കുട്ടൻ ആശാരിയുടെ ഭാര്യമാർ

Short Story

കുട്ടൻ ആശാരിയുടെ ഭാര്യമാർ


കുട്ടൻ ആശാരിയെ കാണുമ്പോൾ പ്ലാവുകൾ മുഴുവൻ ഓടിപ്പോകും. കൂടെ തേക്കും ഇരുളുംകൂടി പോകും. പന്ത്രണ്ടാമത്തെ വയസിലാണ് അയാൾ ഉളി കൈയിലെടുത്തത്. വളരെ ചെറുപ്പത്തിലെ കുട്ടൻ മരപ്പണിയുടെ മർമ്മം പഠിച്ചറിഞ്ഞിരുന്നു. ഇപ്പോൾ കുട്ടൻ ആശാരിക്ക് വയസ് ഇരുപത്തിയാറ്. കട്ടിലും മേശയും ജാലകങ്ങളും വാതിലുകളും മറ്റും കടഞ്ഞെടുക്കുന്നതിൽ അയാൾ ആവേശം കൊള്ളുകയും ആനന്ദിക്കുകയും ചെയ്തു. ഒരു കുശവൻ മൺപാത്രം രൂപപ്പെടുത്തുന്ന ലാഘവത്തോടെ അനായാസമായാണ് അയാൾ തടിയിൽ കട്ടിലിന്റെ കാലുകൾ ഉരുട്ടിയെടുത്തത്. എത്ര ഉറപ്പുള്ള തടിയും അയാളുടെ കൈയിൽ കുഴച്ചു പാകപ്പെടുത്തിയ കളിമൺ പോലെയായിരുന്നു.

കുട്ടൻ ആശാരി നടന്നു പോകുമ്പോൾ കണ്ണുകൾ എപ്പോഴും മരങ്ങളിലായിരിക്കും. അനേക വർഷങ്ങളായി കാറ്റും മഴയും വെയിലും തട്ടി ഉറച്ചുപാകമായ ഒരു മരം കാണുമ്പോൾ അയാളുടെ കൈ തരിക്കും. ഉളികൊണ്ട് ആ മരത്തിന്റെ തടിയിൽനിന്ന് വാതിലും കട്ടിലും മേശയും കൊത്തിയെടുക്കാൻ. അതുകൊണ്ട് കുട്ടൻ ആശാരിയെ കാണുമ്പോൾ മരങ്ങളുടെ ചില്ലകളിലൂടെ ഒരു വിറയൽ കടന്നു പോകും. പ്ലാവും ഇരുളും പോലെ ഉറപ്പുള്ള മരങ്ങൾ അയാളെ കൂടുതൽ ഭയപ്പെട്ടിരുന്നു. ഭയന്നു വിറയാർന്നു നിൽക്കുന്ന ആ വൃക്ഷങ്ങളെ കണ്ട് ആർക്കും വേണ്ടാത്ത മുരിക്കും കൊന്നയും പരിഹസിച്ചു ചിരിക്കും. മനുഷ്യന് ഉറപ്പുള്ള ശരീരം ഗുണം ചെയ്യുമായിരിക്കാം. പക്ഷേ, മരങ്ങൾക്ക് അതൊരു ശാപമാണ്. ഏതു നിമിഷവും ഒരു കോടാലി വന്ന് കഴുത്തിൽ പതിഞ്ഞെന്നു വരാം. പിന്നീട് അവയുടെ നിർജജീവ ജീവിതം കട്ടിലായും വാതിലായും മോന്തായമായും മാറും.

നാട്ടിലെ സമ്പന്നർ മാളിക പണിയുമ്പോൾ കാലേക്കൂട്ടി വന്ന് കുട്ടൻ ആശാരിയെ ബുക്ക് ചെയ്യും. അയാൾ ആവശ്യപ്പെടുന്ന പണം മുൻകൂറായി നൽകുകയും ചെയ്യും. അലക്കി നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ടുടുത്ത് നിറമുള്ള ഷർട്ടിന്റെ കൈകൾ കൈമുട്ടുകൾക്ക് മുകളിൽ മടക്കി വച്ച് കീശ നിറയെ പണവുമായി അയാൾ വിലസി നടന്നു. ഉളി പിടിച്ച് ബലം വെച്ചതായിരുന്നു അയാളുടെ കൈകൾ. ചുമലുകളിൽ ഗുസ്തിക്കാരന്റേതു പോലുള്ള മാംസപേശികൾ മുഴച്ചു നിന്നു. ചുരുക്കിപ്പറഞ്ഞാൽ, നാട്ടുകാരുടെ മുഴുവൻ ആരാധനാ പാത്രമായിരുന്നു കുട്ടൻ ആശാരി. ഉപരിവർഗത്തിൽ പെട്ടതോ ജന്മികുടുംബങ്ങളിൽ പെട്ടതോ ആയ യുവാക്കൾക്കു പോലും അയാൾക്കുള്ളതുപോലെ ആരാധകരുണ്ടായിരുന്നില്ല. ചില ഉന്നതർക്ക് ഉള്ളിൽ ഈർഷ്യയുണ്ടായിരുന്നു.


Related Articles