മോർച്ചറി

Short Story

മോർച്ചറി


ഇന്നേക്ക് പതിനെട്ട് വർഷം തികയുന്നു ഈ മോർച്ചറിയുടെ കാവൽകാരനായിട്ട്. ഈ ലോകത്ത് പ്രേതമില്ലെന്ന് അടിവരയിട്ട് പറയുവാനുള്ള അനുഭവ സമ്പത്ത് തനിക്കുണ്ടെന്നോർത്തപ്പോൾ ചെറുതല്ലാത്ത ഒരു അഭിമാനം തോന്നി. പ്രതികാര ദാഹിയായ ഒരു പ്രേതവും ഇന്നേവരെ ഒരു പോസ്റ്റുമാർട്ടം ടേബിളിനെയും പിടിച്ച് കുലുക്കിയതായി കണ്ടിട്ടില്ല. ശവം വെട്ടിപ്പൊളിക്കുന്ന കമാറിൻ്റെ ഉടലിൽ ഒരു പ്രേതവും കയറി ചോരകുടിച്ചിട്ടില്ല. ഒരു ഉറക്കത്തിൽ നിന്നും എന്നെ ഉണർത്തി ചുണ്ണാമ്പും ചോദിച്ചിട്ടില്ല. ചത്താൽ പിന്നെ വെറും ശവം. കൃത്യസമയത്ത് വെട്ടിക്കീറി തുന്നിപ്പിടിപ്പിച്ചില്ലെങ്കിൽ പണ്ടം പുഴുക്കും ചീർക്കും നാറും. ജീവിതത്തെക്കാൾ വലിയ നാറ്റം. ചത്തതിനെ പുഴുവരിക്കണം അല്ലെങ്കിൽ എരിഞ്ഞ് അടങ്ങണം. അതുമല്ലെങ്കിൽ ഇവിടിരുന്ന് തണുത്ത് മരവിച്ച് ഒടുവിൽ ഏമാൻമാർ തെമ്മാടിക്കുഴിയിൽ കൊണ്ട് പോയി തള്ളും. ചിലത് പിള്ളേർക്ക് വെട്ടിക്കീറി പഠിക്കാൻ കെടാവറായി പുതിയ ജീവിതം തുടങ്ങും. ചത്താൽ പിന്നെ എല്ലാവരും അനാഥരാ. പേര് പോലും മറന്ന് പോകും. എല്ലാവർക്കും അത് ബോഡിയാണ്. മുന്തിയവൻ ചത്താൽ അതിനെ ഭൗതിക ശരീരമെന്ന് വിളിക്കാറുണ്ട്.

മദ്യം തലയ്ക്ക് പിടിച്ച ഏകാന്തതയുടെ കനം കൂടിയ എത്രയോ രാത്രികളിൽ ഞാൻ ആഗ്രഹിച്ചിരുന്നു, ഈ നിശബ്ദതയെ തകർക്കാൻ ഒരു പ്രേതമെങ്കിലും മോർച്ചറി വാതിൽ തള്ളിത്തുറന്ന് വന്നിരുന്നെങ്കിലെന്ന്. എന്നോട് അവരുടെ റദ്ദായ ജീവിത കഥ പറഞ്ഞിരുന്നെങ്കിലെന്ന്. പുറത്തെ തണുപ്പിനെയും നിലാവിനെയും മഴയേയും കൊള്ളിയാനെയും അനുഭവിക്കാൻ ഇടനൽകാതെ ചോരവരണ്ട ചുണ്ടുകൾ കൊണ്ടെന്നെ ചുംബിച്ച് ശ്വാസംമുട്ടിച്ചിരുന്നെങ്കിലെന്ന്. ഫോർമാലിൻ്റെ വഴുപ്പിൽ അവർക്കൊപ്പം എന്നെ മുക്കിവെച്ചിരുന്നെങ്കിലെന്ന്. ആരോടോ ഉള്ള പകയടക്കുവാൻ എന്നെയവർ ഉപകരണമാക്കിയിരുന്നെങ്കിലെന്ന്. കഷ്ടം ഏകാന്തതയെ പോലും തകർക്കാൻ ശേഷിയില്ലാത്ത ഈ ദുർബല ശവങ്ങളാണ് പ്രതികാരം ചെയ്യാൻ പോകുന്നത്.

‘ഉണ്ടാൽ ക്ഷീണം തെണ്ടിക്കും’ 


Related Articles