ഞങ്ങളുടെ വീടിന് കുറച്ച് അപ്പുറത്തായിരുന്നു കാട്. അട്ടം മുട്ടെ മരങ്ങൾ, പച്ചത്തഴപ്പ്, അകത്തേയ്ക്കടുപ്പിക്കുന്ന അരണ്ട വെളിച്ചം ഒക്കെ കാണാൻ കൊതിച്ച് കാട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ എനിക്കൊപ്പം വരാതിരിക്കാൻ ഒന്നാന്തരം കഴിവോടെ അവൻ ഓരോ ഒഴിവ് പറയും. ഒറ്റയ്ക്ക് പോകാനുള്ള പേടി കാരണം ഞാൻ പിന്തിരിയും.
പക്ഷേ അവന്റെ അമ്മയെ വെട്ടിച്ച് കാട്ടിൽ ചിലപ്പോഴൊക്കെ അവൻ കയറും. കണ്ടതിനെപ്പറ്റിയൊക്കെ കാട് കയറിപ്പറയും. തെളിവായി മുള്ളൻ പന്നിയുടെ മുള്ള്, പക്ഷിത്തൂവലുകൾ,ഇതു വരെ കാണാത്ത പൂവ്, ബുക്കിനിടയിൽ വച്ച് ഉണക്കിയെടുത്ത ഇലകൾ ഒക്കെ കാണിക്കും. നിന്നും നടന്നും ഓരോ ഗോഷ്ഠികൾ കാണിച്ചുമൊക്കെയാണ് അവന്റെ കഥ പറച്ചിൽ.
“നടന്ന് നടന്ന് നടുക്കെത്തുമ്പോൾ ഒരു വെള്ളച്ചാട്ടമുണ്ട്. ആ വശത്തെ പാറയിലൂടെ ഞാൻ വലിഞ്ഞു കയറും. മുകളിലെത്തി മുന്നോട്ട് പോകുമ്പോൾ മരങ്ങളില്ലാത്ത വെളിച്ചമുള്ള ഒരിടം. അവിടം മുഴുവൻ വയലറ്റ് പൂക്കളാണ്. കമ്മൽപ്പൂക്കളെപ്പോലെ. അതിനും കുറേ അപ്പുറത്തായാണ് മയിലുകളെ കണ്ടത്. കുരങ്ങന്മാരുമുണ്ട്. കുഞ്ഞൻ കുരങ്ങന്മാരുടെ കസർത്ത് രസമാണ് കണ്ടിരിക്കാൻ.”
