ഭ്രാന്തം

Short Story

ഭ്രാന്തം


ലതയ്ക്കങ്ങനാണ്. ഇടയ്ക്ക് ഒരു മൊന്ത വെള്ളം കുടിച്ചാലേ കഥാപാത്രം ഇങ്ങിറങ്ങിവരൂ. പക്ഷേ, പ്രശ്‌നമതു മാത്രമല്ല, വെള്ളം മൊന്തയിലെത്തുന്ന പ്രക്രിയ പാലംപണിയല്‍പോലെ ചിന്തിച്ചും ശ്രദ്ധിച്ചും ചെയ്യേണ്ട ഒന്നാണ്. വെള്ളമിരിക്കുന്ന സ്റ്റീല്‍പാത്രത്തിനു മുകളിലിരിക്കുന്ന സ്റ്റീല്‍മൂടിക്കു മേലില്‍ കയറിയിരിക്കുന്ന മറ്റൊരു സ്റ്റീല്‍പ്ലേറ്റിനും മീതെയിരിപ്പായ താരതമ്യേന ചെറിയ സ്റ്റീല്‍കലത്തില്‍ ഉച്ചിയില്‍ പരന്ന സ്റ്റീല്‍മൂടിയോട് ഒട്ടിയിരിക്കുന്ന ചെറിയ വക്കുള്ള ഓട്ടുതളികയ്ക്കും മുകളിലായി അമര്‍ന്നിരിക്കുന്ന സര്‍വ്വതിനും അടപ്പായി മാറിയ വലിയതോ ചെറിയതോ ആയ വക്കുകള്‍ ഇല്ലാത്ത ആ കിണ്ണം ആദ്യം എടുത്തുമാറ്റേണ്ടതായിട്ടുണ്ട്.

ചിറ്റ തിളപ്പിച്ചുവച്ചിരിക്കുന്ന വെള്ളത്തെക്കുറിച്ച്‌ “ആ വെള്ളം കുടിക്കാനിത്തിരി വെള്ളം കുടിക്കും'' എന്ന് അമ്മൂമ്മ തമാശ പറയാറുണ്ടായിരുന്നു. ഓരോ വെള്ളംകുടി സമയത്തും അത് ഓർമ്മവരും. ഇതൊക്കെ ഒരുതരം അനുഭവമാണല്ലോ. സ്വാനുഭവങ്ങളാണല്ലോ പഴഞ്ചൊല്ലുകളും സമസ്യകളും കാവ്യങ്ങളും കഥകളും ഒക്കെയാവുന്നത്. ലതയ്ക്കും അതങ്ങനെതന്നെയാണ്.

അടുക്കളയില്‍ ചെന്നുള്ള വെള്ളമെടുക്കല്‍ മരുഭൂമിയെ ഓര്‍മ്മിപ്പിക്കാറുണ്ട്. കുടങ്ങള്‍ തലയിലേന്തിയ രാജസ്ഥാനി വനിതകള്‍ ഒറ്റയിരിപ്പില്‍ സ്റ്റീലും ഓട്ടുപ്ലേറ്റുമായിമാറി ഗ്യാസ് അടുപ്പുകളില്‍ അകപ്പെട്ടതുപോലെ. ഏതോ അഭിമുഖത്തില്‍ ലത പറഞ്ഞതാണ്.


Related Articles