ഒരെഴുത്തുകാരൻ രചനാവേളയിൽ എന്തൊക്കെ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്ന് ഞാൻ മനസ്സിലാക്കിയത് എന്റെ മദ്‌റസാജീവിതകാലത്താണ്. കണ്യാളങ്കരയിൽ അന്ന് മദ്‌റസയും കിതാബ് മഹലും കുട്ടിയപ്പയുടെ ഓലച്ചായ്പും അന്തൂച്ചാന്റെ പീടികയുമല്ലാതെ മറ്റ് എടുപ്പുകളൊന്നുമുണ്ടായിരുന്നില്ല. നേരേ എതിർവശത്ത്, ഒരു പത്തുവാര അകലെ, വേനൽക്കാലത്ത് വറ്റിപ്പോവുകയും മഴക്കാലത്ത് നിറഞ്ഞൊഴുകുകയും ചെയ്യുന്ന ഒരു തോട്. അതിനുമപ്പുറം നെടുനീളത്തിൽ ശയിക്കുന്ന ഈർച്ചവാളിന്റെ പല്ലുകൾപോലുള്ള നീലമലകളാണ.് പകൽ മദ്‌റസ വിട്ടാൽ കുറച്ചുനേരം കുട്ടിയപ്പയുടെ സമോവാറിലെ തീയിന്റെ വീർപ്പും പുകയും നോക്കി ഞാൻ അന്തംവിട്ട് നില്ക്കും.
'കൊട്ടക്കണ്ണാ, നിന്റെ ഒര് നോട്ടം. എന്റെ സമോവാറ് പൊട്ടിപ്പോകും. നിലാവത്ത് എളക്കിയ കോയീന്റെ മാതിര്യാ നീ. തുറിച്ചുനോക്കാതെ പോ അവിടുന്ന്?' കുട്ടിയപ്പ ആട്ടും. എന്റെ കൈയിൽ ജീവിതത്തിലെ നന്മകൾമാത്രം രേഖപ്പെടുത്തിയ പത്തുകിതാബാണുള്ളതെന്ന് കുട്ടിയപ്പയ്ക്കറിയില്ലല്ലോ. ഈ ഗ്രന്ഥം നിത്യേന കിതാബ് മഹലിൽ എത്തിക്കേണ്ടതു ഞാനാണ്. എന്റെ സ്വപ്നം എഴുത്തുകാരനാവുക എന്നതാണ്. കിതാബ് മഹലിനകത്തെ നൂറു കണക്കിന് പുസ്തകങ്ങൾ വായിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കിതാബ് മഹലിലിരുന്ന് അതിന്റെ ബഹുവർണ്ണ ജാലകങ്ങളിലൂടെ തോടിനെയും നീലമലകളെയും നോക്കി വലിയ കിതാബുകൾ വായിക്കുവാൻ വിധിയുണ്ടാകുമെന്ന് ഞാൻ എപ്പോഴും കരുതി.
അന്തൂച്ചാന്റെ ഉപ്പിന്റെ പെട്ടിക്കുമുകളിൽ സദാ ശയിക്കുന്ന വെള്ളപ്പൂച്ച ഇപ്പോൾ എന്നെ നോക്കി മ്യാവും. പത്തുകിതാബ് ഉയർത്തിപ്പിടിച്ച് വെള്ളപ്പൂച്ചയ്ക്ക് ഞാനൊരു സലാം കൊടുക്കും. ഉറക്കംതൂങ്ങുന്ന അന്തൂച്ചയാണ് അതുകേട്ടു ഞെട്ടിയുണർന്ന് സലാം മടക്കുക. മഖ്ബറയിൽ കാക്കകൾ വന്നിരുന്ന് വർത്തമാനം പറയുന്നുണ്ടാകും. അവർക്കെന്നെയറിയാം. മഖ്ബറയിൽ പ്രാർത്ഥിക്കാൻ വന്നവർ ഉപേക്ഷിച്ചുപോയ അവിലും പൊരിയും ചിള്ളിപ്പെറുക്കി അവർ മഖ്ബറയ്ക്ക് താഴേക്കു തത്തിയിറങ്ങുമ്പോൾ ഞാൻ പത്തുകിതാബുമായി മുകളിലേക്കു കയറും.
