വരത്തി

Short Story

വരത്തി


ഭാസ്‌കരപിള്ള തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിൽ പൊടുന്നനെയുണ്ടായ ഒരു നെഞ്ചുനൊമ്പരത്താൽ മരിച്ചതോടെയാണ് ചന്ദ്രികയ്ക്ക് ആ നാട്ടിൽ ഇത്രമേൽ താനൊരു വരത്തിയാണെന്ന് ബോധ്യമായത്. ഒരു ദേശത്ത്, ഒട്ടും പരിചിതരല്ലാത്ത വലിയൊരു ആൾക്കൂട്ടത്തിനിടയിലേക്ക് പെട്ടെന്ന് വീശിയെറിഞ്ഞതുപോലെ. എത്രയോ കാലം മുടങ്ങാതെ സഞ്ചരിച്ച ഭൂതമ്മൻ ക്ഷേത്രത്തിലേക്കുള്ള നടവഴിയിലും ചന്തമുക്കിലെ കൂറ്റൻ ഇലവുമരത്തിന്റെ ചുവട്ടിലും ഏ.കെ.ജി. പാർക്കിന്റെ കമ്പിവേലിക്കരികിലുമെല്ലാം പുറത്തിറങ്ങിയപ്പോഴൊക്കെ അവർ ഒരു മഴ നനഞ്ഞ പക്ഷിയെപ്പോലെ പകച്ചുനിന്നു.

ചുറ്റിലും കണ്ട മനുഷ്യരുടെ മുഖവും വേഷവിധാനങ്ങളും ഭാഷയും പെരുമാറ്റവുമെല്ലാം അവളെ വലച്ചു. ആരോട് താൻ ചെവുക്കെ രണ്ടുവാക്ക് മിണ്ടിപ്പറയുമെന്നും ചിരിക്കുമെന്നുമെല്ലാം ഓർത്തപ്പോൾതന്നെ അവർക്ക് തൊണ്ടക്കുഴിയിൽ കൈയിട്ടമാതിരി ഒരു മനംപെരട്ടലുണ്ടായി. നിലത്തു വീണുപോകാതിരിക്കാൻ ഏ.കെ.ജി. പ്രതിമയ്ക്കുതാഴെ ഉരുട്ടിക്കൂട്ടിയ മാതിരി ഒരു മാർബിൾ ഫലകത്തിൽ എഴുതിയിരിക്കുന്ന എതാനും ചില വാക്കുകൾ തപ്പിത്തടഞ്ഞ് വായിച്ചു. തന്റെ ഭർത്താവ് വല്ലപ്പോഴും ഒന്ന് മിനുങ്ങുമ്പോൾ അടുക്കളപ്പുറത്തിരുന്ന് തന്റേതെന്ന മട്ടിൽ തട്ടിവിടാറുള്ള ഒരു സൂര്യോദയം! അതെല്ലാം ശരിക്കും ആ ആൺചൂരുള്ള മീശയില്ലാത്ത നേതാവിന്റെ സ്വപ്നമായിരുന്നു.

കുറച്ച് വർഷം മുൻപ് പൊട്ടക്കുഴി ജങ്ഷനിൽ സഖാവ് വി.എസ്. അച്യുതാനന്ദൻ, പുതുക്കിപ്പണിത ആ പാർക്കും അതിനുള്ളിലെ പ്രതിമയും ഉദ്ഘാടനം ചെയ്യാൻ വന്നത് ചന്ദ്രിക ചെറിയൊരു തണുപ്പോടെ ഓർത്തു. പ്രതിമയിലെ മനുഷ്യനെയും സഖാവ് വി.എസിനെയും നോക്കി ഇരട്ടപെറ്റവരെന്ന് ആരാധനയോടെ ഭർത്താവ് പറഞ്ഞത് അവർക്കിഷ്ടപ്പെട്ടില്ല. ആരാധനമൂത്ത് രൂപത്തിൽപോലും ചേർച്ചയില്ലാത്ത രണ്ടുപേരെക്കുറിച്ച് അങ്ങനെയൊന്നും പറയരുതെന്ന പക്ഷക്കാരിയായിരുന്നു, ചന്ദ്രിക. ഇപ്പോൾ നോക്കുമ്പോഴും അഭിപ്രായം അതുതന്നെ. ഭർത്താവ് മരിച്ചെങ്കിലും. അന്നാണ് വറുത്ത പൊരിക്കടല അവസാനമായി അവർ ഒരു മുദ്രാവാക്യംപോലെ കൊറിച്ചത്. നിലത്തുവിരിച്ച ചുവന്ന കയർമാറ്റിലിരുന്ന് സഖാവന്ന് നീട്ടിയും കുറുക്കിയും കുറേ തമാശകൾ പറഞ്ഞു. വാർദ്ധക്യത്തിലാണ് മനുഷ്യർ അവസരം കിട്ടിയാൽ ഒരുപാട് ചിരിക്കുന്നതെന്നും ഒതുക്കിപ്പിടിക്കാതെ വർത്തമാനം പറയുന്നതെന്നും അന്നേരം ഭാസ്‌കരപിള്ള ഭാര്യയുടെ കാതിൽ അച്ചടക്കമുള്ള ഒരു പ്രവർത്തകനെപ്പോലെ പറഞ്ഞു. അതിനിടയിൽ അവർ മടിയിൽ ചൊരിച്ചിട്ട പൊരിക്കടല തീർന്നതൊന്നും അറിഞ്ഞില്ല.


Related Articles