പൂമ്പാറ്റവേട്ട

Short Story

പൂമ്പാറ്റവേട്ട


ണാവധിദിനങ്ങളിൽ ഏതാണ്ട് ഒറ്റക്കുറുക്കന്റെ അവസ്ഥയായിരുന്നു എന്റേത്, അമ്മയ്ക്ക് അവധിദിവസങ്ങൾ ഉണ്ടാ​യിരുന്നോ... ആവോ... ഞാൻ കണ്ടിട്ടേയില്ല, എന്നും പണി​യാണ്. നവ്യേട്ടൻ വായനയും ചെങ്ങായിമാരുമായി തിര​ക്കിലുമാണ്. ഓണക്കാലമായാൽ വൃന്ദാവൻ ലൈൻ മുഴു​വനും കുറേയധികം പൂമ്പാറ്റകൾ പാറിനടക്കും. ആ അതി​മനോഹരജീവികളെ കോളനി​യിലെ ബാക്കി ജനങ്ങൾ കാണുകയോ അവയുടെ സൗന്ദര്യത്തിൽ മനം മറന്ന് നോക്കിയിരിക്കുകയോ ചെയ്യില്ല. ഈ കോളനിയിൽ എല്ലാം മാന്ത്രികമാണ്, മുഖത്ത് വെച്ചുകെട്ടിയിട്ടുള്ള ചില ഭാവങ്ങളാണ്. ആളുകൾക്കനുസരിച്ച് തലയിൽ ഫീഡ് ചെയ്തിരിക്കുന്ന ഭാവങ്ങൾ വേണ്ട വിധത്തിൽ എറിയാനറിയുന്ന മാന്ത്രികരാണ് കോളനിനിവാസികൾ. ചെറിയ കുഞ്ഞിയെന്ന പരിഗണനപോലുമില്ലാതെ കണ്ടാലും കാണാത്തതു​പോലെ നടിക്കുന്നവരും എന്നാൽ ഉള്ളുനിറഞ്ഞ് എന്നെനോക്കി ചിരിക്കുന്നവരും കോളനിയി​ലുണ്ട്. ഈ ജനങ്ങൾ ഓണനാളു​കളിലെ പൂമ്പാറ്റക്കൂട്ടങ്ങളെ കാണാത്തതിൽ അതിശയങ്ങളില്ല. എന്നാൽ എന്റെയും നവ്യേട്ടന്റെയും തവിട്ടുനിറമുള്ള വലിയ കണ്ണുകളിൽ അവയങ്ങനെ ചിറകു​കൾ വിരിച്ച് മതിമറന്നു പാറിനടന്നു.

അവധികളിൽ മറ്റു മനുഷ്യരുമായി ബന്ധമില്ലാത്ത ഞാൻ എന്റെ ലോകത്തിന്റെ ആഴം എന്റെയുള്ളിലേക്കുതന്നെ വ്യാപിപ്പിച്ചുകൊണ്ടേയിരുന്നു. എന്റെ സൗഹൃദം തൊടിയിലെ പൊടുണ്ണിയിലും പുളിമരത്തിലും വരിക്കയിലും പടർന്നുകയറി. ഞാനെന്റെ കാല്പാദത്തെയും വിര​ലുകളെയും ലെതർഭാരങ്ങളില്ലാതെ സ്വതന്ത്രമാക്കി, എന്റെ മണ്ണിൽ വേരുകളുറപ്പിച്ചു. വീട്ടുമുറ്റത്തെ ആത്തച്ചക്കമരത്തിൽ വലിഞ്ഞുകയറി ഏറ്റവും താഴത്തെ കൊമ്പിൽ കാലുകൾ ആട്ടിയിരിക്കുന്നതാണ് ഈ ദിവസങ്ങളിലെ ഉച്ചയുറക്കം കഴിഞ്ഞപാടെയുള്ള ആനന്ദം! ഇത്താത്ത കറിവേപ്പിന് വളമൊഴിക്കുന്നതും വാര്യർടെ മകൻ ജോലികഴിഞ്ഞു വീട് തിരിക്കുന്നതും നാട്ടിൽ ഡോർസ്റ്റെപ് ഡെലിവറി ജനകീയമാക്കിയ ഫിറോസിക്ക പലചരക്ക് സാധനങ്ങൾ തന്റെ സ്‌കൂട്ടറിൽ വീടുകളിൽ എത്തിക്കുന്നതുമെല്ലാം ഞാൻ കൊമ്പിനു മുകളിലിരുന്നു നിരീക്ഷിക്കുമ്പോഴാണ് പുതിയ കളിയുമായി നവ്യേട്ടൻ എന്നെ സമീപിക്കുന്നത്.

ഇത്തവണ തീർത്തും അസാധാരണമായൊരു കളി​യാണ്! ആശാന്റെ കൈയിൽ രണ്ട് ഹോർലിക്‌സ് കുപ്പികൾ ഉണ്ടായിരുന്നു. പൊതിഞ്ഞിരിക്കുന്ന പേപ്പർകവർ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കിയ ഹോർലിക്‌സിന്‍റെ രണ്ട് ചില്ലുകുപ്പികൾ. അതി​ലൊരു കുപ്പി എനിക്ക് നേരേ നീട്ടി​കൊണ്ട് നവ്യേട്ടൻ പറഞ്ഞു: “കിങ്ങിണിയേ, ആരാ കൂടു​തൽ പൂമ്പാറ്റകളെ കുപ്പികളിലാക്കാന്ന് നോക്കി​യാലോ? കുപ്പി പൊട്ടിക്കരുത്.”


Related Articles