പൂതപ്പാനി

Short Story

പൂതപ്പാനി


(ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പാതിരാലീല എന്ന സമാഹാരത്തിലുള്ള ഈ കഥ, ഡോ ജയശ്രീ കളത്തിൽ 'Hornets' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരുന്നു. അനസ്താസിയ ലെവ്ചെൻകോവ് ഇതേ കഥ ഇപ്പോൾ റഷ്യനിലേക്കും വിവർത്തനം ചെയ്തിരിക്കുന്നു.)

കൈക്കോട്ടിനു തള്ളയിടാൻ കാഞ്ഞിരക്കൊമ്പ് വെട്ടിക്കോട്ടേ എന്ന് ചോദിച്ച് രാഘവൻമാഷിനെ കാണാൻ ദിവാകരൻ വരുന്നതുവരെ എല്ലാം സാധാരണനിലയിലായിരുന്നു.

“അതിനെന്താ ദിവാകരാ നല്ല കൊമ്പുനോക്കി കൊത്തിക്കോടോ...”

മാഷിന്റെ വാക്കുകൾ കേട്ടപാടെ ആവേശത്തോടെ കാഞ്ഞിരത്തിലേക്ക് ഓടിക്കയറി അയാൾ ഇലപ്പടർപ്പിലേക്ക് നൂണ്ടു.റെസിഡൻഷ്യൽ അസോസിയേഷൻ രക്ഷാധികാരി ഹരിദാസ് ഡോക്ടറുടെ ജോലിക്കാരനാണ് ദിവാകരൻ എങ്കിലും എല്ലാവർക്കും ഉപകാരിയായിരുന്നു അയാൾ. കാണാൻ പറ്റുന്നില്ലെങ്കിലും കൈമഴു ചുഴറ്റി വെട്ടുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ മാഷ്‌ വീടിനകത്തേക്ക് കയറി. ഉടൻ വീടും ചുറ്റുമുള്ള എല്ലാ മരങ്ങളും ഉലച്ചുകൊണ്ട് ഒരലർച്ച പൊട്ടിവീണു. വെളിയിലേക്ക് ഓടിയെത്തുമ്പോഴേക്കും കാഞ്ഞിരക്കീഴിൽ മഴു ഉപേക്ഷിച്ച് ദിവാകരൻ ഒരു നിലവിളിയായി പാഞ്ഞുപോയിരുന്നു. അയാൾക്ക് പിറകേ ഒരു ഇരമ്പൽശബ്ദം കടന്നുപോയി. നാലഞ്ചുവീടുകൾക്കപ്പുറത്തുള്ള അമ്പലക്കുളത്തിലേക്ക് എടുത്തുചാടി കുറേ നേരം ശ്വാസം പിടിച്ച് മുങ്ങിക്കിടന്ന് വെള്ളത്തിനു മുകളിൽ വന്നപ്പോഴേക്കും കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അയാളുടെ മുഖം വീങ്ങിയിരുന്നു.അരയോളം വെള്ളത്തിൽനിന്ന് കരയിലേക്ക് കയറിയതും ബോധം മറഞ്ഞ് ദിവാകരൻ മണ്ണിലേക്ക് വീണതും ഒരുമിച്ചായിരുന്നു.


Related Articles