നെയ്പ്പായസം

Short Story

നെയ്പ്പായസം


ചുരുങ്ങിയതോതില്‍ ശവദഹനം കഴിച്ചുകൂട്ടി, ഓഫീസിലെ സ്‌നേഹിതന്മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ച്, രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛന്‍ എന്നു വിളിക്കാം. കാരണം, ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളു. അവര്‍ അയാളെ ''അച്ഛാ'' എന്നാണു വിളിക്കാറുള്ളത്.

ബസ്സില്‍ അപരിചിതരുടെയിടയില്‍ ഇരുന്നുകൊണ്ട് അയാള്‍ ആ ദിവസത്തിനെ ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്തു പരിശോധിച്ചു. രാവിലെ എഴുന്നേറ്റതുതന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്:

''മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ ഉണ്യേ? ഇന്ന് തിങ്കളാഴ്ചയല്ലേ?'' അവള്‍ മൂത്തമകനെ ഉണര്‍ത്തുകയായിരുന്നു. അതിനുശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത്, അവള്‍ അടുക്കളയില്‍ ജോലിതുടങ്ങി. തനിക്ക് ഒരു വലിയകോപ്പയില്‍ കാപ്പി കൊണ്ടുവന്നുതന്നു. പിന്നെ, പിന്നെ, എന്തെല്ലാമുണ്ടായി? മറക്കാന്‍ പാടില്ലാത്ത വല്ല വാക്കുകളും അവള്‍ പറഞ്ഞുവോ? എത്രതന്നെ ശ്രമിച്ചിട്ടും അവള്‍ പിന്നീടു പറഞ്ഞതൊന്നും ഓര്‍മ്മ വരുന്നില്ല. ''മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ? ഇന്ന് തിങ്കളാഴ്ചയല്ലേ?'' ഈ വാക്യം മാത്രം മായാതെ ഓര്‍മ്മയില്‍ കിടക്കുന്നു. അത് ഒരു ഈശ്വരനാമമെന്നപോലെ അയാള്‍ മന്ത്രിച്ചു. അതു മറന്നുപോയാല്‍ തന്റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാള്‍ക്കു തോന്നി.


Related Articles