മഴക്കാലം കഴിഞ്ഞിരുന്നില്ല.വെയിൽ തെളിഞ്ഞിരുന്നെങ്കിലും ഇടയ്ക്കിടെ കാർമേഘങ്ങൾ കൂട്ടമായി മല ഇറങ്ങി വന്ന് വലിയ തുള്ളികളിൽ ആർത്തു പെയ്ത് ഒന്നും അറിയാത്ത പോലെ എവിടേക്കോ പൊയിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഇരുട്ടിക്കഴിഞ്ഞാണ് വയലുകൾക്കു നടുവിൽ, കുന്നുകളിലേക്ക് പോകുന്ന റോഡിൽ, അമലിന്റെ കാർ നിന്നുപോയത്. പെയ്തു തോർന്ന ആകാശത്ത് നിലാവ് വിളറി നിൽപ്പുണ്ടായിരുന്നു. ഇടവേളയില്ലാതെ ചീവീടുകളും തവളകളും വയലുകളുടെ പാട്ടുകൾ പാടുന്നത് അമൽ കേൾക്കുന്നുണ്ടായിരുന്നില്ല. അപ്പോഴും കാറിനകത്ത് പാടുന്ന ഏ ആർ റഹ്‌മാന്റെ താളത്തിനൊത്ത് ചെറുതായി ചലിച്ച് വണ്ടി മുന്നോട്ട് നീക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ. അത് നടക്കുന്ന കാര്യമല്ല എന്ന് മനസ്സിലായപ്പോൾ അവൻ ഇംഗ്ലീഷിൽ ഒരു ചെറിയ തെറിയും മലയാളത്തിൽ മുഴുത്ത ഒന്നും വിളിച്ച് വളയത്തിൽ ഇടിച്ചു. പാതിരാവൊന്നും ആയിട്ടില്ല, എങ്കിലും അടുത്ത് എവിടെയും ജനവാസമില്ല എന്ന് സംശയിക്കാൻ മാത്രം വിജനമായിരുന്നു ആ സ്ഥലം. കുറച്ചു നേരം അതേ ഇരിപ്പ് ഇരുന്നപ്പോൾ താൻ പെട്ടത് എവിടെയാണെന്ന്അവന് മനസ്സിലായി. പെരുമഴയായി വരാൻ തുടങ്ങിയ ഓർമ്മകളെ തടയാനെന്നോണം അവൻ താമരയെ ഓർത്തു.
''മോശം ഓർമ്മകൾ കാഴ്ച്ചക്കാർക്ക് റോൾ ഒന്നും ഇല്ലാത്ത സിനിമകൾ പോലെയാണ്. തെറ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയാത്ത പക്ഷംകണ്ടു മറക്കുകയാല്ലാതെ വേറെ വഴിയോന്നുമില്ല'' അവളുടെ തിയറിയോർത്തപ്പോൾ മറക്കേണ്ടതൊക്കെ കൂടുതൽ ശക്തിയോടെ അവന്റെമനസ്സിലേക്ക് ഇരച്ച് വരികയാണുണ്ടായത്. ഓർമ്മയിൽ മുഴുവൻ ആ നാട് ആണെങ്കിലും അവിടത്തെ ഇപ്പോഴത്തെ അവസ്ഥയോ നാട്ടുകാരെയോ അവന് അറിയില്ലായിരുന്നു. എന്നിട്ടും അവൻ ഫോണെടുത്ത് ആരെയിങ്കിലും കിട്ടുമോ എന്ന് പരിശോധിച്ചു. പക്ഷേവയസ്സായ ചില ബന്ധുക്കളുടെ നമ്പരുകൾ ഒഴികെ ആ നാടുമായി ബന്ധപ്പെട്ട ഒന്നും അവനു കണ്ടെത്താൻ കഴിഞ്ഞില്ല.കുട്ടിക്കാലത്ത് കൂടെ പഠിച്ചവരുടേയും കളിച്ചവരുടേയും കുറച്ചു പേരുകൾ ഓർത്തെടുക്കാനായതിൽ സന്തോഷം തോന്നിയെങ്കിലും ആ ഇരുട്ടിൽ നിന്നും തന്നെ പുറത്തു കടത്താൻ ആരുമില്ലെന്ന് അവനു മനസ്സിലായി. എത്ര കാലത്തിനു ശേഷമാണ് ചുരം കയറി അവിടേക്ക് വരുന്നത് എന്ന് അവൻ അതിശയത്തോടെ ഓർത്തു. പിന്നെ വിളിക്കേണ്ടത് താഴെ നഗരത്തിൽ ഉള്ള സുഹൃത്തുക്കളെയാണ്. അവരിൽ മിക്കവരേയും എഞ്ചിനിയറിംഗ് കഴിഞ്ഞതിനു ശേഷം ആദ്യമായാണ് കാണുന്നത്.ഗെറ്റ് ടുഗദറിൽ പങ്കെടുത്തത് താമരയുടെ നിർബന്ധം കൊണ്ട് മാത്രമാണ്. ലോക്ഡൗൺ കഴിഞ്ഞപ്പോഴേക്കും അവന് മനുഷ്യരുടെ എല്ലാ ഗുണങ്ങളും നഷ്ടപ്പെട്ടു എന്നവൾ കളിയായി പറഞ്ഞത് കൊണ്ടു മാത്രമല്ല ഒന്ന് പുറംലോകം കാണാനും ആരോടെങ്കിലും മിണ്ടാനും അവൻ ആഗ്രഹിച്ചിരുന്നു. താമരയെകൂടെ കൂട്ടാമായിരുന്നു എന്നോർത്ത് അമൽ ഇരുട്ടിലേക്ക് നോക്കി നേരത്തേ വിളിച്ച തെറികൾ ആവർത്തിച്ചു. അവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് അവൻ നിരാലംബനായി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.
