മൺകുഞ്ഞ്‌- ടി. പ്രശാന്ത്കുമാർ എഴുതിയ കഥ

Short Story

മൺകുഞ്ഞ്‌- ടി. പ്രശാന്ത്കുമാർ എഴുതിയ കഥ


കമ്മാളന്തറയിലെ വേല പിരിയുകയാണ്. കരിമ്പനകളിൽ കുടിയിരിക്കുന്ന പേരറിയാത്ത ദൈവങ്ങളുടെ ഹുങ്കാരം മുഴങ്ങി.  തോടയും ആടയാഭരണങ്ങളുമഴിച്ച് തെയ്യങ്ങൾ  തീക്കുണ്ഡങ്ങൾക്കു മുന്നിൽ  ഉപചാരം ചൊല്ലിപ്പിപിരിഞ്ഞു. ഉടവാളും ചിലമ്പും അരമണിയും തിരുനടയിലിരുന്ന് കലമ്പി. കെട്ടുകാഴ്ചകളുടെ മേനിപറഞ്ഞ് ആണും പെണ്ണും ഉറക്കച്ചടവോടെ നാട്ടിടവഴികൾ താണ്ടിത്തുടങ്ങി. കശുമാവിൻ നീരിട്ട് വാറ്റിയ ചാരായത്തിന്റെ മയക്കത്തിൽ നാരായണൻമൂശാരി ഊട്ടുപുരയിലേക്ക് മറിഞ്ഞു. തലേന്ന് കെട്ടിയാടിയ ദൈവത്തിന്റെ തിരുശേഷിപ്പുകൾ അയാളുടെ മുഖത്ത് കറുപ്പും ചെമപ്പും  നിറങ്ങളായി കുഴഞ്ഞു കിടന്നു. നേരം പുലരുകയാണ്.

ഭാനുമതി മുണ്ട് കുടഞ്ഞ് എണീറ്റു. എവിടെയോ ഒരു കാലൻകോഴി കൂകുന്നുണ്ട്. പുലരും മുമ്പേ പുഴ കടക്കണം. ഓട്ടുരുളിയിലെ വെള്ളത്തിലേക്ക് നോക്കിയപ്പോൾ മുഖത്ത് ചെമപ്പും കറുപ്പും കുഴഞ്ഞു കിടക്കുന്നു. ഇന്നലെ രാവിലെപ്പോഴോ ദൈവം ഉമ്മ വച്ചതാണ്. ദൈവം കടിച്ചു മുറിവേൽപ്പിച്ച ചുണ്ടുകൾ തിണർത്തു കിടക്കുന്നു.  ദൈവമൊഴിഞ്ഞ നാരായണൻമൂശാരി തൊട്ടടുത്ത് കിടക്കുന്നത് ഭാനുമതി നോക്കി. ഉറക്കത്തിലെന്തോ പിരാന്തും പറഞ്ഞ് നാരായണൻമൂശാരി മലർന്നു കിടക്കുകയാണ്.  ഒരനുഷ്ഠാനംപോലെ ദൈവക്കോലങ്ങൾ ഓരോ കമ്മാളന്തറ ഉത്സവരാവിലും തന്നെ പ്രാപിക്കാറുള്ളത് ഭാനുമതി ഓർത്തു.


Related Articles