കുളിക്കുന്നതിനിടയിൽ അമ്മ തലയിടിച്ച് വീണ് ആശുപത്രിയിലാണെന്ന ഫോൺ വരുമ്പോൾ നീലിമയും കുളിക്കുകയായിരുന്നു. അവൾ സോപ്പ് തേക്കാതെ ഒരു തോർത്തിൽ ശരീരം പൊതിഞ്ഞ് പുറത്തിറങ്ങി. മാനേജറെ വിളിച്ച് വിവരം അറിയിച്ച് തൽക്കാലം ഒരാഴ്ചത്തേക്കുള്ള ലീവ് വാങ്ങി. ഇനി നാട്ടിൽ പോകാനുള്ള മാർഗം കണ്ടുപിടിക്കണം. ബസ് വരാൻ വൈകും. അതുകൊണ്ട് ഫ്ലൈറ്റിൽ പോകാമെന്ന് തീരുമാനിച്ചു. ഏറ്റവുമടുത്ത ഫ്ലൈറ്റ് തന്നെ ബുക്ക് ചെയ്തു. എയർപോർട്ടിൽ നിന്ന് നാലുമണിക്കൂറുണ്ട് വീട്ടിലെത്താൻ. ബസ്സിനെ വെച്ച് നോക്കുമ്പോൾ കഷ്ടിച്ചു മൂന്നു മണിക്കൂർ ലാഭം. അധികമൊന്നും ആലോചിക്കാതെ കണ്ണിൽ കണ്ടതെല്ലാം അവൾ പാക്ക് ചെയ്യാൻ തുടങ്ങി.
അമ്മയ്ക്ക് ഇപ്പോൾ അറുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു. ആദ്യത്തെ അറ്റാക്ക് വന്നപ്പോൾ തൊട്ട് തന്റെ കൂടെ വന്ന് നിൽക്കാൻ പറയുന്നു. വാശിയാണ് ഇത്രയും കാലം തനിച്ചു ജീവിച്ചതിന്റെ വാശി, എന്തുവന്നാലും എൻറെ കൂടെ ജീവിക്കില്ലെന്ന വാശി. പഴയ സ്കൂൾ ടീച്ചറുടെ പെൻഷൻ പണം മതിയല്ലോ അമ്മയ്ക്ക് ജീവിക്കാൻ എന്ന ധാർഷ്ട്യം. ഇനിയിപ്പോൾ ഞാനെല്ലാം ഇട്ടെറിഞ്ഞു അവിടെ പോയി നിൽക്കാമെന്ന് വിചാരിച്ചാൽ ഒരാഴ്ചയിൽ കൂടുതൽ എനിക്ക് അമ്മയുടെ കൂടെ നിൽക്കാൻ പറ്റില്ല. നിരന്തരം വഴക്ക് ഒന്നുകിൽ അമ്മ വീട് വിട്ടുപോകും അല്ലെങ്കിൽ ഞാൻ ഇറങ്ങി പോകും. പണ്ട് അച്ചാച്ചൻ പറയുമായിരുന്നു എന്റെയും അമ്മയുടെയും ജാതകങ്ങൾ തമ്മിൽ ചേരില്ലെന്ന് ആവോ! എന്തൊക്കെയാണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു അകലം എപ്പോഴും അനിവാര്യമാണ്. കഴിഞ്ഞവർഷം വീട്ടിൽ പോയപ്പോൾ അമ്മയുടെ അക്കൗണ്ടിൽ നിന്ന് കാണാതായ പതിനായിരം രൂപ ഞാൻ എടുത്തുവെന്ന് പറഞ്ഞ് വഴക്ക് തുടങ്ങി. കുറേനേരം ഞാൻ മിണ്ടാതിരുന്നു. ഞാനല്ല എടുത്തതെന്ന് പറഞ്ഞ് ബാങ്ക് സ്റ്റേറ്റ്മെൻറ് വരെ കാണിച്ചുകൊടുത്തു. എല്ലാം ഞാൻ ചെയ്ത തട്ടിപ്പ് എന്നായിരുന്നു അമ്മയുടെ വശം."എനിക്ക് നിങ്ങളുടെ പൈസ വേണ്ട ജീവിക്കാൻ"എന്ന് ഞാൻ തിരിച്ചടിച്ചു. അന്ന് ആ സ്ത്രീ എന്നെ കൊല്ലുമോയെന്ന് ഞാൻ ഭയപ്പെട്ടു. തന്തയില്ലാതെ എന്നെ വളർത്തിയതിന്റെ കണക്കുകൾ ഗതിവേഗം ഒഴുകിയെത്തുവാൻ തുടങ്ങി. എൻറെ തല പൊട്ടിപൊളിഞ്ഞതുപോലെ എനിക്ക് തോന്നി. എന്നാൽ "എന്തേ വേറെ കെട്ടാത്തത്" എന്ന് ഞാനും തിരിച്ച് ചോദിച്ചു. അമ്മ പറഞ്ഞ വാക്കിലെ നികൃഷ്ടത ഇപ്പോഴും എന്റെ ചെവിയിലുണ്ട്.'നന്ദികെട്ട മൃഗം.'
ഞാൻ പറഞ്ഞത് കൂടിപ്പോയെന്ന് പിന്നീടെനിക്ക് തോന്നി. ഇനി തോന്നിയിട്ടും കാര്യമില്ല പറയേണ്ടത് പറഞ്ഞു കഴിഞ്ഞു. ഇരുപതിനായിരം രൂപ യു പി ഐ ചെയ്ത് ഞാൻ കിട്ടിയ വണ്ടിക്ക് വീട് വിട്ടു. പിന്നെ ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു ഒന്നോ രണ്ടോ മിനിറ്റ് മാത്രം നീളുന്ന സംഭാഷണങ്ങൾ അത്രമാത്രം. ഈയിടെ വാട്സാപ്പിൽ എന്നെ എടുത്തിരിക്കുന്ന ചെറുപ്പത്തിലെ ഫോട്ടോ അമ്മ പ്രൊഫൈൽ പിക്ചർ ആക്കിയത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നിയെന്നത് സത്യമാണ്. ഓരോന്നോർത്തിരിക്കുമ്പോൾ ടാക്സി എയർപോർട്ടിൽ എത്തിയിരിക്കുന്നു. ചെക്ക് ഇൻ കഴിഞ്ഞു ഒന്നുവന്നിരുന്നപ്പോൾ നാട്ടിൽ നിന്നും മാമൻറെ കോൾ വന്നു. അമ്മ അപകടനില തരണം ചെയ്തെന്നും പേടിക്കാൻ ഒന്നുമില്ലെന്നും മാമൻ പറഞ്ഞു. അവൾക്ക് തെല്ലൊരാശ്വാസം തോന്നി. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തപ്പോൾ അവളും അറിയാതെ ഉറങ്ങിപ്പോയി. പതിവുപോലെ എയർപോർട്ടിന് പുറത്ത് അവളെ ആരും കാത്തിരിക്കുന്നുണ്ടായിരുന്നില്ല. ഹോസ്പിറ്റൽ എത്തിയപ്പോൾ എൻട്രൻസിൽ അവളെയും കാത്ത് മാമൻ നിൽക്കുന്നുണ്ടായിരുന്നു.
