ഒറ്റപ്പെട്ടുപോയ ഒരു സംഭവം

Short Story

ഒറ്റപ്പെട്ടുപോയ ഒരു സംഭവം


"ഒമ്പത് ബിയിൽ ഗണിതം എടുത്തിരുന്നത് ദീപ ടീച്ചറാണ്. ബോർ​ഡിൽ പ്രോബ്ലം ചെയ്യുന്നതിനിടയിൽ ചോക്ക് തീർന്നുപോകുമ്പോൾ ഫ്ലോ മുറിയാതിരിക്കാനായി ക്ലാസ് ലീഡറെ ചോക്കുമായി അടുത്തു​നിർത്തുന്നത് ടീച്ചറുടെ പതിവാണ്. ക്ലാസ്‌ടെസ്റ്റിൽ ഒരു പ്രോബ്ല​ത്തിന്റെ സ്റ്റെപ്പ് തെറ്റിയതുകാരണം ആ ചോദ്യത്തിന് തീരേ മാർക്ക് കൊടുക്കാതിരുന്നതിൽ ടീച്ചറോടു പ്രതിഷേധിച്ച് ക്ലാസ് ലീഡർ അനുഗ്രഹ ബൈജു അന്ന് ചോക്കുമായി അടുത്തു നിന്നില്ല. ടീച്ചർതന്നെ പോയി ജനലിനരികിലെ ചോക്കുപെട്ടിക്കകത്തു​നിന്നും മുറിച്ചോക്കുകൾ പെറുക്കിയെടുക്കുമ്പോൾ രണ്ട് ചെറിയ പൊതി​കൾ കിട്ടി. പൊതികൾവെച്ചയാളോട് എഴുന്നേറ്റുനിൽക്കണ​മെന്ന് ടീച്ചർ ആവശ്യപ്പെട്ടു. ഒരൊറ്റ കുട്ടിയും എഴുന്നേറ്റില്ല. ആർ​ക്കെ​ങ്കിലും ആളെ അറിയുമെങ്കിൽ ഒരു പേപ്പറിൽ എഴുതി മേശപ്പുറത്തു​വെക്കണമെന്ന് ടീച്ചർ ആവശ്യപ്പെട്ടു. കുട്ടികൾക്കു പേരെഴു​താനായി ടീച്ചർ അഞ്ചു മിനിറ്റ് പുറത്തേക്ക് മാറി നിന്നു. തിരികെവന്നപ്പോൾ ഒരൊറ്റ കുട്ടിയും സംശയമുള്ളയാളിന്റെ പേര് എഴുതി​യിട്ടില്ല. ടീച്ചർ നേരേ ജാഗ്രതാസമിതിയെ അറിയിച്ചു. ജാഗ്രതയുടെ ചാർജുള്ള ബാലകൃഷ്ണൻ പോറ്റി വന്ന് കുട്ടികളെ ചോദ്യം ചെയ്തു. പൊതികൾ കസ്റ്റഡിയിലെടുത്തു. ഒമ്പത് ബിയിലെ സെക്കന്റ് ലീഡർ കിഷോർ ബാബു പറഞ്ഞതുപ്രകാരം ക്ലാസിൽ അന്നു നടന്നതിന്റെ വൺലൈൻ സ്റ്റോറി ഇത്രയാണ്. പിന്നെയുണ്ടാ​യത് കൃഷ്ണദാസ് മാഷൊന്നു പറയാമോ?’’

സി.ഐ. സക്കറിയ വളരെ പതുക്കെ കൃഷ്ണദാസിന്റെ കൈയമർത്തി. കൃഷ്ണദാസ് നെർവസ്സാവുന്നത് ശ്രദ്ധിക്കാതെ ബാക്കി കേൾ​ക്കാൻ മുന്നോട്ടാഞ്ഞിരുന്നു.

"പോറ്റിമാഷ് സ്റ്റാഫ് റൂമിൽ വന്ന് പൊതികൾ തുറന്നുനോക്കുകയാണെന്ന് കണ്ടപ്പോൾ ദീപ മിസ് എന്നെ ഫോണിൽ വിളിച്ച് പെട്ടെന്ന് സ്റ്റാഫ് റൂമിലേക്കുവരാൻ പറഞ്ഞു. എട്ട് ഡിയിൽ സോഷ്യൽ പഠിപ്പിക്കുകയായിരുന്ന ഞാൻ സ്റ്റാഫ് റൂമിലേക്ക് എത്തു​ന്നതുവരെ കരുതിയത് കുട്ടികളെയാരെങ്കിലും ആശുപത്രി​യിൽ കൊണ്ടുപോകാനുണ്ടാവുമെന്നാണ്. ദീപ മിസ് എന്നെ കണ്ടപാടെ പൊതികളിലേക്കു ചൂണ്ടി മൊബൈലിൽ വീഡിയോ എടുക്കാൻ പറഞ്ഞു. എച്ച് എമ്മും സ്റ്റാഫ് സെക്രട്ടറിയും വന്നിട്ട് തുറക്കാമെന്ന് ഞാൻ സജസ്റ്റ് ചെയ്തു. മിസ്സിന്റെ സമാധാനത്തിനായി പൊതികളുടെ നാലഞ്ചു ഫോട്ടോ എടുത്ത് അപ്പോൾതന്നെ മിസ്സിന് ഫോർവാഡ് ചെയ്തു. എച്ച് എമ്മിന്റെ റൂമിലേക്ക് സ്റ്റാഫ് സെക്രട്ടറി ബൈജു​സാറിനെ വിളിച്ചുവരുത്തി ഞങ്ങൾ ഒരു പൊതിതുറന്നു. പോറ്റിമാഷ് തുറന്നപ്പോൾ ഞാൻ വീഡിയോ എടുത്തു. തുറന്നുകിടക്കുന്ന പൊതിയിലേക്കുനോക്കി ഒന്നും പറയാതെ പോറ്റിമാഷ് തിരിഞ്ഞുകളിച്ചപ്പോൾ ദീപ മിസ്സിന് ദേഷ്യം വന്നു. ദീപ മിസ്സ് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു.’’


Related Articles