പകലുകളെല്ലാം എല്ലാവർക്കും ഉള്ളതാണെങ്കിൽ, രാത്രികളെല്ലാം എല്ലാവർക്കും ഉള്ളതാണെങ്കിൽ, സകല ചരാചരങ്ങളെയും മറച്ചു പിടിച്ച ആ രാത്രി ഞങ്ങൾക്കുവേണ്ടി മാത്രം കരുതിവെച്ചതായിരുന്നു: ഞങ്ങൾക്കുവേണ്ടി മറ്റാരോ, ഒരുപക്ഷെ ദൈവംതന്നെ, കൊത്തിയെടുത്തതായിരുന്നു ആ രാത്രി. അങ്ങനെ മാത്രമേ എനിക്ക് ആ രാത്രിയും അതിനുമുമ്പേ വന്ന മറ്റൊരു രാത്രിയും ഇപ്പോൾ ഓർക്കാൻ പറ്റുന്നുള്ളൂ. അങ്ങനെയാണ് അന്ന്, രാത്രി വളരെ വൈകി, ഞങ്ങൾ, രാഘവനും ഞാനും, 'മിസ്റ്റ്' എന്ന് പേരുള്ള ആ ബ്യൂട്ടി പാർലർ തച്ചുപൊളിക്കാനും കൊള്ളയടിക്കാനും എത്തിയത്.
അപ്പുവിനും ഒപ്പം.
അപ്പു രാഘവന്റെ നായയാണ്.
വായക്കു ചുറ്റും കറുപ്പ് നിറമുള്ള, ഉടൽ മണ്ണിന്റെ നിറമുള്ള, അപ്പുവിനെ കൊള്ളസംഘത്തിലെ പ്രാധാന അംഗം എന്നാണ് രാഘവൻ എനിക്ക് പരിചയപ്പെടുത്തിയത്. ''ഇരുട്ടിലും മണ്ണിലും ഒരുപോലെ അപ്പു അവനെ കാണാതാക്കും'', രാഘവൻ എന്നോട് പറഞ്ഞു.
