീണു. വീടിനുവെളിയിലേക്ക് ഓടിയെത്തുമ്പോഴേക്കും കാഞ്ഞിരക്കീഴിൽ മഴു ഉപേക്ഷിച്ച് ദിവാകരൻ ഒരു നിലവിളിയായി പാഞ്ഞു പോയിരുന്നു.അയാൾക്ക് പിറകേ ഒരു കുഞ്ഞുവിമാന ഇരമ്പൽ കടന്നുപോയി. അടുത്തുള്ള അമ്പലക്കുളത്തിലേക്ക് എടുത്തുചാടി കുറെ നേരം ശ്വാസം പിടിച്ചു മുങ്ങിക്കിടന്ന് വെള്ളത്തിനു മുകളിൽ വന്നപ്പോഴേക്കും കണ്ണുകൾ തുറക്കാൻ പറ്റാത്ത വിധം അയാളുടെ മുഖം വീങ്ങിയിരുന്നു.അരയോളം വെള്ളത്തിൽനിന്ന് കരയിലേക്കു കയറിയതും ബോധം മറഞ്ഞ് മണ്ണിലേക്കു വീണതും ഒരുമിച്ചായിരുന്നു.


Related Articles