ഒരു യുവസാഹിത്യകാരന് ചില മാർഗ്ഗനിർദ്ദേശങ്ങൾ
കഥകൾകൊണ്ടു കടുംകെട്ടു കെട്ടാം. അതിൻ്റെ ഇഴകൾ പട്ടുനൂലുകൾപോലെ വിടർത്തിയിടാം. ഒരു ജനൽക്കമ്പിയിൽനിന്നു മറ്റൊന്നിലേക്കു ചിലരൊക്കെ വലിച്ചുകെട്ടുന്ന അഴക്കയറില്ലേ? അതിൽ വില കൂടിയതും അല്ലാത്തതുമായ മേലുടുപ്പുകളും അടിവസ്ത്രങ്ങളും അലക്കിവിരിക്കാറില്ലേ? ഇങ്ങനെ പലതും നിനക്കു കഥയിലും വിടർത്തി വിരിക്കാം. ഇടക്കിടെ വരുന്ന നിൻ്റെ റൈറ്റേഴ്സ് ബ്ലോക്ക് മാറാൻ വേണ്ടി പറയുന്നുവെന്നേയുള്ളൂ. നിന്നെപ്പോലെ ഞാനൊരു എഴുത്തുകാരനൊന്നുമല്ല. വെറും വായനക്കാരൻ. നിൻ്റെയൊക്കെ ബുക്ക് ഷെൽഫിലുള്ള കടുകട്ടിയായ പുസ്തകങ്ങൾ പലതും ഞാൻ കണ്ടിട്ടുപോലുമുണ്ടാവില്ല. ജോയ്സിയേയും സുധാകർ മംഗളോദയത്തേയും ഇപ്പോഴും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. പിന്നെ, രസമുള്ള ഒരു കാര്യം പറയട്ടെ. ഞാൻ ഇപ്പറഞ്ഞ എഴുത്തുകാർക്കൊന്നും നിനക്കും വേറെ വലിയ എഴുത്തുകാർക്കും പിടിക്കാറുളള മറ്റേ സൂക്കേടുണ്ടല്ലൊ - റൈറ്റേഴ്സ് ബ്ലോക്ക്, അതു വന്നിട്ടുള്ളതായി കേട്ടിട്ടില്ല. നീയൊക്കെ ഉള്ളിൻ്റെയുള്ളിലേക്ക് തുരന്നു തുരന്നു മനുഷ്യൻ്റെ ആന്തരികസത്ത കണ്ടെത്തുവാൻ നോക്കുമ്പോൾ, ആ പാവത്തുങ്ങൾ വികാരനിർഭരമായ ജീവിതമുഹൂർത്തങ്ങളും അനുഭവങ്ങളും എഴുതിപ്പിടിപ്പിക്കുന്നു. ഒട്ടും മടുക്കാതെ, ബോറടിക്കാതെ എന്നെപ്പോലുള്ളവർ അതെല്ലാം വായിച്ചു രസിക്കുന്നു. നീയൊക്കെ എഴുതുന്നതും ഞാൻ ആസ്വദിക്കാറുണ്ട് കെട്ടോ. ഷങ്കർ പൂങ്കാവനം എന്ന പേരിൽ നീ എഴുതിത്തുടങ്ങിയ കാലം മുതൽ ഞാൻ നിൻ്റെ സൃഷ്ടികൾ ശ്രദ്ധിച്ചിട്ടുണ്ട്. പോരെങ്കിൽ നീ എൻ്റെ അടുത്ത ചങ്ങാതി കൂടിയാണല്ലൊ. നിന്നെപ്പോലുള്ള എഴുത്തുകാർ പലരും കാഞ്ഞ ബുദ്ധിയുള്ളവരാണ്. ഓരോ ഐറ്റവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാം. പണ്ടൊക്കെ നാട്ടുമ്പുറത്തെ നാടകങ്ങളിൽ നായകനും വില്ലനും തമ്മിലടിക്കാൻ കൈവീശിക്കഴിയുമ്പോൾ പെട്ടെന്നു സ്റ്റേജിലെ വെളിച്ചം നിമിഷനേരത്തേക്കു കളയുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. വെളിച്ചം വരുമ്പോൾ വേദിയിൽ കഥകളിവേഷത്തിലുള്ള ഭീമനും ദുശ്ശാസനനുമായിരിക്കും. ഭീമൻ ചെണ്ടയ്ക്കൊപ്പം ഉറഞ്ഞാടി ദുശ്ശാസനനെ കൊന്ന് ചോര കുടിക്കും. അപ്പോൾ വീണ്ടും വെളിച്ചം കെടുത്തും. ലൈറ്റ് വരുമ്പോൾ ഒർജിനൽ വില്ലൻ മരിച്ചു കിടക്കുകയാവും. ഇതൊക്കെ കണ്ടിട്ട് പുതിയ അരങ്ങനുഭവം എന്നൊക്കെ ആ നാടകങ്ങളെപ്പറ്റി