നാടുനീങ്ങൽ

Short Story

നാടുനീങ്ങൽ


ഫോറസ്റ്റ്കാര് കൂടും കൊണ്ട് മടങ്ങിപ്പോയിട്ട് ഒരാഴ്ചയായി. രണ്ടു മാസമായി കെണി വെക്കലും കാട് കേറിത്തെരച്ചിലും ഒക്കെയായി ആകെ ബഹളമായിരുന്നു. എവിടെയും കടുവയുടെ ഒരു ലക്ഷണം പോലുമില്ല. സത്യം പറഞ്ഞാൽ ഇതിപ്പോ രണ്ടാമത്തെ തവണയാണ് ഫോറസ്റ്റോഫീസർമാർ ഇവിടെ വന്ന് തമ്പടിക്കുന്നത്. എല്ലാം തുടങ്ങുന്നത് അഞ്ചു മാസം മുൻപാണ്. പടിഞ്ഞാറെച്ചെരിവിലുള്ള റബ്ബർതോട്ടത്തിൽ വെച്ച് നാണിയെ കടുവ തിന്ന അന്ന് മുതൽ. ഇറച്ചി പറ്റിയ, ചോരക്കറ പിടിച്ച, കീറിയ ഒരു മുണ്ടിന്റെ കഷണോം തേഞ്ഞു തീരാനായ റബ്ബർ ചെരിപ്പും കണ്ടാണ് അത് നാണിയാണെന്ന് ഒറപ്പിച്ചത്. നേരം വെളുക്കും മുൻപ് ഒറ്റക്ക് റബ്ബർ വെട്ടാനിറങ്ങുന്ന നാണിയെ കൊന്നത് കടുവയാണെന്നോ, ആ റബ്ബർ തോട്ടത്തിൽ വെച്ച് കടുവ തിന്നത് നാണിയെത്തന്നെ ആണെന്നോ ഉറപ്പിച്ചു പറയാൻ സാക്ഷികളാരുമുണ്ടായിരുന്നില്ല. എന്നിട്ടും നനഞ്ഞ മണ്ണിൽപ്പൂണ്ട കാൽപ്പാടും ഒരു കീറക്കഷ്‌ണം കൈലിമുണ്ടും നോക്കി ഒടുവിൽ തീരുമാനമായി. നാണിയെ കടുവ തിന്നു.

ആ വാർത്തയങ്ങനെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു. കേട്ടവർ കേട്ടവർ റബ്ബർ തോട്ടത്തിലെത്തി. ഒടുക്കം തോട്ടത്തിൽ നിന്നല്പം മാറി പകുതിയോളം മാംസം പറിച്ചെടുക്കപ്പെട്ട ഒരു കാലിന്റെ കഷ്ണം അവർ കണ്ടെടുത്തു. അന്നേരം കൂട്ടത്തിലാരോ ഉറക്കെ പറഞ്ഞു:

"അപ്പൊ ആ ശങ്കരന്റെ ചെക്കൻ പറഞ്ഞത് സത്യം തന്നെ ആയിരുന്നല്ലേ?"


Related Articles