കിളിയന്റെ പെണ്ണുങ്ങൾ

Short Story

കിളിയന്റെ പെണ്ണുങ്ങൾ


കിളിയൻ നാട്ടിലെ മരം കയറ്റക്കാരനാണ്. എല്ലാവരും തെങ്ങും കവുങ്ങും കയറി തേങ്ങയിടാനും അടക്ക പറിക്കാനും തെങ്ങിൻ്റെ കൊരല് വൃത്തിയാക്കാനും പറമ്പിലെ തേക്കുമരത്തിന്റെ ചില്ലകൾ വെട്ടാനുമെല്ലാം അവനെ ഏല്പിക്കാറുണ്ട്. അരയിൽ വലിയൊരു വടം ഉണ്ടാവും. കയ്യിലൊരു വെട്ടുകത്തിയും. മിക്കപ്പോഴും സ്കൂൾ വിട്ടു വരുമ്പോൾ കള്ളുഷാപ്പിന് മുന്നിൽ അവനെയും പൊണ്ടാട്ടിയെയും കാണാറുണ്ട്. കള്ളുഷാപ്പിന് മുൻപിലെ കലുങ്കിൽ ഇരിക്കുന്നുണ്ടാവും രണ്ട് പേരും. കുളിക്കാതെയും അലക്കാതെയും രണ്ട് പേരെയും കണ്ടാൽ തന്നെ അറയ്ക്കും. മുറുക്കി ചുവപ്പിച്ച മലർന്ന ചുണ്ടുകളാണ് രണ്ടാൾക്കും. ചുരുണ്ട എണ്ണമയമില്ലാത്ത പൊറ്റ കെട്ടിയ ചറപറ മുടിയും. റോഡിലൂടെ നടന്ന് പോവുന്നത് കാണാൻ രസമാണ്. അവൻ ഒരു പത്തടി മുന്നിലും ഈ പെണ്ണ് പുറകിലുമാവും. എന്നാലും പരസ്പരം വക്കാണം കൂടിയും തെറി വിളിച്ചും കല്ലെടുത്തെറിഞ്ഞുമാണ് പോവുന്നത്. എത്ര അടിപിടികൂടിയാലും രണ്ടാളെയും ഒരുമിച്ചല്ലാതെ കണ്ടിട്ടില്ല. ഇവരെ തമ്മിൽ ഇത്ര ഒരുമിപ്പിക്കുന്ന കാര്യം എന്തായിരിക്കുമെന്നോർത്ത് പലപ്പോഴും ചിരി വന്നിട്ടുണ്ട്.

ഒരു ദിവസം രാവിലെ സ്കൂളിൽ പോവാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് രണ്ട് പേരും ഗേറ്റ് കടന്ന് വരുന്നത്. തേക്കിൻ്റെ കൊമ്പൊക്കെ പടർന്ന് പന്തലിച്ചിട്ടുണ്ട്. രോമപ്പുഴുക്കളുടെ ശല്യം വേറെയും. അടുത്ത വീട്ടുകാരും മരത്തിൻ്റെ ചില്ലകൾ വെട്ടിക്കൊടുക്കാൻ പറയാൻ തുടങ്ങിയിട്ട് കുറെയായി. പറമ്പിൽ അടക്ക പറിക്കാനും തേങ്ങയിടാനും എല്ലാം ആയിട്ടുണ്ട്. പക്ഷേ എല്ലാം കൂടി ആളില്ലാത്ത സമയത്ത് അവനെ ഏല്പിച്ചാൽ ചിലപ്പോൾ ശരിയാവില്ല എന്ന് കരുതി പിറ്റേ ദിവസം വരാൻ പറഞ്ഞു. പിറ്റേന്ന് അവധിയാണ്. വേഗം ഗേറ്റ് പൂട്ടി വണ്ടിയെടുത്ത് പോയി. അവർ രണ്ട് പേരും അപ്പോഴും ഗേറ്റിനടുത്തിരുന്ന് വെറ്റില മുറുക്കുകയായിരുന്നു.

പോവുന്ന വഴിക്ക് ഓർത്തതത്രയും കിളിയൻ്റെ അമ്മയെയും അച്ഛനെയും കുറിച്ചായിരുന്നു. ഇതു പോലെ തന്നെ കുളിക്കാതെയും വൃത്തിയില്ലാതെയും നടക്കുന്നവരായിരുന്നു രണ്ട് പേരും. ബസ് സ്റ്റോപ്പിൽ ഉടുത്തൊരുങ്ങി വന്ന് നിൽക്കുന്നവരെ കണ്ടാൽ ഉടനെ ആയമ്മ വന്ന് തോണ്ടി തോണ്ടി കയ്യിലുള്ള അഴുക്ക് മുഴുവൻ ദേഹത്താക്കും. അത് ഭയന്ന് കാണുന്നവരെല്ലാം ആയമ്മയെ കാണുമ്പോഴേ അഞ്ചോ പത്തോ കൊടുത്ത് ഒഴിവാക്കും. ഭാര്യയും ഭർത്താവും തമ്മിൽ വലിയ സ്നേഹമായിരുന്നു. ഒരു ദിവസം ആയമ്മ വീട്ടിൽ വന്നപ്പോൾ ചോറ് കൊടുത്തത് പകുതി കഴിച്ച് കെട്ടിയവന് പൊതിഞ്ഞ് കെട്ടി കൊണ്ടു പോവുന്നത് കണ്ടപ്പോൾ ആ പൊതിയിൽ രണ്ട് പേർക്കുകൂടിയുള്ള ചോറ് കൂടിയിട്ട് കൊടുത്തു. അവർ ഒന്നും സംസാരിക്കില്ല. മുഖത്ത് പോലും നോക്കില്ല. മിക്കപ്പോഴും പീടിക വരാന്തയിൽ രണ്ട് പേരെയും കാണാം അവരുടെ മുഖച്ഛായയുള്ള കുറെപ്പേർ ഗ്രാമത്തിലുണ്ട്. വീടുവീടാന്തരം കേറിയിറങ്ങി ആക്രി സാധനങ്ങളും പ്ലാസ്റ്റിക് സാധനങ്ങളും പെറുക്കി വിൽക്കലാണ് ജോലി. എല്ലാവരും പരസ്പരം ബന്ധുക്കളാണെന്ന് തോന്നുന്നു. ഒരു ദിവസം കേട്ടു ആയമ്മ മരിച്ചു പോയെന്ന്. കഷ്ടം അയാളൊറ്റക്കായല്ലോ എന്ന് സങ്കടം തോന്നി. അത്ഭുതമെന്ന് പറയട്ടെ അന്ന് രാത്രി വെളുത്തപ്പോൾ ഒരു പീടിക വരാന്തയിൽ അയാളും മരിച്ച് കിടക്കുന്നതാണ് കണ്ടത്. മരണത്തിൽ പോലും ഇത്രയും മന:പ്പൊരുത്തം എങ്ങനെ കിട്ടുന്നു എന്ന് അതിശയമായിപ്പോയി.


Related Articles