മുപ്പത്തിമൂന്നു വർഷങ്ങൾക്കുശേഷം നഷ്ടപ്പെട്ടതെന്തോ തേടിക്കൊണ്ടു മധുരയിൽ വന്നെത്തിയതായിരുന്നു ശസ്ത്രക്രിയാവിദഗ്ദ്ധയായ ഡോക്ടർ സുഭദ്രാദേവി. എന്താണു നിങ്ങൾക്കു നഷ്ടപ്പെട്ടത് എന്നു വല്ലവരും ചോദിച്ചിരുന്നുവെങ്കിൽ ആ ചോദ്യത്തിനു തൃപ്തികരമായ ഒരു മറുപടി പറയാൻ സുഭദ്രയ്ക്കു കഴിയുമായിരുന്നില്ല. പണ്ടെങ്ങോ ഈ നഗരത്തിൽവെച്ച് അനുഭവിച്ചുതീർത്ത വേദനയെത്തേടിയാണോ ഈ മടക്കയാത്ര? ആ വേദനയുടെ മാധുര്യം അന്വേഷിച്ചു മാത്രമല്ലേ ഒഴികഴിവുകൾ പറഞ്ഞ് രോഗികളെയും ആശുപത്രി അധികൃതരെയും സമാശ്വസിപ്പിച്ച് താൻ ഡ്രൈവറെയുംകൂടി ഒഴിവാക്കി കാറിൽ ഈ ദീർഘയാത്രയ്ക്കു മുതിർന്നത്? ശസ്ത്രക്രിയ കഴിഞ്ഞ് നീക്കപ്പെട്ട ഒരവയത്തെത്തേടി രോഗി ആശുപത്രിയിലേക്കു മടങ്ങാറുണ്ടോ? ഒരിക്കലുമില്ല. ഈ യാത്ര തന്റെ അവിവേകമാണു വെളിപ്പെടുത്തുന്നത്... സുഭദ്ര തന്നോടുതന്നെ പറഞ്ഞു.
മധുര വിട്ട് മദ്രാസിൽ പഠിച്ചിരുന്നപ്പോഴും പിന്നീടു ഭർത്താവൊന്നിച്ചു കോഴിക്കോട്ട് ജീവിച്ചപ്പോഴും മധുരയെന്ന നഗരം ഒളിമങ്ങിയ ഒരു കിനാവെന്നപോലെ സുഭദ്രയിൽ തങ്ങിനിന്നു. മുല്ലയും പിച്ചകവും ജമന്തിയും കാട്ടുതുളസിയും മണക്കുന്ന തെരുവുകളും കോടി മണക്കുന്ന ജൗളിക്കടകളും മീനാക്ഷിക്ഷേത്രത്തിന്റെ തണുത്ത മിനുത്ത അകത്തളങ്ങളും തിലഹോമത്തിന്റെ തിരികളും സന്ധ്യയ്ക്കു തന്റെ ഗുരുനാഥൻ ആലപിച്ച നീലാംബരിയും സുഭദ്രയുടെ അകത്തു ചിരഞ്ജീവികളായി വാണു. ആ സ്മരണകളെ കുളത്തിൽനിന്നു ചണ്ടികളെയെന്നോണം പറിച്ചു നീക്കുവാൻ അവളുടെ ഭർത്താവു പലപ്പോഴും ശ്രമിച്ചു. ആ സ്മരണകൾ അവളിൽ അവശേഷിക്കുമ്പോൾ അവൾ തന്റെ സ്വന്തമാവുകയില്ലെന്ന് അയാൾ ഭയന്നു.
"മധുരയെപ്പറ്റി സംസാരിക്കുമ്പോൾ സുഭദ്രേ നീ മറ്റൊരാളായി മാറുന്നു.'' അയാൾ പറഞ്ഞു. തന്നെ സംഗീതം അഭ്യസിപ്പിച്ച ബ്രാഹ്മണയുവാവിനെപ്പറ്റി സുഭദ്ര അപൂർവമായി മാത്രം സംസാരിച്ചു. എന്നിട്ടും ആ ഗുരുശിഷ്യബന്ധത്തിന്റെ കറുത്ത നിഴൽ അവളുടെയും ഭർത്താവിന്റെയും നടുവിൽ വീണു കിടന്നു.
