തമ്പാനൂര്‍ ബസ്‍സ്റ്റാന്‍റ് രാവിലത്തെ തിരക്കുകള്‍ ഒഴിഞ്ഞ് സമാധാനമായി ഒന്നു ശ്വസിച്ചു തുടങ്ങിയിരിക്കുന്നു. സ്കൂള്‍കുട്ടികളും ഓഫീസ് ഉദ്യോഗസ്ഥരും കൂലിപ്പണിക്കാരുമൊക്കെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാവും. സ്റ്റാച്യൂ ഭാഗത്തേക്ക് പോകുന്ന വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന് മറപറ്റി കുറച്ചധികം കസേരകള്‍ അങ്ങിങ്ങായി നിരത്തിയിട്ടിരുന്നു. അതിലൊന്നിലാണ് ക്ലാര ഇരുന്നിരുന്നത്. ചുവപ്പില്‍ വെള്ള ലില്ലിപ്പൂക്കള്‍ നിറഞ്ഞ തന്‍റെ പോളിസ്റ്റര്‍ സാരി അവര്‍ ഇടക്കിടെ തൊട്ടുതലോടിക്കൊണ്ടിരുന്നു. സാധാരണ താൻ ഇത്തരത്തില്‍ ഫാന്‍സിയായതോ ആകര്‍ഷകമായതോ ഒന്നും ധരിച്ചിരുന്നില്ലല്ലോ, അഗസ്റ്റിനുണ്ടായിരുന്നപ്പോള്‍ പോലും. ഇതിപ്പോള്‍ അയാളൊരു ആഗ്രഹം പറഞ്ഞത് എന്തുകൊണ്ടോ നിഷേധിക്കാന്‍ മനസ്സനവുദിച്ചില്ല. അയാള്‍ ?
മൂന്നു ദിവസങ്ങള്‍ മുന്‍പുവരെ ഡേറ്റിങ് ആപ്പില്‍ “എ” എന്ന ഷോര്‍ട്ട്നെയിമില്‍ മാത്രമാണ് ആ വ്യക്തിയെ താനറിഞ്ഞിരുന്നത്. ഇന്നയാള്‍ക്കൊരു പേരുണ്ട്.
“ശെരിക്കും നിങ്ങളുടെ പേര് ആന്‍റണിയെന്നാ ?”
ഇത്രയും നാള്‍ പേര് വെളിപ്പെടുത്താന്‍ വിമുഖത പ്രകടിപ്പിച്ചിരുന്ന ആള്‍ക്കിതെന്തു പറ്റിയെന്ന ആശ്ചര്യത്തില്‍ അവര്‍ ചോദിച്ചു പോവുകയായിരുന്നു.
