ഇവിടെ വന്നിട്ടെത്ര ദിവസമായെന്നറിയില്ല. അവിടവിടെ കീറിയ കിടക്കയിൽ കട്ടിപ്പുതപ്പിനടിയിൽ കിടന്ന് വിരലിൽ കണക്ക് കൂട്ടാൻ ശ്രമിക്കുകയായിരുന്നു മായ. ദിവസക്കണക്കും മാസക്കണക്കുമൊക്കെ പിടി തരാതെ വഴുതി മാറാൻ തുടങ്ങിയിട്ട് കുറെ ആയി. ചുമരിലെ ഇത്തിരി വിടവിൽക്കൂടി കാണുന്ന ആകാശത്തു നിറയെ വണ്ടുകൾ തന്നെ നോക്കിയിരിപ്പുണ്ടെന്നും അതിലൊരു വണ്ട് ഉടനെ തന്റെ തലക്കുള്ളിൽ വന്നിരുന്ന് കച്ചേരി തുടങ്ങുമെന്നും അവൾ മനസ്സിലോർത്തു. അതിനിടെ കിട്ടുന്നതിന് മുൻപ് തന്നെ അല്പം മുൻപ് കഴിച്ച ഉറക്കഗുളിക യുദ്ധം തുടങ്ങിയിരുന്നു. ഉറക്കത്തിലേക്ക് വീഴുമ്പോൾ കട്ടിൽത്തലക്കൽ വന്നിരുന്ന ഞിഞ്ഞമ്മയെ പുകമഞ്ഞിനിടയിലൂടെന്ന പോലെ അവൾ കണ്ടു.
എല്ലാം തുടങ്ങിയത് കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്. പകലങ്ങനെ പതുക്കെ തെളിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തലേന്ന് രാത്രി തൊട്ട് ശാപമോക്ഷം കാത്തു സിങ്കിൽ കിടക്കുന്ന, പുളിച്ചുനാറുന്ന എച്ചിൽപാത്രങ്ങൾക്കിടയിലായിരുന്നു മായ. ചവച്ചു വലിച്ച് ആകൃതി നഷ്ടപ്പെട്ട പച്ചക്കറിക്കഷ്ണങ്ങൾ പെറുക്കി വേസ്റ്റ്ബിന്നിലിടുമ്പോഴും തലേന്ന് രാത്രിയിലെ നശിച്ച തലവേദനയെയായിരുന്നു അവൾ പ്രാകിയത്. പുളിച്ചു തേട്ടി നിൽക്കുന്ന അടുക്കളയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ആനന്ദിന്റെ അമ്മയുടെ മുഖം മാറുന്നത് നേരിട്ട് കണ്ടാലെന്ന പോലെ അവൾക്കൂഹിക്കാനാവുണ്ടായിരുന്നു. യന്ത്രം കണക്കെ പാത്രങ്ങൾ കഴുകി കമഴ്ത്തുന്നതിനിടക്കാണ് കൈച്ചുളിവുകളിൽ കണ്ണുടക്കിയത്. എച്ചിൽപാത്രത്തിലെ തുപ്പലാണോ കുത്തുന്ന മണമുള്ള സോപ്പാണോ ഏതാണ് പണി പറ്റിച്ചതെന്നറിയില്ല, രണ്ടു കൈകളും വെള്ളം കിട്ടാത്ത മണ്ണ് പോലെ വരണ്ടും അലക്കിത്തേക്കാത്ത തുണി പോലെ ചുളിഞ്ഞുമിരിക്കുന്നു. രണ്ടാഴ്ചയായതെ ഉള്ളൂവെങ്കിലും കല്യാണമൈലാഞ്ചി നിറം കെട്ടിരിക്കുന്നു. അപ്പോഴാണ് അന്ന് വരെയില്ലാത്ത ചുളിവുകൾ കയ്യിൽ തെളിയുന്നത്. നോക്കിയിരിക്കുന്തോറും പണ്ട് സൊറ പറയാൻ വരാറുണ്ടായിരുന്ന ദേവക്യമ്മയോട് മുത്തശ്ശി തമാശയായി പറയാറുള്ളത് ഓർമ്മ വന്നത്.
"അല്ലേലും ഈ വീട്ടിലെ പെണ്ണുങ്ങൾക്ക് ഒരേ മൊകച്ചായ ഒന്നും അല്ല. ഒരേ കൈച്ചായയാണ്. ആ പത്തിരുപത്തെട്ട് വയസ്ള്ള സാവിത്രീടേം എഴുപത്തൊമ്പത് വയസ്ള്ള ന്റേം കൈ നോക്ക്യോക്ക്. രണ്ടും ഒരേ പോലെ ല്ലേ?"
