നീണ്ട മുപ്പത് വർഷം ആരാലും തിരിഞ്ഞു നോക്കാതെ കിടന്ന പുരയിടം അമ്മയുടെ മരണശേഷമാണ് അച്ഛൻ എന്റെ പേരിലേക്ക് എഴുതിത്തന്നത്.
വസ്തു അളന്ന് തിട്ടപ്പെടുത്താൻ വന്ന ചാരുമ്മൂട്ടിൽ ഈപ്പൻ എന്ന റിട്ടേർഡ് സർവ്വേയർ എത്ര അളന്ന് മറിച്ചിട്ടും ഭൂമി നാലര സെൻ്റിനപ്പുറം കൂടിയില്ല. അയൽപക്കത്തെ മൂന്ന് മതിലുകൾ രണ്ടു പേർക്കിരിക്കാവുന്ന ഒരു സീറ്റിൽ കാലും കവച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരു യാത്രക്കാരനെപ്പോലെ എന്റെ അര സെന്റ് കൂടി വിഴുങ്ങിനിന്നു.
"ആന്താനും കൂന്താനും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെയിരിക്കും"
മണ്ഡരി പിടിച്ച തെങ്ങുകളിൽ ഒന്ന് കാറി ചുമച്ചു കൊണ്ട് അന്നേരം പറഞ്ഞു.