ചില ലേഖകന്മാർ പത്രത്തിൽ എഴുതിയതു ഞാൻ വായിച്ചിട്ടുമുണ്ട്. നിനക്കും പരീക്ഷിക്കാം. വേണമെങ്കിൽ തെയ്യം എടുത്ത് കഥയിലോ നോവലിലോ ഒന്നു പണിഞ്ഞു നോക്ക്. വടക്കോട്ട് നല്ല മാർക്കറ്റു കിട്ടും. പടയണി വച്ച് ഒരു കശക്ക് കശക്കിയാൽ വേറൊരു ഏരിയായും പിടിക്കാം. ഹജ്ജ്, ബാങ്ക് വിളി, നിസ്കാരം - ഇതൊക്കെയെടുത്ത് പരമാനന്ദനിർവൃതി ചേർത്ത് ഒന്നുരണ്ട് ഐറ്റം മെനയണം. സെൻസിറ്റീവായ കുറേ വായനക്കാർ അതോടെ നിൻ്റെ കസ്റ്റഡിയിലാവും. പിന്നെ കുരിശുമരണം, തിരുഹൃദയരക്തം പുരണ്ട കുന്തം - വേറെ വകുപ്പിലുള്ള കുറേപ്പേരെ അതോടെ നിൻ്റെ കുപ്പിയിലാക്കാം. അതുകഴിഞ്ഞാൽ വാരണാസിക്കു വിട്ടോളൂ. ഗംഗ, ശ്മശാനം, ഹിമാലയം - എഴുത്തിൽ നിൻ്റെ ദാർശനിക അടിത്തറ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. ട്രാൻസ് ജൻ്റർ, സ്വവർഗാനുരാഗം, പാർശ്വവൽക്കരിക്കപ്പെട്ട ജാതിയിലുള്ളവർ -ഇതൊക്കെ വരണം. അപ്പൊപ്പിന്നെ നീ എങ്ങനെയെഴുതി, നിൻ്റെ ഭാഷ ശയ്യാഗുണമുള്ളതാണോ എന്നൊന്നും പലരും നോക്കത്തില്ല. പ്രായംചെന്ന ഭാഷാദ്ധ്യാപകനായ ചാക്കോ സി പൊരിയത്തുസാറിൻ്റെ പ്രയോഗമാണ് ഞാനിപ്പറഞ്ഞ ശയ്യാഗുണം. ഞാൻ ഒത്തിരി ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാക്കുകളുടെ ഒഴുക്കും മെഴുക്കും കൊളുത്തുമൊക്കെ വളരെ സ്മൂത്തായി പോകുന്ന എഴുത്തുരീതിക്കുള്ള ഓമനപ്പേരാണ് അതെന്നു തോന്നുന്നു. ഞാൻ ഇപ്പറഞ്ഞപോലെയാണ് നീ എഴുതുന്നതെങ്കിൽ പ്രതിബദ്ധതയിൽ പിടിച്ച് ചർച്ചയങ്ങു പൊയ്ക്കോളും. നീ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. സോഷ്യൽ മീഡിയയിലൊക്കെ നിനക്കു നല്ല സപ്പോർട്ടു കിട്ടും. എഫ് ബി യിൽ എഴുതുന്ന പാവത്തുങ്ങളുടെ എം. കൃഷ്ണൻ നായന്മാർപോലും നിന്നെ തോളത്തെടുത്തു വെക്കും. പിന്നെയൊരു കാര്യം. കമ്യൂണിസ്റ്റുകാരെപ്പറ്റി എഴുതുമ്പം അവർക്കിഷ്ടമല്ലാത്തതും വേണ്ടാതീനോം ഒന്നും എഴുതിയേക്കരുത്. സംഘികളേം കോൺഗ്രസുകാരേം പോലെയല്ല അവർ. വായിക്കുന്നവരാണ്. ഇക്കൂട്ടത്തിലും അടുത്ത കാലത്തായി കുറച്ചുപേരുണ്ട് കേട്ടോ. അവരെ മറക്കണ്ട. വാരിവലിച്ച് നിന്നെ ഭിത്തിയേലൊട്ടിക്കും. പിന്നെ നിൻ്റെ കാര്യം കട്ടപ്പൊഹയായിരിക്കും. പുസ്തകവായന ഇല്ലാത്തവർക്കു ചൊറിയണമെങ്കിൽ വാട്സാപ്പിലോ ഇൻസ്റ്റായിലോ എഫ്ബിയിലോ വരണം. ഇതൊക്കെ, അല്ലെങ്കിൽ ഇതിനപ്പുറം, നിൻ്റെ തലമണ്ടയിൽ ഉണ്ടെന്നറിയാം. നീയാളൊരു കള്ളത്തിരുമാലിയല്ലേ! എഴുതാൻ വിഷയമൊന്നും