ഗോർട്ടിയിൽ അന്നു വൈകുന്നേരം നടക്കുന്ന ഫുട്‌ബോൾമത്സരത്തിന്റെ ഫൈനൽക്കളിയെപ്പറ്റി ആലോചിച്ചാലോചിച്ചാണ് ഉച്ചതെറ്റിക്കഴിഞ്ഞ് കൊച്ചാപ്പു അമ്മിണിപ്പയ്യിനെ പുല്ലുതീറ്റിക്കാൻ നാരായണൻ കൈക്കോറുടെ ആളില്ലാപ്പറമ്പിലേക്ക് കയറിയത്.
മുറ്റി നിൽക്കുന്ന പുൽപ്പറമ്പാണ്. നിറച്ച് കീരിമാളങ്ങളുണ്ടെങ്കിലും പാമ്പുകൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. ഇന്നാളൊരു ദിവസം ഒരു യമണ്ടൻ വളയെളപ്പനേയും തെളിച്ച് ഒരു കീരി കേറിപ്പോകുന്നതും കൊച്ചാപ്പു കണ്ടിരുന്നു. അതിരിനിട്ട കമ്പിവേലിയുടെ പടിഞ്ഞാറുവശം മുഴുവൻ പൊളിഞ്ഞുകിടപ്പാണ്. അതുവഴി ആരൊക്കെയോ രാത്രി പറമ്പിൽകേറി മേയുന്നുണ്ട്. കരിക്കു മോഷണം ഈയിടെ പതിവായിട്ടുണ്ടെന്ന് കേട്ടിരുന്നു.
പുൽപ്പറമ്പിലേക്ക് പശുവിന്റെ കയർനീട്ടിവിട്ട് കൊച്ചാപ്പു വഴിക്കരികിൽത്തന്നെ നിന്നു. ചക്കയും മാങ്ങയും വീണ് അവിടെക്കിടന്ന് ചീഞ്ഞുപോയാലും ഒരാളും അതെടുത്തുകൊണ്ടുപോവാൻ കൈക്കോർ സമ്മതിക്കില്ല. അറുത്ത കയ്യ്ക്ക് ഉപ്പുതേക്കാത്തവനാണ് കൈക്കോർ. പുല്ലെങ്കിൽ പുല്ല്. പൈ മേയുന്ന കണ്ടാൽപ്പോലും അയാൾ അവറ്റയെ ഓടിച്ചുവിടും. അമ്മിണിപ്പയ്യിന്റെ കറവവറ്റിയിട്ട് കാലം കുറേയായിരുന്നു. പുറത്തേക്കങ്ങനെ മേയാനൊന്നും വിടാറില്ല. അമ്മിണിപ്പയ്യിന്റെ അന്നത്തെ തീറ്റ അവസാനത്തേതാണ്. ആലയിൽനിന്ന് കുറെക്കാലംകൂടി പുറത്തിറങ്ങിയതുകൊണ്ടുതന്നെ അമ്മിണിപ്പയ്യിന് നല്ല സന്തോഷം തോന്നുന്നുണ്ട്. ഉമ്പായി മാപ്ലയ്ക്കു ഇന്നു പശുവിനെ കൈമാറും. അയാൾ കൊല്ലുകയോ പോറ്റുകയോ ചെയ്യും. അയാൾ അറവുകാരനായതുകൊണ്ട് ആദ്യം വിചാരിച്ചതേ നടക്കൂ. ഒന്നും നേരെചൊവ്വേ ചെയ്യാൻ പറ്റാതാകുന്ന മനുഷ്യരേയും ഇങ്ങനെ അറവുകാർക്ക് വിൽക്കാൻ കഴിയുന്ന ഒരേർപ്പാടുണ്ടായിരുന്നെങ്കിൽ തന്റെ കയ്യിലും കുറെ കാശുവന്നേനെയെന്ന് കൊച്ചാപ്പു ചിന്തിച്ചു.
