കൈയാമം

Short Story

കൈയാമം


ഖാൻ യൂനിസിന്റെ തെക്കൻഭാഗത്ത് മണലും പൊടിയും കലർന്ന ഒരു ചെറിയ കുന്നിനുചുറ്റും തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടന്നു.

തന്റെ തകർന്ന വീടിന്റെ വാതിൽപ്പടിയിൽ കീറിപ്പറിഞ്ഞ വസ്ത്രവുമായി ഒരു വൃദ്ധൻ തല കുമ്പിട്ടിരിക്കുന്നു. കൈയിലൊരു താക്കോൽക്കൂട്ടം മുറുകെപ്പിടിച്ചിട്ടുണ്ട്. അയാളുടെ കണ്ണുകൾ മുന്നിൽ തകർന്നുകിടക്കുന്ന വാതിലിന്റെ താക്കോൽ പഴുതിലായിരുന്നു. അകലെ എവിടെയോ ഒരു സ്ഫോടനശബ്ദത്തിൽ അയാളുടെ കൈയിലിരുന്ന താക്കോൽക്കൂട്ടം വിറകൊണ്ടു. ഗാസയുടെ വായുവിൽ കരിഞ്ഞ ഇരുമ്പിന്റെയും പൊടിയുടെയും മാംസത്തിന്റെയും മിശ്രിതഗന്ധം ഒഴുകിനടന്നു.

ഗാസയുടെ മറ്റൊരു ഭാഗമായ ബെയ്ത് ഹനൂണിൽ ഒരു തകർന്ന കെട്ടിടത്തിന്റെ മുകളിൽനിന്ന് ചുറ്റും നിരീക്ഷിക്കുകയായിരുന്ന പട്ടാളക്കാരൻ ദൂരെയൊരു നിഴലനക്കം കണ്ട് ബൈനോക്കുലറെടുത്തു.

മുഷിഞ്ഞ് പൊടിതിന്ന നീളൻ കറുത്ത വസ്ത്രം നിലത്തിഴച്ചുകൊണ്ട് പതിനെട്ടുകാരിയായ ലൈല വേച്ചു വിറച്ച് നടന്നു. ചെരുപ്പ് നഷ്ടപ്പെട്ട കാലിൽ പൊടിഞ്ഞ ചോരയിൽ പൊടിമണ്ണ് ആവരണം തീർത്തിരുന്നു. കണ്ണുകളിൽ ഉറക്കമില്ലാത്ത രാത്രികളുടെ ഭയം തളംകെട്ടിനിന്നു. വരണ്ടുകീറിയ ചുണ്ടുകളിൽ വേദന മരവിച്ചിരുന്നു.


Related Articles