കിട്ടുന്നില്ലെന്നു കഴിഞ്ഞദിവസം വിളിച്ചപ്പം നീ സൂചിപ്പിച്ചില്ലേ? ഞാനൊരു സംഭവം പറയാം. ചരിത്രോം ലൈംഗികതേം സാമൂഹിക ശാസ്ത്രോമെല്ലാം കൂട്ടി പൊലിപ്പിച്ചു കളറാക്കണം. നീ പഠിച്ച വിഷയോം സയൻസാണല്ലൊ. പോരെങ്കിൽ കണക്കിൽ നല്ല താല്പര്യമുണ്ട്. കണക്കിൽ താല്പര്യമുള്ളതുകൊണ്ടാവും കാശെന്നു കേട്ടാൽ നീ കമഴ്ന്നു വീഴുന്നത്... (ഹ! ഹ! )
ശകുന്തളാ ദേവിയെപ്പറ്റി നിനക്കറിയാമോ? അറിയാമോ എന്ന് ഒരു താളത്തിലങ്ങു ചോദിച്ചതാ. എനിക്കറിയുന്നതിലപ്പുറം അവരെക്കുറിച്ചു നിനക്കറിയാമെന്നു തീർച്ച. വലിയ ഗണിതശാസ്ത്രജ്ഞയായിരുന്നല്ലൊ അവർ. ഹ്യൂമൻ കംപ്യൂട്ടർ എന്നറിയപ്പെടുന്ന പ്രതിഭ. പരിതോഷ് ബാനർജി എന്നയാളായിരുന്നു അവരുടെ ഭർത്താവ്. കൊൽക്കത്തയിൽ നിന്നുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ദ വേൾഡ് ഓഫ് ഹോമൊസെക്ഷ്വൽസ് എന്നൊരു പുസ്തകം ശകുന്തളാ ദേവി എഴുതിയിട്ടുണ്ട്. കണക്കും ഹോമോ സെക്ഷ്വാലിറ്റിയും തമ്മിൽ എന്താ ബന്ധമെന്നു പലരും ചോദിച്ചേക്കാം. നീയും ചിന്തിച്ചുകാണും. ആലോചിച്ചു നോക്കിക്കേ. നിനക്കു വല്ലോം തോന്നുന്നുണ്ടോ? ഉണ്ടോ? ഭിന്നലൈംഗികത വ്യത്യസ്ത സംഖ്യകൾ കൊണ്ടുള്ള ക്രിയകൾ ആണെങ്കിൽ സ്വവർഗം ഒരേ സംഖ്യകൊണ്ടുള്ള സങ്കലനവും ഗുണനവും ഹരണവുമാണ്...അല്ലേ? പറ. ശരിക്കൊന്ന് ആലോചിച്ച് നോക്ക്. ശകുന്തളാദേവി വിവാഹം കഴിച്ച് അധികം താമസിയാതെ അവർക്കൊരു മകളുണ്ടായി. അനുപമ ബാനർജി. പിന്നെയാണ് ട്വിസ്റ്റ്. തൻ്റെ ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് ശകുന്തളാദേവി പ്രഖ്യാപിക്കുന്നു. വിവാഹബന്ധം പിരിയുന്നു. ഈ സംഭവത്തിനു മുമ്പായിരിക്കണം ശകുന്തളാദേവി ലിംഗഗണിതപ്പുസ്തകം എഴുതിയത്. പ്രസിദ്ധീകരിച്ചത് എപ്പോഴാണെന്നു പിടിയില്ല. എന്തായാലും വർഷങ്ങൾക്കുശേഷം മകൾ അനുപമ ബാനർജി ഒരു രഹസ്യം വെളിപ്പെടുത്തി. തൻ്റെ പിതാവ് സ്വവർഗാനുരാഗിയാണെന്ന് പറഞ്ഞതിനു പിന്നിൽ അമ്മയുടെ ലിംഗഗണിതത്തിൻ്റെ പുസ്തകം പ്രചരിപ്പിക്കുവാനും വിറ്റഴിക്കുവാനുമുള്ള തന്ത്രം മാത്രമായിരുന്നുവെന്ന്. നോക്കണേ സംഗതി പോയ പോക്ക്. അത്രയെന്നുമില്ലല്ലൊ നമ്മുടെ കൊച്ചുമലയാളത്തിലെ എഴുത്തുകാരുടെ മാർക്കറ്റിങ്? നിനക്കു വേണമെങ്കിൽ ശകുന്തളാ ദേവിയെപ്പറ്റി നോവലോ കഥയോ എഴുതാം. അല്ലെങ്കിൽ ആ ആശയമെടുത്ത് നമ്മുടെ നാട്ടിൽ പ്ലെയ്സ് ചെയ്ത് മൗലികം എന്നു തോന്നിപ്പിക്കുന്ന ഒരു സാധനമങ്ങ് തട്ടാം. ആ വഴിക്കുംകൂടിയൊന്ന് ആലോചിച്ചു നോക്ക്.
