ജോസഫ് ഇടമറുകിന്റെ പുസ്‌തകമന്വേഷിച്ച് അദ്ദേഹം മൂന്നാമത്തെ തവണയാണ് ബുക്‌സ്റ്റോറിലെത്തുന്നത്. കഴിഞ്ഞ തവണ വന്നപ്പോൾ ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്നു പറഞ്ഞ് എന്റെ ഫോൺനമ്പർ കൊടുത്തതാണ്. നടപ്പിലൊരു വെപ്രാളക്കാരനാണെന്നു തോന്നും. വിളിക്കാതെ വീണ്ടും വന്നിരിക്കുന്നു. ജനൽഗ്ലാസിനു വെളിയിലൂടെ ഞാനുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് അകത്തേക്കു കയറിയത്.
“പഴയ സ്റ്റോറിലും നോക്കി. ഇല്ല.’’
അദ്ദേഹത്തിന്റെ മുഖത്ത് വലിയ നിരാശയുണ്ടായി. ധൃതിയിൽ ഫോണെടുത്ത് ആരെയോ വിളിച്ചു. പുസ്‌തകത്തിന്റെ പേര് ഒന്നുകൂടെ ഉറപ്പുവരുത്തി. സംസാരത്തിൽ അത് ഭാര്യയാണെന്ന് ഞാൻ കരുതി.
“പേര് ഇതുതന്നെയാണെന്നാണ് അവൾ പറയുന്നത്.’’
