മഴ. നല്ല ഒന്നാന്തരം മഴ. ഒന്നുകൂടി നിന്ന് പെയ്താൽ നാട്ടിലുള്ള തോടുകളും പുഴകളും ഒക്കെ നിറഞ്ഞുകവിയും. ഇങ്ങനെ കറുത്തിരുണ്ട മാനവും പെയ്തൊഴിയാത്ത മഴയും കാണുമ്പോൾ എനിക്ക് പഴയ ഓർമ്മകൾ വരും. എന്തിനാണ് ഇങ്ങനെ ഓർമ്മകൾ വരുന്നത്? പ്രത്യേകിച്ചും ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ഓർമ്മകൾ!
എൻ്റെ ചെറുപ്പത്തിൽ നടന്ന സംഭവമാണ്. ചുങ്കച്ഛൻ്റേയും ചുങ്കമ്മേടേം കഥയാണ്. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ കഥ. ചുങ്കച്ഛനും ചുങ്കമ്മയും ഇവിടുത്തുകാരല്ല. തെക്കുള്ള ഏതോ ദേശത്തുനിന്ന് വന്നവരാണ്. ഉയരം കുറഞ്ഞ് ഇരുനിറമുള്ള മനുഷ്യർ. ചുങ്കച്ഛൻ്റെ കാതിൽ കടുക്കൻ. ചുങ്കമ്മയുടെ മൂക്കിൽ കല്ല്. രണ്ടു പേരുടെയും കൈകളിൽ ചരടുകൾ, വിരലുകളിൽ ചെമ്പ് മോതിരങ്ങൾ. മഴക്കോളുള്ള ഒരു കാറ്റിനൊപ്പമാണ് അവർ കൊല്ലുവന്തറയിലെത്തിയെന്നാണ് ചായക്കടക്കാരൻ ദേവുകുട്ടി പറഞ്ഞത്.
അവർക്ക് മക്കളില്ല. പക്ഷേ, മക്കളോളം പോന്ന രണ്ട് പശുക്കളുണ്ട്. കൊച്ചുമക്കളെ പോലെ കൊണ്ടുനടക്കുന്ന രണ്ട് പശുക്കിടാങ്ങളുമുണ്ട്. അവരുടെ കഴുത്തിലെന്ന പോലെ ആ പശുക്കളുടെയെല്ലാം കഴുത്തിലും ഓരോ മണിയുണ്ട്. വീടായി ഒരു തൊഴുത്തേയുള്ളൂ. അതിലാണ് എല്ലാവരും സമാധാനത്തോടെ കഴിയുന്നത്. എടുക്കാവുന്ന കല്ലെല്ലാം എടുത്തുകഴിഞ്ഞ് വെറുതേ കിടക്കുന്ന കല്ലുവെട്ടിക്കുഴിയിലാണ് അവരുടെ ആ തൊഴുത്ത്. മഴക്കാലത്ത് മഴവെള്ളം പോകാനൊരു ചാലുണ്ട് ഭൂമിക്ക് ഉള്ളിലേക്ക്. അതുകൊണ്ട് വെള്ളം തങ്ങിനിൽക്കാതെ പൊക്കോളും. മുകളിലേക്ക് കയറാൻ കല്ല് വെട്ടിയിറക്കിയ ഒരു പാതയുണ്ട്. രണ്ടാൾപ്പൊക്കമുണ്ട് കല്ലുവെട്ടിക്കുഴിക്ക്.
