ഖത്തറിൽ നേഴ്സായ ലൂസി ഇക്കുറി ലീവിനു വന്നിരിക്കുന്നത് കെട്ടുനടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. കാരണം ചെറുക്കനും പെണ്ണും ലീവിനു വരുന്നതിന് മുന്നേതന്നെ വീട്ടുകാരു തമ്മിലുള്ള പോക്കും വരവുമൊക്കെ കഴിഞ്ഞ് കാര്യങ്ങളൊക്കെ ഏതാണ്ട് സംസാരിച്ചുറപ്പിച്ച മട്ടിലായെന്നാണ് അമ്മച്ചി അവൾക്കയച്ച കത്തിൽ സൂചിപ്പിച്ചിരുന്നത്. അടുത്തയാഴ്ച ചെറുക്കനും കൂടിയെത്തി നേരിൽ കണ്ടുബോധിച്ച് സമ്മതം മൂളിയാൽ ഏറ്റവുമടുത്ത ദിവസം മനസ്സുചോദ്യോം പിന്നെ തൊട്ടടുത്തയാഴ്ച കല്യാണോം. അതാണ് രണ്ടു വീട്ടുകാരുമൊരുമിച്ചെടുത്ത തീരുമാനം. മണിമലയിൽ ചെറുക്കൻ്റെ വീടിനടുത്ത് ഒരു ബന്ധു താമസിക്കുന്നുണ്ടെന്ന വിവരമറിഞ്ഞയുടനെ ഒരവസാനവട്ട അന്വേഷണത്തിനെന്നോണം അങ്ങോട്ടേക്ക് പോയിരിക്കുകയാണ് ഇച്ചായനുമമ്മച്ചിയും.
ലൂസിയുടെ മൂത്തചേട്ടൻ കൊടുങ്ങൂര് താമസിക്കുന്ന കുരുവിള അത്രടം പോയി ഒന്നുകൂടെ അന്വേഷിക്കാമെന്ന് പറഞ്ഞിട്ടിതുവരെ ഒരനക്കവുമുണ്ടായില്ലെന്നും പറഞ്ഞ് കുറേ ദേഷ്യപ്പെട്ടിട്ടാണ് രണ്ടാളും കൂടി ഒന്നേകാലിൻ്റെ കേയെമ്മസിൽ ഓടിക്കയറിയത്. ഇച്ചായനുമമ്മച്ചിയും തിരിച്ചുവരുന്നതിനു മുന്നേ ചക്കപ്പുഴുക്കുണ്ടാക്കിവെക്കാൻ തോട്ടിയുമന്വേഷിച്ച് ലൂസി നടക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായി. അവസാനം പ്ലാവിന്റെ അടുത്തുകൂടിയൊന്ന് നോക്കിയേക്കാമെന്നുവെച്ച് ചെന്നപ്പൊഴുണ്ട് പ്ലാവിൻ്റെ കൊമ്പിൽ തൂക്കിയിട്ടിരിക്കുകയാണ് തോട്ടി. ഒട്ടും സമയം കളയാതെ ഒരു നിത്യാഭ്യാസിയെപ്പോലെ നിശ്ചിത ദൂരം അകന്നു നിന്ന് ഓടാൻ പാകത്തിന് കാലകത്തിവെച്ച് ഒരുഗ്രൻ ചക്ക വലിച്ചു താഴെയിട്ടു. തെറിച്ചുരുണ്ടുപോയ ചക്കയെടുക്കാൻ ചെല്ലുന്ന സമയത്താണ് മുളയാനിക്കലെ കുഞ്ഞുമോള് പന്നിക്കൂടിന്റെ മറവിൽ നിന്ന് ഓടിക്കിതച്ചു വന്നത്. വന്നപാടേ അവളു ചിരി തുടങ്ങി.
"എടീ നീ ചിരിക്കാതെ കാര്യം പറ കുഞ്ഞുമോളേ.''
